19 April 2024, Friday

വിപ്ലവത്തിന്റെ ഈരടികളിലേക്ക് കാലം എതിരേറ്റു; സമരവഴികളിലെ നിത്യ യൗവ്വനമായി പി കെ മേദിനി

സ്വന്തം ലേഖകൻ
October 20, 2021 3:13 pm

വിപ്ലവത്തിന്റെ ഈരടികളിലേക്ക് കാലം എതിരേറ്റ പടപ്പാട്ടുകാരി പി കെ മേദിനിയുടെ മനസ്സില്‍ ഇന്നുമുണ്ട് 75 ആണ്ടുകൾക്ക് മുൻപ് നടന്ന പുന്നപ്ര‑വയലാർ സമരത്തിന്റെ ഉറവ വറ്റാത്ത ഓർമ്മകൾ. സമരപഥങ്ങളിൽ തളരാതെ മുന്നേറുവാൻ ഒരു നാടിനൊന്നാകെ ശക്തി പകർന്ന സ്വരമാധുര്യമാണ് സമരവഴിയിലെ നിത്യ യൗവ്വനമായ പി കെ മേദിനിയുടെത്. മനസ്സു നന്നാവട്ടെ, റെഡ്സല്യൂട്ട് തുടങ്ങിയ ഗാനങ്ങളിലൂടെ പെയ്തിറങ്ങിയ ആ ശബ്ദഗാംഭീര്യത്തിന് ഇന്നും പതിനെട്ടിന്റെ ചെറുപ്പം. എട്ടാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ മേദിനി 88-ാം വയസ്സിലും പ്രായത്തിന്റെ അവശതകൾ മറന്ന് സംഘടനാ പ്രവർത്തനങ്ങളില്‍ സജീവം. ഉച്ചനീചത്വങ്ങളും ജാതി വൈകൃതങ്ങളും അരങ്ങ് വാണ കാലം. ദരിദ്ര കുടുംബത്തിൽ ആയിരുന്നു മേദിനിയുടെ ജനനം. മൂത്ത സഹോദരൻ ബാവ മുഴുവൻ സമയ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ. മറ്റൊരു സഹോദരൻ ശാരംഗപാണിയുടെ തുന്നൽ ജോലിയിലൂടെ ലഭിക്കുന്ന തുച്ഛമായ തുക മാത്രമായിരുന്നു കുടുംബത്തിലെ ഒരേയൊരു വരുമാനം. സ്വന്തമായി ഭൂമിയില്ല. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനോട് ചേർന്നുള്ള തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിലെ സന്ദർശനമാണ് വിപ്ലവ ഗാനത്തിലേക്ക് ശ്രദ്ധ തിരിപ്പിച്ചത്. 

ആദ്യമായി പൊതുവേദിയിൽ പാടുന്നത് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്തിലാണ്. പതിനായിരങ്ങൾ പങ്കെടുത്ത പൊതുയോഗം. വൈദ്യുതിയും മൈക്കുമില്ലാത്ത കാലം. വേദിയിലും സദസ്സിലും വെളിച്ചം പകർന്നത് പെട്രോൾമാക്സും. പി ടി പുന്നൂസ് പങ്കെടുത്ത ആ യോഗം മേദിനിയുടെ മനസിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. പിന്നീട് യൂണിയൻ സമ്മേളനങ്ങളിലും പാർട്ടി യോഗങ്ങളിലും അഭിഭാജ്യഘടകമായി മേദിനിയുടെ പാട്ടുകൾ മാറി. ജനങ്ങളെ ആകർഷിക്കാൻ ‘ഉച്ച ഭാഷിണിയും പി കെ മേദിനിയുടെ പാട്ടും’ യോഗത്തിൽ ഉണ്ടാകുമെന്ന് സംഘടകർ അറിയിപ്പും നൽകുമായിരുന്നു. യോഗത്തിനും മുൻപും ഓരോ പ്രസംഗത്തിന് ശേഷവും വിപ്ലവ ഗാനങ്ങൾ ഉണ്ടാകും. മേദിനിയും അനുസൂയയും കെ മീനാക്ഷിയും ഉൾപ്പെട്ട ഗായക സംഘം ഏറെ ജന ശ്രദ്ധ നേടി. 

19-ാം വയസ്സിൽ എൻ കെ രാഘവനാണ് പി കെ മേദിനിക്ക് പാർട്ടി മെമ്പർഷിപ്പ് നൽകിയത്. എം എൻ ഗോവിന്ദൻനായർ, ടി വി തോമസ്, സി കെ ചന്ദ്രപ്പൻ, വെളിയം ഭാർഗ്ഗവൻ തുടങ്ങിയ നേതാക്കളോടൊപ്പമുള്ള പ്രവർത്തനം നൽകിയത് വലിയ അനുഭവസമ്പത്തായിരുന്നുവെന്ന് മേദിനി പറയുന്നു. കെ ആർ ഗൗരിയമ്മയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ച മേദിനിയെ അവരുടെ വേർപാട് ഏറെ വേദനിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും ഇപ്റ്റ, യുവകലാസാഹിതി, വനിതാസാഹിതി, മഹിളാസംഘം എന്നീ രംഗങ്ങളിലും തന്റെ മികവ് തെളിയിച്ചു. ഒട്ടേറെ അവാർഡുകളും മേദിനിയെ തേടിയെത്തിയിട്ടുണ്ട്. 

പതിനായിരത്തിൽ അധികം വേദികൾ കീഴടക്കിയ ഈ വിപ്ലവഗായികയ്ക്ക് അനിൽ നഗേന്ദ്രൻ, പി കൃഷ്ണപിള്ളയുടെ ജീവിതം പ്രമേയമാക്കി സംവിധാനം ചെയ്ത വസന്തത്തിന്റെ കനൽ വഴികൾ എന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും മറ്റൊരു അംഗീകാരമായി. വേദികൾ തോറും കേരളത്തിലെങ്ങോളമിങ്ങോളം പ്രസംഗിച്ചും പാട്ടുപാടിയും പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ കഴിയുന്നത് തന്റെ ദൗത്യമാണെന്നാണ് പി കെ മേദിനിയുടെ പക്ഷം. പുന്നപ്ര ‑വയലാർ വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ വലിയചുടുകാട്ടിൽ പതാക ഉയർത്തുന്നത് പി കെ മേദിനിയാണ്.

Eng­lish Sum­ma­ry : pk medi­ni spe­cial story

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.