കാട്ടുമുയലിറച്ചി കഴിച്ചു: നിരവധി പേർക്ക് പകർച്ചവ്യാധി ഭീഷണി

Web Desk
Posted on November 22, 2019, 12:11 pm

ബീജിംഗ്: കാട്ടുമുയലിറച്ചി കഴിച്ച നിരവധി പേർക്ക് പകർച്ചവ്യാധി ഭീഷണി. മുയലിറച്ചി കഴിച്ചയാൾക്ക് പ്ലേഗ് സ്ഥിരീകരിച്ചു. ചൈന- മംഗോളിയ അതിർത്തിയിലുള്ള ഒരു പ്രദേശത്താണ് 55 കാരനായ ഒരാൾ മുയലിനെ വേട്ടയാടി കൊന്നുതിന്നത്. ഇയാൾ ഭക്ഷിച്ച മുയലിന് ബ്യൂബോണിക് പ്ലേഗ് എന്ന അസുഖമുണ്ടായിരുന്നു.

ഹ്യൂഡേ പ്രവിശ്യയിലെ താമസക്കാരനാണ് വേട്ടക്കാരൻ. വേട്ടക്കാരനെയും അയാളുമായി നേരിട്ടു ബന്ധപ്പെട്ട മുപ്പതിലധികം പേരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഈ രോഗാണു പകരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ആളുകളെ മോചിപ്പിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം എങ്ങനെയാണ് വേട്ടക്കാരനിൽനിന്ന് മറ്റ് രണ്ട് പേരിലേക്ക് രോഗം ബാധിച്ച ബാക്ടീരിയ എത്തിയതെന്നു വ്യക്തമല്ല.

മുയലിനെ തിന്ന വേട്ടക്കാരനിലും മറ്റ് രണ്ട് പേരിലും ഇതിനകം പ്ലേഗ് പരത്തുന്ന രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതേസമയം മറ്റാരിലും ഇതുവരെ ഈ അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. എല്ലാവിധ ചികിത്സാ സംവിധാനങ്ങളുമുള്ള കെട്ടിടത്തിലാണ് ഇവരെയെല്ലാം താമസിപ്പിച്ചിരിക്കുന്നത്.