തിരുവനന്തപുരത്ത് വിമാനത്തില്‍ പട്ടം തട്ടി, ഒഴിവായത് വന്‍ദുരന്തം; രക്ഷയായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍; പൈലറ്റ് ചെയ്‌തത്‌

Web Desk

തിരുവനന്തപുരം

Posted on January 16, 2020, 11:03 am

തിരുവനന്തപുരത്ത് ലാൻഡിംഗിനൊരുങ്ങിയ വിമാനത്തിൻറെ എഞ്ചിനിൽ പട്ടം തട്ടി. ഒഴിവായത് വൻ ദുരന്തം. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.

വിമാനത്തിൻറെ എഞ്ചിനിലാണ് പട്ടം തട്ടിയത്. ഇതോടെ വിമാനത്തിന് തീപിടിക്കുമെന്ന് ഭയന്ന പൈലറ്റ് വിമാനം ചെറുതായി ചെരിച്ചു. ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു. തുടർന്ന് എയർ ട്രാഫിക്ക് കണ്ട്രോൾ ടവറിൽ പൈലറ്റ് റിപ്പോർട്ടും ചെയ്‍തു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായതെന്നാണ് പൈലറ്റിൻറെ റിപ്പോർട്ട്. മാലദ്വീപിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലദ്വീപ് എയർലൈൻസിൻറെ എയർ ബസ് 320 ആണ് വ്യോമപാതയിൽ നാട്ടുകാർ പറത്തിയ പട്ടങ്ങളിൽ തട്ടിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടം. സംഭവത്തിനു ശേഷം വിമാനത്താവള അധികൃതരുടെ പരാതിയിൽ വലിയതുറ പൊലീസ് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി. വലിയതുറ, മുട്ടത്തറ സ്വീവേജ് ഫാം, പൊന്നറ സ്‍കൂൾ, പരുത്തിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വ്യോമപാതയിൽ പട്ടം പറത്തുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് തുടരുന്നതായാണ് റിപ്പോർട്ടുകൾ.

YOU MAY ALSO LIKE THIS VIDEO