ശരീരത്തിൽ ബോംബ് കെട്ടിവെച്ചിട്ടുണ്ടെന്ന യാത്രക്കാരിയുടെ ഭീഷണിയെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രി 9.57ന് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയർഏഷ്യ I5316 വിമാനമാണ് യാത്ര അവസാനിപ്പിച്ച് തിരിച്ചിറക്കിയത്.
മോഹിനി മോണ്ടാൽ (25) എന്ന യുവതിയാണ് വിമാനം പറന്നുയർന്ന് അല്പസമയം കഴിഞ്ഞപ്പോൾ കാബിൻക്രൂവിന്റെ കൈവശം ഒരു കുറിപ്പ് കൊടുത്തുവിട്ടത്. തന്റെ ശരീരത്തിൽ ബോംബ് കെട്ടിവെച്ചിട്ടുണ്ടെന്നും ഏതുനിമിഷം വേണമെങ്കിലും താനത് പൊട്ടിക്കുമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
കുറിപ്പ് വായിച്ച പൈലറ്റ് എയർട്രാഫിക് കൺട്രോളറെ ബന്ധപ്പെടുകയും ഭീഷണിയെ കുറിച്ച് ബോധ്യപ്പെടുത്തി തിരിച്ചിറങ്ങാൻ അനുമതി തേടുകയുമായിരുന്നു. രാത്രി പതിനൊന്നോടെ വിമാനം തിരിച്ചിറക്കി. സംഭവത്തെ തുടർന്ന് യുവതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു.