Web Desk

ന്യൂഡൽഹി

June 07, 2020, 6:17 pm

കൈവിട്ടുപോകുന്ന കരുതൽ… ഇളവുകൾ പിൻവലിക്കുന്നു? രാജ്യം വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്‌?

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തില്‍ രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേയ്ക്കെന്ന് സൂചന. നാലാം ഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേയ്ക്ക് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടു കൂടി രോഗബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പലയിടത്തും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നു എന്നതാണ് പോസിറ്റീവ് കേസുകള്‍ കൂടുതലാകുവാനുളള പ്രധാന കാരണം.

ഇളവുകളിൽ കൃത്യമായ മാർഗരേഖകൾ വേണമെന്നാണ് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി. ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുളളത് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ്. 1,20,406 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,929 ആയി. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലും അടഞ്ഞു കിടക്കും.

വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇനി രാത്രി ഒമ്പത് മണി മുതലായിരിക്കും തുടങ്ങുക. അതിതീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും എന്നാണ് ലഭ്യമായ വിവരം. നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ പൊതുയിടങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടാകും. നാലാംഘട്ട ലോക്ക്ഡൗണിൽ ട്രെയിൻ സർവീസുകളും ആഭ്യന്തര വിമാന സർവീസുകളും ആരംഭിച്ചിരുന്നു. രാജ്യത്തെ മെട്രോ സർവീസുകളും, അന്താരാഷ്ട്ര വിമാന സർവീസുകളും ആരംഭിച്ചിരുന്നില്ല. അടുത്ത ഘട്ടത്തിൽ ഈ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇവ പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ലോക്ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിലും ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ ഇളവുകള്‍ നടപ്പാക്കിയാല്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവാകും ഉണ്ടാകുക.

നിലവില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിൻ, എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ രോഗവ്യാപന തോതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. വിദഗ്ദ സമിതിയുടെ കണക്ക് പ്രകാരം ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ മാത്രം ഒരു ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‍ഡല്‍ഹിയില്‍ 25000 കോവിഡ് കേസുകളാണ് നിലവില്‍ ഉള്ളത്. 14, 15 ദിവസത്തിനുള്ളിലാണ് രോഗം ഇരട്ടിക്കുന്നത്. ഈ സ്ഥിതിയില്‍ പോകുകയാണെങ്കില്‍ പകുതിയോടെ 50,000 കേസുകള്‍ ഉണ്ടാകുമെന്നും മാസാവസാനത്തോടു കൂടി ഒരു ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈ, അഹമ്മദാബാദ്, എന്നിവിടങ്ങളിലെ സ്ഥിതിയെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൂടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.