February 4, 2023 Saturday

കശുമാങ്ങയിൽ നിന്നും പാനീയം ഓസിയാനയുമായി പ്ലാന്റേഷൻ കോർപ്പറേഷൻ

Janayugom Webdesk
കോട്ടയം
October 27, 2020 5:57 pm

കശുമാങ്ങയിൽ നിന്നും കാർബണേറ്റ് ചെയ്ത പാനീയവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ. ഓസിയാന എന്ന് പേരിട്ടിരിക്കുന്ന പാനീയം ഇന്ന് വിപണിയിലെത്തും. വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ രംഗത്തെത്തിക്കുന്നതിന്റെ ഭാഗമായാണ് പ്ലാൻറേഷൻ കോർപ്പറേഷൻ പുതിയ സംരഭവുമായി എത്തുന്നത്.

കശുവണ്ടി സംഭരണത്തിന് ശേഷം ഉപേക്ഷിക്കുന്ന കശുമാങ്ങയിൽ നിന്നും സോഫ്റ്റ് ഡ്രിങ്ക് നിർമ്മിക്കാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് പുതിയ ആശയം. കാസർഗോഡ് ജില്ലയിൽ കാസർഗോഡ്, ചീമേനി, രാജപുരം എസ്റ്റേറ്റുകളിലും, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്നിവടങ്ങളിൽ കോർപ്പറേഷന് സ്വന്തമായി കശുമാവിൻ തോട്ടങ്ങളുണ്ട്. കൂടാതെ കോഴിക്കോട് പേരാമ്പ്രയിലും, തൃശൂർ, എറമാകുളം ജില്ലയിലും തോട്ടങ്ങൾ ഉണ്ട്. ആകെ 5500 ഹെക്ടറിലാണ് കോർപ്പറേഷൻ കശുമാവ് കൃഷി ചെയ്യുന്നത്. 8000 ടണ്ണിലേറെ കശുമാങ്ങയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. കശുവണ്ടി വിളവെടുപ്പിന് ശേഷം കശുമാങ്ങ പാഴാക്കുകയാണ് പതിവ്. ഈ അവസരത്തിലാണ് കേരളസർവ്വകലാശാല കശുമാങ്ങയിൽ നിന്നും പാനീയം ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇതോടെ മന്ത്രി വി എസ് സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം സർവ്വകലാശാല അധികൃതരുമായി ചേർന്ന് പുതിയ സംരഭത്തിനുള്ള പദ്ധതി തയ്യാറാക്കി.

കാസർഗോഡ് മൂളിയാറിലാണ് ഓസിയാന നിർമ്മാണ യൂണിറ്റ്. അനാർകാഡിയം ഓക്സിഡന്റൽ എന്ന കശുമാവിന്റെ ശാസ്ത്രീയ നാമത്തിൽ നിന്നുതന്നെയാണ് ഓസിയാനയുടെ പിറവിയെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ എം ഡി ബി പ്രമോദും ചെയർമാൻ എ കെ ചന്ദ്രനും ചൂണ്ടിക്കാട്ടി. ഓക്സിഡന്റൽ എന്ന വാക്കിന്റെ ആദ്യാക്ഷരങ്ങളും അനാർകാഡിയത്തിന്റെ ആദ്യാക്ഷരങ്ങളും ചേർത്താണ് പാനീയത്തിന്റെ പേരായ ഓസിയാനയുടെ നാമകരണം. നിലവിൽ 300 എം എൽ പാക്കിലാണ് പുറത്തിറങ്ങുന്നത്. 25 രൂപയാണ് കുപ്പിയൊന്നിന് വില. കൃത്രിമ രുചിയോ മണമോ ചേർക്കാത്ത പാനീയത്തിൽ കശുമാങ്ങയുടെ സ്വാഭാവിക ഗുണങ്ങളെല്ലാം നിലനിർത്തിയാണ് നിർമ്മാണം. കശുവണ്ടിയിൽ സ്വാഭാവികമായുള്ള കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വൈറ്റമിൻ സി, കാൽസിയം എന്നിവയെല്ലാം പാനീയത്തിലുമുണ്ട്. നിലവിൽ പ്ലാസ്റ്റിക് ബോട്ടിലിലാണ് വിതരണമെങ്കിലും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആകർഷണീയമായ പാക്കിൽ പുറത്തിറക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ പ്രതിദിനം ആയിരം ലിറ്റർ പാനീയം ഉൽപ്പാദിപ്പിക്കാനാണ് നീക്കം. 2020–2021 പദ്ധതിയിൽ രാഷ്ട്രീയ കിസാൻയോജന പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ സർക്കാർ പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ടെന്നും ഇത് കൂടി ലഭ്യമായാൽ ഉൽപ്പാദനം കൂടുതൽ കാര്യക്ഷമമാക്കുമെന്നുും അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തുക ലഭ്യമാവുന്നതോടെ പ്രവർത്തനം പൂർണ്ണമായും യന്ത്രവത്ക്കരണത്തിലേക്ക് മാറ്റാനാവും. ഇതോടെ ഉൽപ്പാദനം പ്രതിദിനം 5000 ലിറ്ററിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എം ഡി ബി പ്രമോദ് പറഞ്ഞു. പ്രവർത്തനം അതിന്റെ പൂർണ്ണതയിലെത്തുന്നതോടെ പ്ലാന്റേഷൻ തോട്ടങ്ങളുടെ സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിൽ നിന്നുള്ള കശുമാങ്ങ കൂടി വില നിശ്ചയിച്ച് എടുക്കാനാവും. ഇതോടെ ഉൽപ്പാദനവും വിപണനവും കാര്യക്ഷമമമാക്കുന്നതിനൊപ്പം മറ്റ് കർഷകർക്ക് കൂടി സഹായം ലഭിക്കുന്ന സ്ഥിതിയുണ്ടാവുമെന്നും ചെയർമാൻ എ കെ ചന്ദ്രൻ ചൂണ്ടിക്കാട്ടി.

സീസണിൽ കശുമാങ്ങ ലഭ്യമാവുന്ന മുറയ്ക്ക് ഇവ സംഭരിച്ച് സിറപ് രൂപത്തിലാക്കും. പിന്നീട് ആവശ്യാനുസരണം കാർബണേറ്റ് ചെയ്ത് പാനീയമായി വിപണിയിലെത്തിക്കാനാണ് നീക്കം. നിലവിൽ കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽ ഇവ ലഭ്യമാവും. മിൽമ, ഹോർട്ടി കോർപ്പ് പോലുള്ള സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കൂടാതെ ഹോൾസെയിൽ ഡീലർമാരുടെ ടെണ്ടർ വിളിച്ച് പാനീയം മാർക്കറ്റിലെത്തിക്കാനും ശ്രമമുണ്ട്.

ഇന്ന് വൈകന്നേരം നടക്കുന്ന ചടങ്ങിൽ മന്ത്രി വി എസ് സുനിൽകുമാർ ഓൺലൈനായി ഓസിയാനയുടെ സമർപ്പണം നടത്തും. ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അദ്ധ്യക്ഷനാവും. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ ലോഗോപ്രകാശനവും, കോർപ്പറേഷൻ ചെയർമാൻ എ കെ ചന്ദ്രൻ സ്ലോഗൻ പ്രകാശനവും നിർവ്വഹിക്കും. അഗ്രികൾച്ചറൽ സെക്രട്ടറി ഡോ രത്തൻ യു കേൽക്കർ ആമുഖ പ്രഭാഷണം നടത്തും. എം ഡി ബി പ്രമോദ് കുമാർ സ്വാഗതം ആശംസിക്കും. ഡോ ആർ ചന്ദ്രബാബു, ബെന്നിച്ചൻ തോമസ്, അജിത് കുമാർ, ഡി ശ്രീകുമാർ, പി ജയകുമാരി, വി ചാമുണ്ണി, കെ വി കൃഷ്ണൻ, ടി ആർ രഘുനാഥൻ, യു തമ്പാൻ നായർ, ബി വി രാജൻ തുടങ്ങിയവർ പങ്കെടുക്കും.

ഉൽപ്പാദനവും വിപണനവും കാര്യക്ഷമമാവുന്നതോടെ കോർപ്പറേഷന് വലിയ ലാഭത്തിലേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചെയർമാൻ, എം ഡി എന്നിവരെ കൂടാതെ ജസ്റ്റസ് കണാരാജൻ, ഡോ എ കെ ശ്രീഹരി, ആർ എസ് രാജീവ്, ജെ ജേക്കബ്, മാത്യു ടി എം, ശ്രീലകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish sum­ma­ry; plan­ta­tion cor­po­ra­tion updations

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.