Janayugom Online
file photo

വേമ്പനാട് കായല്‍ പ്ലാസ്റ്റിക് മാലിന്യകൂമ്പാരമെന്ന് കുഫോസ് പഠനം; കായലിന്റെ ആഴം നൂറ്റാണ്ടിനുള്ളില്‍ പകുതിയോളം കുറഞ്ഞു

Web Desk
Posted on October 15, 2019, 6:30 pm

കൊച്ചി : തണ്ണീര്‍മുക്കം ആലപ്പുഴ ഭാഗത്ത് വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ചുരുങ്ങിയത് 4276 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ ഭാഗത്തെ വേമ്പനാട്ട് കായലിന്റെ വിസ്തീര്‍ണം 76.5 ചതുശ്ര കിലോമീറ്ററാണ്. ഓരോ ചതുശ്ര കിലോമീറ്ററിലും ശരാശരി 55.9 ടണ്‍ പഌസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത് എന്ന് കുഫോസ് വൈസ് ചാന്‍സലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. ഇത് കായലിന്റെ സ്വഭാവികമായ ജൈവ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തകിടം മറിച്ചിരിക്കുകയാണ്. ‘വേമ്പനാട്ട് കായലിന്റെ കൊച്ചി സെക്ടറിലെ കാര്യവും വ്യത്യസ്തമല്ല. കായലില്‍ മാത്രമല്ല, കരയിലും ഇവിടെ പ്ലാസ്റ്റിക് കുമിഞ്ഞുകൂടുകയാണ്.

വേമ്പനാട്ട് കായലിന്റെ ആഴം ഭീതിജനകമായ തോതില്‍ കുറഞ്ഞുവരികയാണന്നും ഒരു വര്‍ഷം നീണ്ട കുഫോസിന്റെ പഠനം വെളിപ്പെടുത്തുന്നു. 1930 ല്‍ തണ്ണീര്‍മുക്കംആലപ്പുഴ സെക്ടറില്‍ വേമ്പനാട്ട് കായലിന്റെ ആഴം എട്ട് മുതല്‍ ഒന്‍പത് മീറ്ററായിരുന്നു. എന്നാല്‍ ഇപ്പോഴത് 1.6 മുതല്‍ 4.5 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വന്‍തോതില്‍ എക്കല്‍ വന്നിടിയുന്നതാണ് കായലിന്റെ ആഴപരപ്പ് കുറയാന്‍ കാരണമെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. ഇക്കണക്കിന് പോയാല്‍ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വേമ്പനാട്ട് കായല്‍ ഇല്ലാതാകും.

കേന്ദ്രസര്‍ക്കാരിന്റെ ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുടെ ഭാഗമായാണ് കുഫോസ് ഒരു വര്‍ഷം നീണ്ടുനിന്ന വേമ്പനാട്ട് കായല്‍ പരിസ്ഥിതി പഠനം നടത്തിയത്. കുഫോസിലെ പ്രൊഫസറും പ്രമുഖ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.വി.എന്‍.സജ്ജീവനാണ് പഠനത്തിന് നേത്ൃത്വം നല്‍കിയത്. പഠന റിപ്പോര്‍ട്ട് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് എറണാകുളം മറൈന്‍ െ്രെഡവില്‍ ചേരുന്ന പരിസ്ഥിതി ബോധവത്കരണ പരിപാടില്‍ വെച്ച് കുഫോസ് വൈസ് ചാന്‍സലര്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. പഠനത്തിന്റെ ഭാഗമായി കുഫോസിലെ ഗവേഷകര്‍ വേമ്പനാട്ട് കായലിന്റെ പലഭാഗത്തു നിന്നും ശേഖരിച്ച ടണ്‍കണക്കിന് പഌസ്റ്റിക് മാലിന്യത്തിന്റെ പ്രദര്‍ശനവും പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങള്‍ തരം തിരിച്ചാണ് പ്രദര്‍ശിപ്പിക്കുക.

പൊതുജനങ്ങളുടെ സഹകരണത്തോടെ വേമ്പനാട്ട് കായല്‍ പഌസ്റ്റിക് മാലിന്യമുക്തമാക്കുന്ന ബഹൃത് പരിപാടി നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് കുഫോസ് എന്ന് വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ പറഞ്ഞു