ജീവന്റെ നിലനില്‍പ്പും പ്ലാസ്റ്റിക് വിപത്തും

Web Desk
Posted on July 10, 2019, 11:20 pm

ജീവന്റെ നിലനില്‍പ്പിന് കനത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് വിപത്തിനെ നേരിടാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളോടും കോര്‍പ്പറേറ്റ് ലോകം തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ആപത്തിനെ നേരിടാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന ഏറ്റവും അയവേറിയ സമീപനത്തോടുപോലും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ സഹകരിക്കാന്‍ സന്നദ്ധമാകുന്നില്ല. തങ്ങളുടെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തുവിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരികെ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യണമെന്ന ആവശ്യത്തോട് രാഷ്ട്ര‑ബഹുരാഷ്ട്ര കുത്തകകള്‍ പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര ശൃംഖലകള്‍ മുതല്‍ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് വരെ ഡസന്‍കണക്കിനു കമ്പനികള്‍ ചട്ടലംഘകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടം 2016 അനുസരിച്ച് ഉല്‍പാദനത്തിലും ഉല്‍പന്നങ്ങളുടെ പാക്കിംഗിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. 2018ല്‍ പ്രസ്തുത ചട്ടം കമ്പനികള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്തു. എന്നിട്ടും തങ്ങളുടെ ലാഭതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിപണിയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഉല്‍പാദക ഉത്തരവാദിത്തം അനുസരിച്ച് ഏതളവില്‍ അവ തിരിച്ചെടുക്കുമെന്നോ അതിനുവേണ്ട സമയപരിധിയോ സമര്‍പ്പിക്കാന്‍ കമ്പനികള്‍ വിസമ്മതിക്കുകയാണ്. കമ്പനികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും അവര്‍ നിരാകരിക്കുന്നു. പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് നിയമ ലംഘകര്‍ക്കെതിരെ പിഴയും തടവുശിക്ഷയും നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡും കേന്ദ്രസര്‍ക്കാരും കാഴ്ചക്കാരായി മാറിനില്‍ക്കുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് പ്രതിദിനം 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യം ഉല്‍പാദിപ്പിക്കുന്നത്. ഈ മാലിന്യത്തിന്റെ ഏറ്റവും പ്രധാന ഉറവിടം ഉല്‍പന്നങ്ങളുടെ പാക്കിംഗ് മേഖലയാണ്. ഈ മാലിന്യത്തിന്റെ 60 ശതമാനം പുനഃചംക്രമണത്തിനോ നിര്‍മാര്‍ജനത്തിനോ വിധേയമാകുന്നുവെന്നാണ് കണക്ക്. ബാക്കിവരുന്ന പതിനായിരത്തിലധികം ടണ്‍ മാലിന്യം മണ്ണിലും ഓടകളിലും ജലാശയങ്ങളിലും സമുദ്രത്തിലും പരിഹാരമില്ലാത്ത വിപത്തായി അവശേഷിക്കുന്നു. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ പലതും ശേഖരിച്ച് പുനരുപയോഗ്യമാക്കി മാറ്റാനാവും. എന്നാല്‍ അതിന് ഉല്‍പാദകരുടെയും പുനഃചംക്രമണ വ്യവസായത്തിന്റെയും പൂര്‍ണ സഹകരണം കൂടിയേ തീരൂ. കര്‍ക്കശമായ നിയമങ്ങളും തദനുസൃതമായ നടപ്പാക്കലും കൂടാതെ അത്തരം ലക്ഷ്യങ്ങള്‍ കടലാസില്‍ ഒതുങ്ങുകയേ ഉള്ളു. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്തുവരുന്ന ‘മള്‍ട്ടി ലെയേഡ് പ്ലാസ്റ്റിക്’ അത്തരത്തില്‍ പുനഃചംക്രമണം നടത്താനോ പുനരുപയോഗ്യമാക്കി മാറ്റാനോ കഴിയില്ല. അതുകൊണ്ടുതന്നെ അവ തിരികെ ശേഖരിച്ച് സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക എന്നത് ഉല്‍പാദകരുടെ അധിക ബാധ്യതയായി ചട്ടം നിഷ്‌കര്‍ഷിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ മനുഷ്യന്റെയും ജൈവപ്രകൃതിയുടെയും നിലനില്‍പിനുതന്നെ അപകടകരമായി മാറിയിരിക്കുന്ന ചട്ടലംഘനങ്ങളെയും ലംഘകരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരടക്കം ബന്ധപ്പെട്ട അധികൃതര്‍ വിമുഖമാണ്. മാലിന്യം സൃഷ്ടിക്കുന്നവര്‍ തന്നെ അത് നിര്‍മാര്‍ജനം ചെയ്യുക എന്നത് പരക്കെ അംഗീകരിക്കപ്പെട്ട പാരിസ്ഥിതിക സംരക്ഷണ തത്വമാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒരു മാലിന്യത്തിന്റെയും നിര്‍മാര്‍ജനത്തില്‍ ഈ തത്വം പ്രാബല്യത്തില്‍ വരുത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. അത് അധികാരവുമായി ബന്ധപ്പെട്ട അഴിമതിയുടെ ഭാഗമാണെന്ന് എടുത്തു പറയേണ്ടതില്ല.

പ്ലാസ്റ്റിക് മാലിന്യം ഉല്‍പാദിപ്പിക്കുന്ന അപൂര്‍വം കമ്പനികള്‍ മാത്രമാണ് അവ തിരിച്ചെടുത്ത് സുരക്ഷിതമായി പുനരുപയോഗ്യമാക്കി മാറ്റുന്നതിനും അതിനു കഴിയാത്തവ നിര്‍മാര്‍ജനം ചെയ്യുന്നതിനും നിക്ഷേപം നടത്താന്‍ സന്നദ്ധമാകുന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ പോലും ഈ രംഗത്ത് നിക്ഷേപം നടത്താന്‍ വിസമ്മതിക്കുന്നത് ലാഭത്തില്‍ കുറവുണ്ടാകുമെന്നതുകൊണ്ടാണ്. എന്നാല്‍ സൂക്ഷ്മ ചെറുകിട‑ഇടത്തരം സംരംഭങ്ങള്‍ക്ക് ഈ സാമൂഹിക ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാന്‍ മതിയായ സാമ്പത്തികശേഷി ഉണ്ടാവില്ല. ഇവിടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വരെ തങ്ങളുടെ പങ്ക് വഹിക്കേണ്ടത്. ചികിത്സയെക്കാള്‍ പ്രധാനമാണ് പ്രതിരോധ പ്രവര്‍ത്തനമെന്ന വൈദ്യശാസ്ത്ര തത്വം ഇവിടെ ഏറെ പ്രസക്തമാണ്. ഒഴിവാക്കാന്‍ കഴിയുന്ന എല്ലാത്തരം പാക്കിങ്ങില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുക ഒന്നാമത്തെ പ്രതിരോധമാണ്. കുറഞ്ഞ ചെലവില്‍ പൊതു മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കി ഉല്‍പാദകരുടെയും വിതരണ‑വിപണന ശൃംഘഖലകളുടെയും സഹായത്തോടെ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ തദ്ദേശ ഭരണ സംവിധാനങ്ങളുടെ ഉത്തരവാദിത്തമായി മാറണം. അതിന് കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ ആവശ്യമായ സഹായം നല്‍കണം. അനുയോജ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ പ്രതേ്യക ശ്രദ്ധ പതിപ്പിക്കണം. മനുഷ്യരാശി അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വിപത്തിന്റെ ആഴം തിരിച്ചറിയുക തന്നെയാണ് പരമപ്രധാനം.