Web Desk

തിരുവനന്തപുരം:

October 28, 2020, 9:22 pm

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Online

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. വ‍്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും മതവികാരം ഉണർത്തുന്നതുമായ ഒരു പരസ്യവും തെരഞ്ഞെടുപ്പുവേളയിൽ ഉണ്ടാകരുതെന്നും പുതുക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

നിലവിലുള്ള നിയമത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുകയോ, പതിപ്പിക്കുകയോ ചെയ്യരുത്. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങൾക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും പരസ‍്യം സ്ഥാപിക്കുവാൻ പാടില്ല. വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിലും കേന്ദ്രങ്ങളിലും അവശേഷിക്കുന്ന എല്ലാതരം മാലിന്യങ്ങളും നിർമ്മാർജ്ജനം ചെയ്യണം. വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ തന്നെ അതാത് സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പരസ‍്യം നീക്കം ചെയ്ത് നശിപ്പിക്കണം.
പോളിംഗ് സ്റ്റേഷൻ, വിതരണ സ്വീകരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവൽക്കരണത്തിനായി പതിക്കുന്ന പോസ്റ്ററുകളും ബോർഡുകളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. കേരള ഹൈക്കോടതിയും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലും കോവിഡ്-19 വ്യാപന പശ്ചാത്തലത്തിലുമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

ENGLISH SUMMARY: plas­tic and pvc mate­ri­als are not allowed in local body election

YOU MAY ALSO LIKE THIS VIDEO