ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളിൽ വരുന്ന ഭക്ഷ്യവസ്തുക്കൾക്കും കുപ്പികൾക്കും കപ്പലുകളിൽ ജനുവരി ഒന്നുമുതൽ നിരോധനം

Web Desk
Posted on November 03, 2019, 1:09 pm

ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ കപ്പലുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുൾക്ക് നിരോധനം. ഇത്തരം പ്ലാസ്റ്റിക്കുകളിൽ വരുന്ന ഉപ്പേരികൾ, ഐസ്ക്രീമുകൾ എന്നിവയ്ക്കാണ് നിരോധനം. വൻ പൊതുതാൽപ്പര്യം പരിഗണിച്ചാണ് കപ്പൽഗതാഗത ഡയറക്ടർ ജനറൽ ഇത്തരമൊരു നിരോധനം പ്രഖ്യാപിച്ചത്. ഇത്തരമൊരു ആവശ്യം സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുന്നോട്ട് വച്ചിരുന്നു.

പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റിക്കിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഒരു വലിയ കാൽവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കടൽപാതയിലൂടെ കടന്ന് പോകുന്ന വിദേശ കപ്പലുകളിൽ അടക്കം ഈ നിയമം ബാധകമായിരിക്കും. കവറുകൾ, ട്രേ, പാത്രങ്ങൾ, ഭക്ഷ്യവിഭവങ്ങൾ പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന കവറുകൾ, പാൽക്കുപ്പികൾ, ഫ്രീസർ ബാഗുകൾ, ഷാമ്പൂ കുപ്പികൾ, ഐസ്ക്രീം കണ്ടെയ്നറുകൾ, പാനീയ കുപ്പികൾ, ചൂട് പാനീയങ്ങൾ കുടിക്കാനുള്ള കപ്പുകൾ, ശുചീകരണ ദ്രാവകങ്ങൾ, ബിസ്ക്കറ്റ് ട്രേകൾ തുടങ്ങിയവയ്ക്ക് നിരോധനം ബാധകമായിരിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ കപ്പുകൾ, പത്ത് ലിറ്റർ വരെ കൊള്ളുന്ന ബോട്ടുകൾ തുടങ്ങിയവയ്ക്കും നിരോധനം ബാധകമായിരിക്കും.

ഇന്ത്യൻ കടലിലേക്ക് പ്രവേശിക്കുന്ന വിദേശ കപ്പലുകൾ ഇത്തരം പ്ലാസ്റ്റിക്കുകൾ ഇന്ത്യൻ തുറമുഖങ്ങളിലും കടലിലും തള്ളില്ലെന്ന് ഉറപ്പ് നൽകിയിരിക്കണം. ഇത്തരം വസ്തുക്കളാണ് പലപ്പോഴും കടൽത്തീരം ശുചീകരിക്കുമ്പോൾ കിട്ടുന്നിതിലേറെയും.