പ്ലാസ്റ്റിക് കുപ്പികള്‍ ഇനി കലക്കന്‍ കുപ്പായങ്ങള്‍

Web Desk
Posted on July 26, 2019, 11:07 pm

ദുബായ്: ആഗോള പരിസ്ഥിതി നാശത്തില്‍ ഏറ്റവും വലിയ വില്ലനായ പ്ലാസ്റ്റിക് കുപ്പികള്‍ ഇനി നാണം മറയ്ക്കാനുള്ള വസ്ത്രങ്ങളാവും. മൂന്ന് പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് മനോഹരമായ ഒരു ടീ ഷര്‍ട്ടോ ഒരു ബര്‍മൂഡയോ നിര്‍മ്മിക്കാം. അഞ്ച് കുപ്പികളില്‍ നിന്ന് ഒരു പാന്റ്‌സും.
ഇവിടെ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷുകാരന്‍ ക്രിസ്ബാര്‍ബര്‍ ഇത്തരം വസ്ത്രനിര്‍മ്മാണത്തിനായി ഡി- ഗ്രേഡ് എന്ന ഉല്‍പാദനശാല തന്നെ തുടങ്ങി നെയ്‌തെടുത്ത നൂല്‍കൊണ്ടുള്ള ഷര്‍ട്ടുകള്‍ വിപണിയിലിറക്കിത്തുടങ്ങി. പ്രതിവര്‍ഷം 72 കോടി പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ ഫാക്ടറിക്കു ശേഷിയുണ്ടാകും. യുഎഇയില്‍ വലിച്ചെറിയുന്ന കോടിക്കണക്കിനു കുപ്പികള്‍ ഒന്നൊഴിയാതെ ഇവിടെ സംസ്‌കരിച്ച് നൂലുണ്ടാക്കി വസ്ത്രം നെയ്യാന്‍ കഴിയുമെന്ന് ക്രിസ് ബാര്‍ബര്‍ പറയുന്നു. ഉല്‍പാദനാവശ്യത്തിന് ശേഷിക്കുന്ന കുപ്പികള്‍ ഇറക്കുമതി ചെയ്യേണ്ടിവരും. ഇന്ത്യയിലും ചൈനയിലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്ത്ര നിര്‍മ്മാണശാലകള്‍ തുടങ്ങുന്നതിനും ഡി-ഗ്രേഡ് പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയില്‍ ഇത്തരം ടീഷര്‍ട്ടുകളും വസ്ത്രങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ഇന്ത്യന്‍ റയില്‍വേയില്‍ നിന്നാണ് സംഭരിക്കുക. ലോകത്തെ ഏറ്റവും വലിയ തീവണ്ടി ശൃംഖലയായ ഇന്ത്യന്‍ റയില്‍വേസില്‍ ദിനംപ്രതി ലക്ഷക്കണക്കിന് കുപ്പിവെള്ളമാണ് വിറ്റഴിക്കുന്നത്. വെള്ളം കുടിച്ച ശേഷം യാത്രക്കാര്‍ കുപ്പികള്‍ ഓടുന്ന ട്രെയിനുകളില്‍ നിന്നും തീവണ്ടിപ്പാതകളിലേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ വസ്ത്രനിര്‍മ്മാണത്തിനായി ഈ കുപ്പികള്‍ അഞ്ച് രൂപ നിരക്കില്‍ ട്രെയിനുകളില്‍ത്തന്നെ വാങ്ങാന്‍ സൗകര്യമുണ്ടായിരിക്കും.
കുപ്പികള്‍ ഉരുക്കി നാരുകളാക്കിയ ശേഷമാണ് നൂലായി നെയ്‌തെടുക്കുക. ദുബായില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ബിസിനസ് മേളയായ എകസ്‌പോ 2020ല്‍ ഇത്തരം പ്ലാസ്റ്റിക് വസ്ത്രങ്ങളുടെ വൈവിധ്യമാണ്. ഒരു വിപണനകേന്ദ്രവും ഉണ്ടാകും. മറ്റ് ടി-ഷര്‍ട്ടുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക് ടി ഷര്‍ട്ടുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉണങ്ങിക്കിട്ടും. വില തുച്ഛവും ആയുര്‍ദൈര്‍ഘ്യവുംകൊണ്ട് ഗുണം മെച്ചവും.