മാലിന്യമുക്തമായ നഗരാസൂത്രണത്തിന്റെ അനിവാര്യത

Web Desk
Posted on October 01, 2018, 10:44 pm

നമ്മുടെ ഭൂമിയില്‍ വായു, വെള്ളം, മണ്ണ് എന്നിവ മലിനമാവുകയും വര്‍ധിച്ചുവരുന്ന മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിലൂടെ മാലിന്യ സംസ്‌കരണം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയും, അതിലൂടെ സമൂഹത്തിന്റെ സുസ്ഥിരതയും ജനതയുടെ അതിജീവനത്തെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ലോകക്രമം മാറിക്കൊണ്ടിരിക്കുക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച്ച ഐക്യരാഷ്ട്ര സംഘടന ലോക ആവാസകേന്ദ്ര ദിനമായി ആചരിക്കുന്നത്. നഗരങ്ങളെയും പട്ടണങ്ങളെയും എങ്ങനെ സുസ്ഥിരമായി രൂപപ്പെടുത്താമെന്നുള്ള ആശയത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ദിനം ആചരിക്കുന്നത്. 2018 ഒക്‌ടോബര്‍ ഒന്നാം തീയതി ലോക ആവാസ കേന്ദ്രദിനമായി ആചരിക്കുന്നത് ഈ വര്‍ഷം മുനിസിപ്പാലിറ്റികളിലെ ഖര മാലിന്യ പരിപാലനം എന്ന ലക്ഷ്യത്തിലൂന്നിയാണ്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഖരമാലിന്യങ്ങള്‍ ഒരു ആഗോള വെല്ലുവിളിയാണെന്ന പൊതുബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുകയും ഖരമാലിന്യങ്ങള്‍ക്കെതിരെ സമഗ്രമായ ബോധവല്‍ക്കരണം നടത്തുവാന്‍ വേണ്ടിയാണ് ഐക്യരാഷ്ട്ര സംഘടന ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യ പരിപാലനത്തിന് നൂതനമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്‌കരണ വെല്ലുവിളികളെ നേരിടാന്‍ വിഭവങ്ങള്‍ സമാഹരിക്കുക എന്നീ സുസ്ഥിര വികസന കാഴ്ചപ്പാടാണ് നാം വളര്‍ത്തിയെടുക്കേണ്ടത്.
2010‑ലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ എല്ലാ ജനങ്ങളും ഓരോ ദിവസവും 800ഗ്രാം മാലിന്യമാണ് ഉണ്ടാക്കുന്നത്. വര്‍ധിച്ചുവരുന്ന ഉപഭോഗവും ഫലപ്രദമല്ലാത്ത മാനേജ്‌മെന്റ് തന്ത്രങ്ങളും മൂലം 2025 ആകുമ്പോഴേക്കും മാലിന്യത്തിന്റെ മൊത്തം ഉല്‍പാദനം 5.9 ബില്യണ്‍ ടണ്ണായി ഉയരുമെന്നാണ് കരുതുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, പാരീസ് എഗ്രിമെന്റ്, പുതിയ നഗര അജന്‍ഡ എന്നിവ ഖരമാലിന്യ പ്രശ്‌ന പരിഹാരത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നില്‍ പരാമര്‍ശിക്കുന്നത് നഗരങ്ങളിലും പട്ടണങ്ങളിലും പരിസ്ഥിതിക്ക് ദോഷകരമാകുന്ന തരത്തിലുള്ള ഉപഭോഗം കുറച്ചുകൊണ്ടുവരികയും, ഗുണനിലവാരമുള്ള അന്തരീക്ഷവായു ഉറപ്പുവരുത്തുകയും ചെയ്യണമെന്നാണ്. പരിസ്ഥിത സൗഹൃദ നയസമീപനത്തിലൂടെ മുഴുവന്‍ മാലിന്യങ്ങളെയും പ്രതിരോധിക്കല്‍, കുറയ്ക്കല്‍, പുനരുല്‍പാദിപ്പിക്കല്‍, പുനരുപയോഗിക്കല്‍, ഭക്ഷണമാലിന്യങ്ങള്‍ കുറയ്ക്കുക തുടങ്ങിയ വഴികള്‍ സ്വീകരിക്കണം. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തിലുള്ള സഹകരണത്തോടൊപ്പം ദേശീയ‑പ്രാദേശിക തലത്തിലും സുസ്ഥിര വികസന കാഴ്ച്ചപ്പാടില്‍ മാലിന്യ സംസ്‌കരണത്തിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം.
കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ തലത്തില്‍ 2000ല്‍ മുന്‍സിപ്പാലിറ്റിയിലെ ഖരമാലിന്യ പരിപാലനവും കൈകാര്യം ചെയ്യലും നിയമമായി പുറത്തിറക്കിയത്. ശാസ്ത്രീയമായ സമീപനത്തിന്റെ അപര്യാപ്തതയാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രധാന വെല്ലുവിളിയായി ഇന്ത്യ അഭിമുഖീകരിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനായി തനതായ മാതൃക വികസിപ്പിച്ചെടുക്കാന്‍ തയ്യാറാകാത്തതും ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറുന്നു. ഇന്ത്യയിലെ നഗര വികസനത്തിനുവേണ്ടി കോര്‍പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും രൂപീകരണത്തിലേക്ക് നയിച്ചത് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്. മാലിന്യം നമ്മുടെ കണ്ണിന്റെ മുന്നില്‍ നിന്നും നീക്കം ചെയ്യുക മാത്രമല്ല മറിച്ച് അവ സംസ്‌കരിച്ച് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്ന ഉല്‍പന്നമാക്കി മാറ്റുകയും, അത്തരം ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും ചെയ്യുകയെന്ന ഗൗരവമായ ചുമതലകൂടി നഗരകേന്ദ്രീകൃത ഭരണകൂടങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.
ഈയൊരു സന്ദര്‍ഭത്തിലാണ് കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ വികേന്ദ്രീകൃത മാതൃക ശ്രദ്ധേയമാകുന്നത്. കേരളത്തെ പൂര്‍ണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കേരളീയനും പ്രതിദിനം 250ഗ്രാം മാലിന്യം ഉല്‍പാദിപ്പിക്കുന്നു. കേരളത്തിലെ പ്രതിദിന മാലിന്യ ഉല്‍പാദനം ഏതാണ്ട് 8000 ടണ്ണാണ്. ഇതില്‍ ആകെ മാലിന്യത്തിന്റെ 70ശതമാനത്തോളം ജൈവമാലിന്യമാണ് ഉള്‍ക്കൊള്ളുന്നത്. ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുമ്പോള്‍ നഗരമാലിന്യത്തിന്റെ ഏതാണ്ട് 50ശതമാനം ഗാര്‍ഹിക മേഖലയില്‍ നിന്നുമാണ് എത്തുന്നത്. കേരളത്തില്‍ 2008ലാണ് മാലിന്യമുക്തകേരള പ്രസ്ഥാനം’ ആരംഭിക്കുന്നത്. ഈ പദ്ധതിയിലൂടെ ഉറവിടമാലിന്യ സംസ്‌കരണം കേരളത്തിന്റെ വികസന അജണ്ടകളുടെ ഭാഗമായി മാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് മാലിന്യമുക്തകേരളം പരിപാടി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടത്. ഈയൊരു തിരിച്ചറിവിലൂടെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഹരിതകേരളമിഷന്‍ വിഭാവനം ചെയ്തത്. ശുചിത്വ‑മാലിന്യ സംസ്‌കരണം, സുസ്ഥിര കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നിവയാണ് ഹരിതകേരളംമിഷന്റെ മൂന്ന് ഉപവിഷനുകള്‍. ഈ ഉപവിഷനുകളുടെ സംസ്ഥാന ജില്ലാതല ഏകോപന ചുമതലയും, തദ്ദേശസ്വയംഭരണ സ്ഥാപനതല മിഷനിലൂടെ പ്രാവര്‍ത്തികമാക്കുകയെന്ന പ്രധാന ചുമതലയാണ് ഹരിതകേരളമിഷന്‍ നിര്‍വഹിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ ആശയപരമായും സാങ്കേതികപരമായും ഉയര്‍ത്തുന്നതിലൂടെ മാത്രമേ മാലിന്യ സംസ്‌കരണ ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കുകയുള്ളൂ. നമ്മുടെ സമൂഹത്തിലെ മാലിന്യപ്രശ്‌ന പരിഹാരം സര്‍ക്കാരിന്റെയോ, ത്രിതല ഭരണ സംവിധാനത്തിന്റെയോ ചുമതലയായി മാത്രം ഒതുക്കരുത്. പൊതുജന പങ്കാളിത്തം അനിവാര്യമായ രംഗമാണിത്. ശരിയായ രീതിയിലുള്ള മാലിന്യ സംസ്‌കരണം നടത്തിയില്ലെങ്കില്‍ മാലിന്യം കുടിവെള്ളത്തില്‍ കലരുകയും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് കാരണമായി മാറുകയും കേരള ആരോഗ്യ മാതൃകയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. വിദ്യാസമ്പന്നരായ, മെച്ചപ്പെട്ട ആരോഗ്യവും ജീവിത നിലവാരമുള്ള കേരള ജനത മാലിന്യം കൈകാര്യം ചെയ്യുന്നതിലും മെച്ചപ്പെട്ട സാമൂഹിക ഉത്തരവാദിത്വം നിറവേറ്റണം. നിര്‍മിക്കപ്പെടുന്ന ഏതൊരു മാലിന്യവും എത്രയും വേഗത്തിലും സുരക്ഷിതമായും സംസ്‌കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയെന്നത് പ്രകൃതി വിഭവ സംരക്ഷണത്തിനും ജനതയുടെ ആരോഗ്യ പരിപാലനത്തിനും അനിവാര്യമാണ്. തദ്ദേശ ഭരണ സ്ഥാപന പരിധിയിലുള്ള വീടുകള്‍, ഫഌറ്റ് സമുച്ഛയങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ മുതലായവ ഉല്‍പാദിപ്പിക്കുന്ന മാലിന്യം അത് ഉല്‍പാദിപ്പിക്കുന്നവരുടെ പങ്കാളിത്തത്തോടെ സംസ്‌കരിക്കണം.
കാര്യക്ഷമമായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നതിന് തദ്ദേശ ഭരണ തലത്തില്‍ ആവശ്യകത നിര്‍ണയ സര്‍വേ ആവശ്യമാണ്. ഈ സര്‍വേ പ്രകാരം ഏത് സംവിധാനമാണ് ഓരോ വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അനുയോജ്യമെന്ന് കണ്ടെത്താനും, അതിലൂടെ ഉചിതവും ഗുണഭോക്താവിന് സ്വീകാര്യവുമായ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാനും കഴിയും. നമ്മുടെ വീടും, പൊതുസ്ഥലങ്ങളും, ജലസ്രോതസുകളും, പരിസരവും മാലിന്യമുക്തമാക്കുന്നതിന് പൊതുസമൂഹമാകെ കൈകോര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് അനിവാര്യം. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന പൊതു ബോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും മാലിന്യ സംസ്‌കരണം വിജയകരമായി മാറ്റാന്‍ സാധിക്കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആസൂത്രിതമായ വിഭവ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ രൂപപ്പെടുത്തി മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണത്തിലൂടെയും പുനരുപയോഗം, പുനഃചംക്രമണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും ശ്രമിക്കണം. മാലിന്യത്തിന്റെ ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്നതിനായി അജൈവ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം വര്‍ധിപ്പിക്കുക, പുനഃ ചംക്രമണം പ്രോത്സാഹിപ്പിക്കുക എന്നിവ ജനങ്ങളുടെ ജീവിത വീക്ഷണത്തിന്റെ ഭാഗമായി മാറ്റിയെടുക്കണം. ഇതു നേടിയടുക്കാന്‍ പദ്ധതി ആസൂത്രണ സഹായത്തിനായി സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക, ജന പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തുക, ജീവിത ശൈലിയിലും, ജീവിത രീതിയിലും മാറ്റം വരുത്തുക എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇതുകൂടാതെ മാലിന്യ സംസ്‌കരണ നിബന്ധനകള്‍ പാലിക്കാന്‍ തയാറാകാത്തവരോ, വീഴ്ച്ച വരുത്തുന്നവരോ ആയ സ്ഥാപനങ്ങളുടെയും സംരംഭകരുടെയും പ്രവര്‍ത്തനം തല്‍ക്കാലത്തേക്കോ, സ്ഥിരമായോ നിര്‍ത്തിവെയ്ക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും, ഇലക്‌ട്രോണിക് മാലിന്യങ്ങളുടെയും പുറന്തള്ളലുകളില്‍ ശരിയായ ക്രമീകരണങ്ങള്‍ സ്വീകരിക്കണം. ലോക ആവാസകേന്ദ്രദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മാലിന്യ മുക്തമായ നഗരാസൂത്രണത്തിന്റെ ആവശ്യകതയിലേക്കാണ്. മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത മാതൃക പിന്തുടരുന്നതിലൂടെയേ സുസ്ഥിര വികസനത്തിന് ആധാരമായ മാലിന്യമുക്ത സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.