പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അനിവാര്യമായ ജനജാഗ്രത

Web Desk
Posted on December 02, 2019, 10:18 pm
manaveeyam

ഭൂമിയില്‍ ഓരോ നിമിഷവും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ആ­ര്‍­ത്തിയും സ്വാര്‍ഥതാല്‍പര്യങ്ങളും സുഖലോലുപതയോടുള്ള അമിതാവേശവും മൂലം ലോകമെമ്പാടും ‘വലിച്ചെറിയല്‍ സംസ്കാരം’ വ്യാപിച്ചു കഴിഞ്ഞു. വലിച്ചെറിയുന്നവയില്‍ ഏറ്റവും അപകടകാരിയായ വസ്തുവാണ് പ്ലാസ്റ്റിക്. 1980 നുശേഷം ആഗോളതലത്തിലുള്ള നവലിബറല്‍ നയങ്ങളുടെ ഫലമായി മുതലാളിത്ത ശക്തികള്‍ ആവിഷ്കരിച്ച തന്ത്രം ‘ഉപയോഗശേഷം വലിച്ചെറിയുക’ എന്നതിന് അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായ തോതില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുകയും ബാക്കിവരുന്ന മാലിന്യങ്ങള്‍ മൂന്നാംകിട രാജ്യങ്ങളിലേക്ക് വിവിധ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ പുറംതള്ളുന്നു. മൂന്നാംകിട രാജ്യങ്ങള്‍ ഈ അപകടകരമായ യാഥാര്‍ഥ്യം മനസിലാക്കാന്‍ വൈകി.

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ‑പാരിസ്ഥിതിക പ്രശ്നങ്ങളെ ഇന്ത്യയെപോലുള്ള വികസിതരാജ്യങ്ങള്‍ ഗൗരവത്തോടെ ഇന്നും പരിഗണന വിഷയമായി മാറിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് കേരളം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ സ­മ്പൂര്‍ണ നിരോധനമെന്ന ധീരമായ ചുവടുവയ്പ് നടത്തുകയും ഇതിലൂടെ ബദല്‍വികസന മാതൃകയ്ക്ക് രൂപം നല്‍കാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് 2020 ജനുവരി ഒന്നു മുതല്‍ കേരള സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം വില്‍പന, സംഭരണം എന്നിവ ജനുവരിയോടെ കേരളത്തില്‍ നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒരു പ്രധാന അപകടമായി വളരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ആധുനിക കാലത്ത് പ്ലാസ്റ്റിക് വ്യക്തികളുടെ നിത്യജീവിതത്തില്‍ പ്രധാന ഘടകമായി മാറി. ഭക്ഷണം കഴിക്കുന്ന, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന, പാചകം ചെയ്യുന്നതുവരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഈ ഉപയോഗത്തിലൂടെ മനുഷ്യര്‍ വിവിധങ്ങളായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. മ­ണ്ണിൽ മാത്രമല്ല, സമുദ്രങ്ങളിലും പ്ലാസ്റ്റിക് മാലി­ന്യങ്ങള്‍ കുമിയുന്നു. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത് ഈ നില തുടരുകയാണെങ്കില്‍ 2050 ഓടെ സമുദ്രങ്ങളിലെ മത്സ്യസമ്പത്തിനേക്കാള്‍ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

1950 കാലഘട്ടത്തില്‍ ഉപഭോക്തൃ ഉല്പന്നങ്ങളില്‍ അപൂര്‍വമായി മാത്രം ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ വകഭേദങ്ങള്‍ ഇന്ത്യയിൽ ഇന്ന് സര്‍വവ്യാപിയായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയോട് എന്താണ് ചെയ്യുന്നതെന്ന ശരിയായ തിരിച്ചറിവാണ് നമുക്കാവശ്യം. ആഗോളതലത്തില്‍ ഓരോ വര്‍ഷവും അ‍ഞ്ച് ലക്ഷം കോടി പ്ലാസ്റ്റിക് സ‍ഞ്ചികളാണ് ഉപയോഗിക്കുന്നത്. പ്രതിനിമിഷം 10 ലക്ഷം സഞ്ചികളാണ്. ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 150 സ‍ഞ്ചികള്‍ ഉപയോഗിക്കുന്നുവെന്നാണ് ഇത് അര്‍ഥമാക്കുന്നത്. പ്രതിവര്‍ഷം 130 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് മനുഷ്യന്‍ ഉപയോഗിച്ച ശേ­ഷം കടലില്‍ തള്ളുന്നത്. അതായത്, ഓരോ മിനിറ്റിലും ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് കടലില്‍ എത്തിച്ചേരുന്നു. ലോകത്ത് ഓരോ മിനിറ്റിലും 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ വില്‍ക്കപ്പെടുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായതിനെക്കാള്‍ അധികം പ്ലാസ്റ്റിക് ആണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് ഉല്പാദിപ്പിക്കപ്പെട്ടത്. ലോകത്തെ മൊത്തം മാലിന്യങ്ങളില്‍ 10 ശതമാനത്തോ­ളം പ്ലാസ്റ്റിക് മാലിന്യമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ലോകത്ത് പത്തില്‍ മൂന്നുപേര്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരയായി മരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് വിഘടിച്ച് പുറത്തുവരുന്ന ഡയോക്സിന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മെര്‍ക്കുറി തുടങ്ങിയവ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. നാം കഴിക്കുന്ന ഭക്ഷണത്തില്‍ പോലും പ്ലാസ്റ്റിക്കിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ഹാരിയറ്റ്-വാട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ശരാശരി ഒരു മനുഷ്യന്‍ വര്‍ഷത്തില്‍ 13,731 മുതല്‍ 68,415 വരെ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആഹാരത്തോടൊപ്പം കഴിക്കുന്നുവെന്നാണ് ഈ ഗവേഷകരുടെ നിരീക്ഷണം. കാഴ്‍സിനോജിക് വസ്തുക്കളും ഡയോക്സിനും ഇതുവഴി ശരീരത്തില്‍ അമിതമായി എത്തുമ്പോള്‍ കോശങ്ങള്‍ നശിക്കുകയും ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്നു.

2050 ഓടുകൂടി പ്ലാസ്റ്റിക്കിന്റെ എണ്ണം കടലിന്റെ മീനിനേക്കാള്‍ കൂടുതലാകും. കടലില്‍ എത്തിച്ചേരുന്ന പ്ലാസ്റ്റിക്കുകള്‍ 500 മുതല്‍ 1000 വര്‍ഷം വരെ ഭൂമിയില്‍ കിടക്കുന്നു. അത്രയും കാലത്തോളം കരയിലെയും കടലിലെയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ലോകത്ത് പല രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തിനെ നേരിടാന്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട 2008 മുതല്‍ പ്ലാസ്റ്റിക് ബാഗ് വിമുക്തരാജ്യമായി പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ 2016 മുതല്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി നിയമരൂപീകരണവും ബോധവല്‍ക്കരണ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കപ്പുകള്‍, പ്ലേറ്റുകള്‍, മറ്റു പ്ലാസ്റ്റിക് ഉപകരണങ്ങള്‍ എന്നിവ 2020 ഓടുകൂടി പൂര്‍ണമായും നിരോധിക്കുന്നതിനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. അതിനൊപ്പം 2025 ഓടുകൂടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു.

2008 ല്‍ ചൈനീസ് സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരം ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കുന്നത് നിരോധിച്ചു. ഇതോടെ ചൈനയിലെ പ്ലാസ്റ്റിക് സ‍ഞ്ചിയുടെ ഉപയോഗം പകുതിയായി കുറഞ്ഞു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അയര്‍ലന്‍ഡിന്റെ തീരുമാനം വന്‍ വിജയമായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് 2002 മുതല്‍ വന്‍ നികുതി ഏര്‍പ്പെടുത്തിയതോടെ ഉപയോഗത്തില്‍ 94 ശതമാനമാണ് കുറവുവന്നത്. ഇന്ത്യ പ്രതിവര്‍ഷം 9.46 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നു. അതില്‍ പകുതിയും ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കാണ്. 2022 ഓടുകൂടി ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് സുസ്ഥിരവികസന ലക്ഷ്യത്തില്‍ പ്രധാനമായി പരിഗണിക്കുന്നത്. 2016 ല്‍ ഇന്ത്യ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന നിയമങ്ങള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് ലക്ഷ്യനേട്ടത്തിലേക്ക് കുതിക്കാന്‍ സാധിച്ചിട്ടില്ല. ലോകത്താകമാനവും പ്രത്യേകിച്ച് ഇന്ത്യയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്ത് ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്കും പിന്നീട് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പിനെയും അപകടത്തിലാക്കുന്നു.

മുതലാളിത്ത വ്യവസ്ഥിതി സൃഷ്ടിക്കുന്ന സാമൂഹ്യാവസ്ഥയുടെ ഭാഗമാണ് പാരിസ്ഥിതിക പ്രതിസന്ധിയെന്ന ജെയ്സണ്‍ മൂറിനെ പോലുള്ള ഇടതുപക്ഷ പരിസ്ഥിതി ചിന്തകരുടെ നിലപാട് ഇവിടെ പ്രസക്തമാകുന്നു. ജെയ്സണ്‍ മൂറിന്റെ പ്രമുഖ ഗ്രന്ഥമായ ‘കാപ്പിറ്റലിസം ഇന്‍ ദി വെബ് ഓഫ് ലൈ­ഫ്’ മുതലാളിത്ത സാമൂഹ്യ ബന്ധങ്ങളും പാരിസ്ഥിതിക പ്രതിസന്ധിയും തമ്മിലുള്ള പരസ്പര ബന്ധം സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമാകണമെന്ന നിലപാടിലധിഷ്ഠിതമായ രചനയാ­ണ്. പ്രകൃതിയും മുതലാളിത്തവും പരസ്പരം രൂ­പപ്പെടുത്തുന്ന വൈരുദ്ധ്യങ്ങളാണെന്ന ആശയമാണ് തത്വചിന്തയും രാഷ്ട്രീയ പാരിസ്ഥിതിക ശാസ്ത്രവും മാര്‍ക്സിസ്റ്റ് ചരിത്രവിശകലന രീതിശാസ്ത്രവും ചേര്‍ത്ത് ജെയ്സണ്‍ മൂര്‍ മുന്നോട്ടുവയ്ക്കുന്നത്. മരങ്ങളും പുഴകളും മലകളും ഉള്‍പ്പെടുന്ന വിലമതിക്കാനാവാത്ത ആവാസവ്യവസ്ഥയെ ചുരുങ്ങിയ ചെലവില്‍ ഉല്പന്നങ്ങളാക്കി വരേണ്യ സമൂഹത്തിന് ലഭ്യമാക്കുക എന്നതാണ് കോളനിവല്‍ക്കരണകാലം തുടങ്ങി മുതലാളിത്തം ചെയ്യുന്നത് എന്ന് മൂര്‍ വിശദമാക്കുന്നു.

ലോകത്താകമാനം രാജ്യങ്ങളെയും ജനവിഭാഗങ്ങളെയും അരികുവല്‍ക്കരിച്ച് കൊണ്ടും അവരുടെ ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയുമാണ് മുതലാളിത്തം വിഭവങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സുലഭമാക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം എന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാന ല­ക്ഷ്യമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെയും മൂലകാരണം. ഭൂമിയുടെ പ്രകൃതിജന്യമായ പ്രവര്‍ത്തനത്തിന് തടസം വരുത്തുകയും ഭൂമിയുടെ ജലസംഭരണത്തെ­യും വായുസ‍ഞ്ചാരത്തെയും ഇല്ലാതാക്കി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാനാണ് ശ്രമിക്കുന്നത്.

റീ സൈക്ലിംഗ് ഒരു പൂര്‍ണ ഉത്തരമല്ല. പക്ഷേ, ആധുനിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക്കുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എങ്കിലും ഭൂമിയുടെ നിലനില്‍പിനും ജീവജാലങ്ങളുടെ അതിജീവനത്തിനും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതായിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള എളുപ്പവഴി അതിനെ വെറുക്കുക എന്നതുമാത്രമാണ്.