ഡാലിയ ജേക്കബ്

ആലപ്പുഴ

January 23, 2020, 9:00 pm

നിരോധനം കർശനമാകുമ്പോഴും കടലിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു

Janayugom Online

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം കർശനമാക്കുമ്പോഴും കടലിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നു. കടലിൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമാണുള്ളത്. പ്ലാസ്റ്റിക് മാലിന്യം കടൽജീവികളിൽ വരുത്തിയ മാറ്റം പരിസ്ഥിതിയെ തകരാറിലാക്കുകയാണ്. മലയാളിയുടെ ഇഷ്ട ഇനങ്ങളായ മത്തിയിലും അയലയിലും കൊഴുവയിലും പ്ലാസ്റ്റിക്കിന്റെ അംശം തുടർച്ചയായി കണ്ടെത്തിക്കഴിഞ്ഞു. കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) കേരള തീരത്തു നടത്തുന്ന പഠനത്തിലാണു ഗൗരവമേറിയ കണ്ടെത്തൽ. കൊച്ചിയുടേയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളിൽ നിന്നായിരുന്നു കൂടുതൽ സാംപിളുകൾ ശേഖരിച്ചത്. കടലിലെ ഉപരിതല മത്സ്യങ്ങൾക്കാണ് പ്ലാസ്റ്റിക് മാലിന്യം കൂടുതൽ ഭീഷണി ഉയർത്തുന്നത്.

കടലിലെ ഉപരിതല മത്സ്യങ്ങളെന്നറിയപ്പെടുന്നവയാണ് അയല, മത്തി, കൊഴുവ എന്നിവ. 2017മുതൽ നടത്തുന്ന പഠനങ്ങളിൽ ആഴക്കടലിലെ മത്സ്യങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നതായി കണ്ടെത്തി. കടലിൽ ഒഴുകി നടക്കുന്ന പ്ലവകങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം ധാരാളമുണ്ട്. മത്സ്യബന്ധന വലകൾ, മാലിന്യങ്ങൾക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, കടലിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്.രാജ്യത്ത് 30 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കടലിൽ അടിഞ്ഞു കൂടിയിട്ടുള്ളത്. 4 ടൺ പ്ലാസ്റ്റിക് കുപ്പികളും മറ്റു സാധനങ്ങളും കടലിന്റെ മുകൾതട്ടിലാണ് കാണപ്പെടുന്നത്. ബാക്കി അടിത്തട്ടിലും. കടലിന്റെ അടിത്തട്ടിലേക്കു പ്ലാസ്റ്റിക് വ്യാപകമായി എത്താൻ തുടങ്ങിയതോടെയാണ് കടൽ ജീവികളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടു തുടങ്ങിയത്.

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി കൃപയാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. മത്സ്യം വേവിച്ചുകഴിക്കുന്നതിനാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ മലയാളികൾക്ക് ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതേക്കുറിച്ച് സിഎംഎഫ്ആർഐ പഠനം തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള രാസപദാർത്ഥങ്ങൾ മീനുകളുടെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് അവയുടെ ജനിതക ഘടനയെത്തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. കടലിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടാവസ്ഥ വെളിപ്പെടുത്തുന്നതാണ് പഠനത്തിലെ കണ്ടെത്തലുകൾ. ഈ വർഷം ആദ്യം മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Plas­tic waste accu­mu­lates in the sea even when the ban is strict

You may also like this video