Friday
18 Oct 2019

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ് അന്തരിച്ചു

By: Web Desk | Monday 10 June 2019 10:26 AM IST


ബംഗളൂരു: ജ്ഞാനപീഠം ജേതാവും പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാഡ് (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം.

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച ഏഴു കന്നഡിഗരില്‍ ഒരാളാണ് ഗിരീഷ് കര്‍ണാഡ്. കൂടാതെ, രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് ഗിരീഷ് കര്‍ണാഡിനെ ആദരിച്ചു. നടന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ സജീവമായിരുന്ന ഗിരീഷ് കര്‍ണാഡിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തുഗ്ളക്,ഹയവദന,യയാതി എന്നിവ മുഖ്യകൃതികളാണ്.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കര്‍ണാഡിന്റെ ജനനം. ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നും വിദ്യാഭ്യാസമെങ്കിലും സാഹിത്യരചന കന്നഡയിലായിരുന്നു. 1958ല്‍ ബിരുദം നേടി. 1960- 63 വരെ ഓക്‌സ്ഫഡ് യൂണിവര്‍സിറ്റിയില്‍ റോഡ്‌സ് സ്‌കോളര്‍ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇകണോമിക്‌സ് എന്നിവ ഐച്ഛിക വിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963ല്‍ ഓക്‌സ്‌ഫെഡ് യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (197678) കേന്ദ്ര സംഗീതനാടക അക്കാദമി (198893) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

(1970-72). സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടര്‍ന്ന് ഹിന്ദി സിനിമാവേദിയില്‍ ബെനഗലിനോടൊപ്പം പ്രവര്‍ത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ പ്രിന്‍സ്, നീലക്കുറിഞ്ഞി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആദ്യ നാടകം യയാതി ഇംഗ്ലണ്ടില്‍ വെച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയില്‍ അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി.

ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് അനുസ്മരണത്തില്‍ പങ്കെടുക്കവെ ‘ഞാനും അര്‍ബന്‍ നക്‌സലാണ്’ എന്ന പ്ലക്കാര്‍ഡ് കഴുത്തലണിഞ്ഞതിന്റെ പേരില്‍ ഗിരീഷ് കര്‍ണാഡിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

You May Also Like This:

Related News