കെ രംഗനാഥ്

തിരുവനന്തപുരം:

February 04, 2021, 10:29 pm

കുമ്മനത്തെ വെട്ടാന്‍ തന്ത്രം; സുരേന്ദ്രനും മുല്ലപ്പള്ളി സിന്‍‍ഡ്രോം

Janayugom Online

ബിജെപി ഗ്രൂപ്പുപോര് മൂര്‍ച്ഛിക്കുന്നതിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിയമസഭാ അങ്കത്തട്ടില്‍ നിന്ന് മുങ്ങുന്നു. ശബരിമല സ്ത്രീ പ്രവേശനവിരുദ്ധ സമരത്തിന്റെ ഭൂമികയായ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലോ കോന്നിയിലോ മത്സരിക്കുമെന്ന് കരുതിയിരുന്ന സുരേന്ദ്രന്‍ പിന്‍വാങ്ങുന്നത് പാര്‍ട്ടിയിലെ എതിര്‍പക്ഷത്തിന്റെ കാലുവാരല്‍ ഭീഷണിമൂലം‍. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്തുനിന്നു മത്സരിക്കാന്‍ മണ്ഡലത്തിലെ കൊച്ചുള്ളൂരില്‍ വീടു വാടകയ്ക്കെടുത്ത് പ്രചരണം തുടങ്ങിയെങ്കിലും അദ്ദേഹവും തോല്‍വി ഭയന്ന് ഉള്‍വലിഞ്ഞമട്ടാണ്.

തോറ്റിട്ടു ഡൽഹിയിൽ ചെന്നാല്‍ കേന്ദ്രമന്ത്രി പദം തിരികെ കിട്ടണമെന്നില്ലെന്നതും മുരളീധരന്റെ പിന്‍വാങ്ങലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിശോധിച്ചാല്‍ മുരളി — സുരേന്ദ്രന്‍ ദ്വയത്തിനെതിരാണ് നേതൃത്വത്തിലെ സിംഹഭാഗവും. പി കെ കൃഷ്ണദാസ് നയിക്കുന്ന വിമതപക്ഷത്തില്‍പ്പെട്ടവരാണ് കുമ്മനം രാജശേഖരന്‍, എം ടി രമേശ്, സി കെ പത്മനാഭന്‍, എം എസ് കുമാര്‍, എ എന്‍ രാധാകൃഷ്ണന്‍, കെ പി ശ്രീശന്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങിയവരടങ്ങുന്ന നീണ്ടനിര. ശോഭാസുരേന്ദ്രന്റെ ഗ്രൂപ്പാണെങ്കില്‍ മുക്കാല്‍ വര്‍ഷത്തോളമായി പാര്‍ട്ടി നേതൃയോഗങ്ങളില്‍ പോലും പങ്കെടുക്കാതെ നില്പാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതും നേതൃത്വവും അണികളും ചെന്നുപെട്ടിരിക്കുന്ന കടുത്ത ഗ്രൂപ്പു വൈരത്തിന്റെ പശ്ചാത്തലത്തിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമത നേതാക്കളായ പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ യഥാക്രമം വട്ടിയൂര്‍ക്കാവിലും നേമത്തെ ശാസ്ത്രി നഗറിലും വാടക വീടുകളെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മറ്റു വിമതനേതാക്കളും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി വിവിധ മണ്ഡലങ്ങളിലെ അങ്കത്തട്ടുകളില്‍ സജീവമായി.

ഇതിനെല്ലാമിടയില്‍ താന്‍ എവിടെ മത്സരിച്ചാലും വിമതപക്ഷം തന്നെ കാലുവാരി തോല്പിക്കുമെന്ന് കെ സുരേന്ദ്രനറിയാം. ഈ പരാജയഭീതി മൂലമാണ് ‘മുല്ലപ്പള്ളി സിന്‍ഡ്രോം’ ബാധിച്ച സുരേന്ദ്രന്‍ താന്‍ മത്സരിക്കാനില്ലെന്ന് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. ബിജെപിയെ വരുന്ന തെരഞ്ഞെടുപ്പില്‍ തുറിച്ചുനോക്കുന്ന കനത്ത തോല്‍വി കഴിഞ്ഞാല്‍ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റിന്റെ കസേരയിലുണ്ടാവില്ലെന്നുറപ്പ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ് നാണംകെട്ട് സ്ഥാനമൊഴിയുന്നതിനേക്കാള്‍ ഭേദം മത്സരിക്കാതെ മാറിനില്ക്കുന്നതാണെന്ന തിരിച്ചറിവും ഇപ്പോഴത്തെ പിന്‍വാങ്ങലിനു പിന്നിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. താന്‍ മത്സരിക്കുന്നില്ലെങ്കിലും വിമതപക്ഷത്തെ നേതാക്കളെ കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ വെട്ടിനിരത്താനുള്ള കരുനീക്കങ്ങള്‍ നേമത്തു നിന്നും സുരേന്ദ്രന്‍ തുടങ്ങിക്കഴിഞ്ഞതായും സൂചനയുണ്ട്.

പാര്‍ട്ടിയുടെ ഏക സിറ്റിംഗ് എംഎല്‍എയായ ഒ രാജഗോപാലിനെ നേമത്തു വീണ്ടും മത്സരിപ്പിച്ചേക്കുമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞതും യാദൃശ്ചികമല്ല. വിമതപക്ഷത്തെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്കു പകരം ദേശീയ നേതൃത്വം നാടകീയമായി കെട്ടിയിറക്കുന്നവരെയും രംഗത്തിറക്കി വിമതവിരുദ്ധകളി കൊഴുപ്പിക്കാനും സുരേന്ദ്രന്‍-മുരളി അച്ചുതണ്ട് നീക്കമാരംഭിച്ചു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര വിദഗ്ധരിലൊരാളായ ബാലശങ്കറിനെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനം ഈ ഗെയിംപ്ലാനിന്റെ നാന്ദിയാണെന്ന് വിമതപക്ഷത്തിന് ആശങ്കയുണ്ട്.

ENGLISH SUMMARY;Plot to cut Kum­man; Suren­dran and Mul­lap­pal­ly Syndrome

YOU MAY ALSO LIKE THIS VIDEO