Web Desk

തിരുവനന്തപുരം

July 28, 2021, 3:32 pm

പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം വിജയം; പരീക്ഷാഫലം ഈ സൈറ്റുകളില്‍ അറിയാം

Janayugom Online

കോവിഡ് തീര്‍ത്ത വെല്ലുവിളിയിലും പത്തരമാറ്റ് വിജയം കൊയ്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍. 87.94 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. 2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം പ്ലസ് ടു വിജയശതമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ്- 90.52 ശതമാനം, ഹ്യുമാനിറ്റീസ്-80.4 ശതമാനം, കൊമേഴ്സ്- 89.13 ശതമാനം, ആർട്ട്- 89.33 ശതമാനം എന്നിങ്ങനെയാണ് വിജയശതമാനം. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 53 ശതമാനമാണ് വിജയം. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ, 91.11 ശതമാനം. വിജയശതമാനം കുറവ് പത്തനംതിട്ടയിലും, 82.53 ശതമാനം. 136 സ്‌കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 11 സർക്കാർ സ്‌കൂളുകളും 36 എയ്ഡഡ് സ്‌കൂളുകളും 79 അൺ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്.

മലപ്പുറത്താണ് കൂടുതൽ പേർ പരീക്ഷ എഴുതിയത്, 57,629 പേർ. കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ്, 9465 പേര്‍. 48,383 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. മലപ്പുറത്താണ് കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്, 6707 പേർ. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയത്, 841 വിദ്യാർത്ഥികൾ. മലപ്പുറം കോട്ടയ്ക്കൽ രാജാസ് ജിഎച്ച്എസ്എസ് ആണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷയ്ക്കിരുത്തിയ സർക്കാർ സ്‌കൂൾ. 705 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

സേ പരീക്ഷ ഓഗസ്റ്റ് 11 ന് ആരംഭിക്കും
പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കും സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 31നകം അപേക്ഷിക്കണം. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 11ന് ആരംഭിക്കും. ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടക്കും.

You may also like this video: