പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 11, 2020, 9:31 pm

ഹൈക്കോടതിയിൽ കേന്ദ്രം: പിഎംകെയേഴ്സ് പൊതുവായതല്ല

Janayugom Online

കോവിഡ് 19 പ്രതിരോധത്തിനെന്ന പേരിൽ മോഡി സർക്കാർ ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ട് പൊതു സംവിധാന (പബ്ലിക് അതോറിറ്റി) മല്ലെന്ന് കേന്ദ്ര സർക്കാർ. പിഎം കെയേഴ്സ് ഫണ്ടിന് പബ്ലിക് അതോറിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംയക് ഗാങ്വാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിലപാട് അറിയിച്ചത്. ഹർജി പരിഗണിക്കാൻ പോലുമുള്ള നിയമസാധുതയില്ലെന്നാണ് കേന്ദ്രസർക്കാരിനുവേണ്ടി സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. കേസ് ഓഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കും.

പിഎം കെയേഴ്സുമായി ബന്ധപ്പെട്ടുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് നിരാകരിച്ചിരുന്നു. പിഎം കെയേഴ്സ് ഫണ്ട് പബ്ലിക് അതോറിറ്റി അല്ലെന്നും അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. തുടർന്നാണ് ഗാങ്വാൾ ഹൈക്കോടതിയെ സമീപിച്ചത്. പിഎം കെയേഴ്സ് രൂപീകരിച്ച ട്രസ്റ്റ് ഡീഡ്, സർക്കാർ ഉത്തരവുകൾ, വിജ്ഞാപനങ്ങൾ എന്നിവയുടെ പകർപ്പുകളാണ് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടത്.
പിഎം കെയേഴ്സ് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷകൾ നേരത്തെയും പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചിരുന്നു. ഒരു കൂട്ടം ചോദ്യങ്ങൾക്ക് ഒരുമിച്ച് മറുപടി നൽകാൻ കഴിയില്ലെന്നും ഇതിനായി പ്രത്യേക ഫീസ് ഒടുക്കണമെന്നും സൂചിപ്പിച്ചാണ് വിവരാവകാശ പ്രവർത്തകനായ വിക്രാന്ത് തോംഗാഡ് നൽകിയ അപേക്ഷ തള്ളിയത്.

മാർച്ച് 28നാണ് കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിനെ അവഗണിച്ച് പിഎം കെയേഴ്സ് രൂപീകരിച്ചത്. പ്രധാനമന്ത്രി എക്സ് ഒഫിഷ്യോ ചെയർമാനും ആഭ്യന്തരം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായാണ് പിഎം കെയേഴ്സ് രൂപീകരിച്ചത്. എങ്കിലും സിഎജി ഓഡിറ്റ് ഒഴിവാക്കുന്നതിനായി ട്രസ്റ്റായാണ് പുതിയ സംവിധാനം തയ്യാറാക്കിയത്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ ഒരു സമിതിയെ എന്തുകൊണ്ടാണ് ഇത്തരത്തിൽ രൂപീകരിക്കുന്നതെന്ന സംശയം അപ്പോൾ തന്നെ ഉയർന്നിരുന്നു.

സംവിധാനത്തിന്റെ പേര് (പിഎം കെയേഴ്സ്- പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൻ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റ്യുവേഷൻസ് ഫണ്ട്), ട്രസ്റ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളും ചട്ടങ്ങളും, നിയന്ത്രണം, പദ്ധതിക്കായുള്ള ഔദ്യോഗിക മുദ്ര തുടങ്ങിയ കാര്യങ്ങളിൽ നിന്നും പിഎം കെയേഴ്സ് സംവിധാനം പബ്ലിക് അതോറിറ്റിയെന്നാണ് വ്യക്തമാകുന്നത്. വിവരാവകാശ അപേക്ഷ നിരസിച്ചതിലൂടെ സർക്കാരിന് പിഎം കെയേഴ്സ് സംബന്ധിച്ച ദുരൂഹതകൾ മറച്ചുവയ്ക്കാനുണ്ടെന്നാണ് വ്യക്തമാകുന്നത്.

എന്താണ് പബ്ലിക് അതോറിറ്റി
വിവരാവകാശ നിയമത്തിന്റെ രണ്ട് (എച്ച്) വകുപ്പ് പ്രകാരം പബ്ലിക് അതോറിറ്റിക്ക് വ്യക്തമായ നിർവചനം നൽകിയിട്ടുണ്ട്. ഭരണഘടനയെ അടിസ്ഥാനമാക്കി പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നത്, സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നത്, സർക്കാരുകളുടെ പ്രത്യേക വിജ്ഞാപനം അനുസരിച്ച് രൂപീകരിക്കുന്നത്- എല്ലാം തന്നെ പബ്ലിക് അതോറിറ്റിയുടെ പരിധിയിൽ വരുമെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നുമാണ് രണ്ട് (എച്ച്) വകുപ്പ് പറയുന്നത്. സർക്കാരുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളും പബ്ലിക് അതോറിറ്റിയുടെ പരിധിയിൽ വരുമെന്നാണ് നിയമ വിദഗ്ധർ വിലയിരുത്തുന്നത്.

Eng­lish sum­ma­ry; The Cen­tral Gov­ern­ment says the PM Cares Fund is not a pub­lic authority

you may also like this video;