February 4, 2023 Saturday

പിഎം കെയർ; പ്രധാനമന്ത്രി വ്യക്തത വരുത്തണം: ധനമന്ത്രി തോമസ് ഐസക്

Janayugom Webdesk
തിരുവനന്തപുരം
April 3, 2020 8:16 pm

പുതിയ പിഎം കെയർ സംബന്ധിച്ച ദുരൂഹതകൾക്കും സംശയങ്ങൾക്കും അറുതി വരുത്താൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണമെന്ന് സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് ആശ്യപ്പെട്ടു. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് അടിയന്തര സഹായമെത്തിക്കാൻ പിഎം കെയർ എന്ന പേരിൽ പുതിയൊരു നിധി രൂപീകരിച്ചിരിക്കുമ്പോൾ 1948 മുതലുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് എന്ത് പരിമിതിയാണുള്ളതെന്ന് മോഡി സർക്കാർ വ്യക്തമാക്കണം. മോഡി ഭരണത്തിനു കീഴിൽ ഈ ഫണ്ടിന്റെ വർദ്ധനയ്ക്ക് ആനുപാതികമായി ചെലവ് ഉയരുകയുണ്ടായില്ലെന്നും അതുകൊണ്ട് ഇപ്പോഴും 3800 കോടി രൂപ ഈ നിധിയിൽ ബാക്കിയുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
തീർത്തും ആകസ്മികമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പിഎം കെയേഴ്സ് എന്ന ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള അറിയിപ്പ് പുറത്തുവന്നത്. കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണോ ട്രസ്റ്റ് രൂപീകരിച്ചതും ഫണ്ട് സ്വരൂപണവുമെന്നോ, ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്നതിലോ വ്യക്തതയില്ല. അരമണിക്കൂറിനകം തന്നെ ഒരു സ്വകാര്യ കമ്പനി മാര്‍ഗനിര്‍ദ്ദേശങ്ങൾ വച്ച് ആപ്പുമായി മുന്നോട്ടുവന്നു. കോർപറേറ്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും പിഎം കെയർ ഫണ്ടിലേയ്ക്ക് സംഭാവന ഒഴുക്കുകയാണ്. കമ്പനികൾ മാത്രമല്ല, കായികതാരങ്ങളും സിനിമാ സെലിബ്രിറ്റികളുമൊക്കെ പിഎം കെയറിലേയ്ക്ക് കൈയയച്ചു സംഭാവന നൽകുന്നുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന ഫണ്ടിനെ അപ്രസക്തമാക്കും വിധമാണ് സംഭാവനാപ്രവാഹം.
കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. കൃത്യമായ നടപടിക്രമങ്ങളും ഓഡിറ്റുള്ള സർക്കാർ ദുരിതാശ്വാസ നിധിയ്ക്ക് വിദേശ സഹായം തടയുകയും, ട്രസ്റ്റിന്റെ പേരിൽ രൂപീകരിച്ച പിഎം കെയേഴ്സിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ മറികടന്ന് വിദേശ സഹായം സ്വീകരിക്കുകയും ചെയ്യുന്നതിൽ യാതൊരു നീതീകരണവുമില്ലെന്നും മന്ത്രി പറഞ്ഞു.
പിഎം കെയേഴ്സ് ഫണ്ടിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയില്ല. പലകാര്യങ്ങൾക്കും വ്യക്തതയില്ല. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുന്ന സംഭാവനയ്ക്ക് സെക്ഷൻ 80 (ജി) പ്രകാരം നൂറ് ശതമാനം ആദായനികുതി ഇളവ് ലഭ്യമാണ്. എന്നാൽ പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുകയെന്നത് വ്യക്തമല്ല. പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇരകളെ സഹായിക്കാനെന്ന പേരിൽ ‘ഭാരത് കെ വീർ’ എന്ന പേരിലൊരു ഫണ്ട് ശേഖരിച്ചിരുന്നു. ഈ ഫണ്ടിന്റെ വിനിയോഗം ഇന്നും വിവാദമാണ്.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ സഹായം എത്തിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്. ഇതിന് അംഗീകൃത ബജറ്റിലെ വിവിധ സ്കീമുകൾക്കായി വകയിരുത്തിയിരിക്കുന്ന പണം മതിയാകാതെ വരും. ജീവകാരുണ്യപരമായ കാരണങ്ങൾകൊണ്ട് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഇരകളെ സഹായിക്കുന്നതിന് ഒട്ടേറെപേർ മുന്നോട്ടുവരും. അവർക്ക് വിശ്വാസ്യതയോടെ പണം ഏൽപ്പിക്കുന്നതിന് സൗകര്യമുണ്ടാകണം. ഇതൊക്കെയാണ് ദുരിതാശ്വാസ നിധിയുടെ പ്രസക്തി. കേരളത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചെലവഴിക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. ആ ചട്ടങ്ങൾക്കു വ്യത്യസ്തമായി പണം ചെലവഴിക്കണമെങ്കിൽ കേരളത്തിൽ കാബിനറ്റിന്റെ അംഗീകാരം വേണം. സമാനതകളില്ലാത്ത ദുരന്തത്തെയാണ് രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്നത്. എല്ലാവരും അവരുടെ കഴിവനുസരിച്ച് ദുരിതാശ്വാസ നിധികളിലേയ്ക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.