പിഎം കെയേഴ്സ്: വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്ന് കേന്ദ്രം

Web Desk
Posted on June 02, 2020, 9:54 pm

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കൊറോണ പ്രതിരോധ പ്രത്യേക ദുരിതാശ്വാസ ഫണ്ടായ പിഎം കെയേഴ്സിലേക്കെത്തുന്ന സംഭാവനകളും അവയുടെ ചെലവിനെ കുറിച്ചും വിവരങ്ങൾ ആരാഞ്ഞുള്ള ഹർജി തള്ളണമെന്ന് ഹൈക്കോടതിയിൽ കേന്ദ്രത്തിന്റെ അപേക്ഷ.
ഫണ്ടിലേക്കെത്തുന്ന തുകയും അവയുടെ ചെലവും നിശ്ചിത സമയത്തിൽ കേന്ദ്രം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്. മാർച്ചിൽ ഫണ്ട് രൂപീകരിച്ചതുമുതൽ രക്ഷാധികാരികളായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ചെയർപേഴ്സണായ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അംഗങ്ങളായ ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി ഇവരെ കൂടാതെ മറ്റ് മൂന്ന് അംഗങ്ങളെ കൂടി ഫണ്ടിന്റെ രക്ഷാധികാരിയായി നിയമിക്കുമെന്നാണ് മാർഗ നിർദേശങ്ങളിൽ പറഞ്ഞിരുന്നത്. ഫണ്ടിന്റെ സുതാര്യതയ്ക്കു വേണ്ടി പ്രതിപക്ഷത്തു നിന്നും രണ്ട് അംഗങ്ങളെ കൂടി ഇതിൽ ഉൾപ്പെടുത്തുകയോ നാമനിർദേശം ചെയ്യുകയോ വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സമാന ആവശ്യം ഉന്നയിച്ച് ഏപ്രിലിൽ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നുവെന്നും അതിനാൽ ഈ ഹർജിയും തള്ളണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ഹർജിയിൽ ആശ്യപ്പെടുന്ന വിവരങ്ങൾ വ്യത്യസ്തമാണെന്നും രണ്ടാഴ്ചക്കുള്ളിൽ ഹർജിയിൽ വിശദീകരണം നൽകണമെന്നും കോടതി അദ്ദേഹത്തിന് നിർദേശം നൽകി. പിഎം കെയേഴ്സിനെതിരെ നേരത്തേ മുതൽ നിരവധി ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു.

eng­lish sum­ma­ry: pm-cares-cen­tre-asked-refuse-the-petion

you may also like this video