Web Desk

ന്യൂഡൽഹി

August 20, 2020, 10:46 pm

പിഎം കെയേഴ്സ്: പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയത് 2,105 കോടി

Janayugom Online

കോവിഡ് പ്രതിരോധത്തിനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്സിലേക്ക് 38ലധികം പൊതു മേഖലാ സ്ഥാപനങ്ങൾ 2,105 കോടിയിലധികം രൂപ സംഭാവന നൽകിയെന്ന് വിവരാവകാശ രേഖ. ഇന്ത്യൻ എക്സ്പ്രസ് സമർപ്പിച്ച വിവരാവകാശത്തിന് മറുപടിയായിട്ടാണ് ഈ വിവരങ്ങൾ ലഭിച്ചത്.

മാർച്ച് 28ന് പിഎം കെയേഴ്സ് ഫണ്ട് ആരംഭിച്ചതുമുതൽ ഒഎൻജിസി, ഐആർസിടിസി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്,ഓയിൽ ഇന്ത്യ, കോൾ ഇന്ത്യ ഉൾപ്പെടെയുള്ള 38 പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 2,105 കോടിയിലധികം രൂപ പിഎം കെയേഴ്സിലെത്തിയെന്നു പറയുന്നു. ഓഗസ്റ്റ് 13 വരെ 55 പൊതുമേഖല സ്ഥാപനങ്ങൾ പിഎം കെയേഴ്സിലേക്ക് എത്ര രൂപ സംഭാവന നൽകിയെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ 38 സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രമാണ് നൽകിയത്.

ഏറ്റവും കൂടുതൽ തുക സംഭവന നൽകിയത് ഒഎൻജിസിയാണ്. 300 കോടി. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപി‌സി) 250 കോടി, ഇന്ത്യൻ ഓയിൽ 225 കോടി, പവർ ഫിനാൻസ് കോർപ്പറേഷൻ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 200 കോടി വീതം എന്നിങ്ങനെയാണ് കൂടുതൽ തുക നൽകിയ മറ്റ് സ്ഥാപനങ്ങൾ.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, നാഷണൽ മിനറൽ ഡവലെപ്പ്മെന്റ് കോർപ്പറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം, കോൾ ഇന്ത്യ എന്നീ സ്ഥാപനങ്ങൾ 100 കോടിയിലധികം രൂപ സംഭാവന നല്‍കിയവരിൽ ഉൾപ്പെടുന്നു. 2019–20 വർഷത്തിലെ സിഎസ്ആർ ഫണ്ടാണ് സ്ഥാപനങ്ങൾ പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയതെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. മാർച്ച് 31 വരെ 3,076.62 കോടിയാണ് പിഎം കെയേഴ്സിലെത്തിയത്.

Eng­lish sum­ma­ry: PM Cares: PSUs paid Rs 2,105 crore

You may also like this video: