Web Desk

ന്യൂഡൽഹി

September 28, 2020, 9:41 pm

പി എം കെയേ‌ഴ്‌സ്; ബാങ്കിങ് ജീവനക്കാരിൽ നിന്നും പിരിച്ചെടുത്തത് 205 കോടി

Janayugom Online

പി എം കെയേഴ്‌സിലേയ്ക്ക് ബാങ്ക്, ബാങ്കിങ് ഇതര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും 205 കോടി രൂപ പിരിച്ചെടുത്തുവെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 15 പൊതുമേഖല, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് തുക പിരിച്ചെടുത്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 204.75 കോടിരൂപയാണ് ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തത്. 15 സ്ഥാപനങ്ങളിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 28ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക കോവിഡ് ദുരിതാശ്വാസ ഫണ്ടായ പി എം കെയേഴ്‌സിൽ മാർച്ച് 31 ആകുമ്പോഴേക്കും 3,076.62 കോടി രൂപയാണ് എത്തിയത്. ഇതിൽ 3,075.85 കോടി രൂപ സ്വമേധയാലുള്ള സംഭാവനകൾ ആണെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ ശമ്പളത്തിന് പുറമെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവ 144.5 കോടിയുടെ സംഭാവന നൽകി. സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നാണ് സ്ഥാപനങ്ങൾ ഈ സംഭാവന നൽകിയത്. ഈ സംഭാവനകൾ ഉൾപ്പെടെ ബാങ്കുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമായി 349.25 കോടി പിഎം കെയേഴ്‌സിലേക്കത്തി. സംഭാവനകൾ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാൻ കഴിയില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഫണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ചില വിവരങ്ങൾ ലഭ്യമാണെങ്കിലും സംഭാവന നൽകിയവരുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(107.95 കോടി), കനറ ബാങ്ക് (15.53 കോടി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (14.81 കോടി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (11.89), കാർഷിക ഗ്രാമ വികസന ബാങ്ക് (9.4 കോടി), എൽഐസി (8.64), ആർബിഐ (7.34 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര (5 കോടി), സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് (80ലക്ഷം), ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി (16.8 ലക്ഷം), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ (14.51 കോടി), നാഷണൽ ഹൗസിങ് ബാങ്ക് (3.82 കോടി) എന്നിങ്ങനെയാണ് സംഭാവന നൽകിയത്. നവോദയ സ്കൂളുകൾ, ഐഐടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾ 21.81 കോടി ഫണ്ടിലേക്ക് സംഭാവന നൽകിയതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. ഈ തുകയിൽ ഭൂരിപക്ഷവും ജീവനക്കാരുടെ സാലറിയിൽ നിന്നും പിരിച്ചെടുത്തതാണ്. 38 പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നായി 2,105 കോടി രൂപ ഫണ്ടിലേക്കെത്തിയെന്ന വിവരാവകാശ രേഖയും അടുത്തിടെ പുറത്തുവന്നിരുന്നു.

Eng­lish sum­ma­ry; pm cares updation

You may also like this video;