Web Desk

ന്യൂഡല്‍ഹി

April 11, 2020, 9:29 pm

പിഎം കിസാൻ: അടിയന്തര ആനുകൂല്യം ലഭിക്കാതെ രണ്ടുകോടി കർഷകർ

Janayugom Online

ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളും പാഴ് വാക്കായി. പിഎം കിസാന്‍ പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ഏപ്രില്‍ ആദ്യ വാരം തന്നെ വിതരണം ചെയ്യുമെന്നായിരുന്നു ലോക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നത്. 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തരസഹായം പ്രയോജനപ്പെടുമെന്നായിരുന്നു കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവരിൽ 1.82 കോടി പേർക്ക് ഇതുവരെ ആനുകൂല്യങ്ങൾ ലഭ്യമായിട്ടില്ലെന്ന് കേന്ദ്രസർക്കാരിന്റെ തന്നെ കണക്കുകൾ തെളിയിക്കുന്നു. അതേസമയം ആദ്യവർഷത്തെ ആനുകൂല്യവും 75 ശതമാനം കർഷകർക്ക് ഇതുവരെ പൂർണ്ണമായി ലഭിച്ചിട്ടില്ല. കൃഷി മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം 2023–21 സാമ്പത്തികവർഷത്തെ ആദ്യ ഗഡു 6.86 കോടി കർഷകര്‍ക്കാണ് നൽകിയിട്ടുള്ളത്. ആനുകൂല്യത്തിന് അർഹരായവരിൽ അഞ്ചിലൊന്ന് വിഭാഗത്തിന് അടിയന്തര സഹായം ലഭ്യമായിട്ടില്ലെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

ആകെ 15,400 കോടിയാണ് ലോക്ഡൗണിന് ശേഷം അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളത്. ഇതിൽ 1,675 കോടി കഴിഞ്ഞവർഷം നൽകാനുള്ള കുടിശ്ശികയാണെന്നും 13,726 കോടി 2020–21 വർഷത്തെ ആനുകൂല്യവിതരണമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. അതേസമയം ആനുകൂല്യത്തിന് അർഹരായ കർഷകരുടെ എണ്ണത്തെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പിഎം കിസാൻ സിഇഒയായ വിവേക് അഗർവാൾ ഒമ്പതുകോടി കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു അവകാശപ്പെട്ടിട്ടുള്ളത്. നിർമ്മല സീതാരാമന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ സമയംവരെ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ എണ്ണമാണിത്. ഈ കണക്കുകൾ പരിഗണിച്ചാൽ ഇനിയും ആനുകൂല്യം ലഭിക്കാനുള്ള കർഷകരുടെ എണ്ണം 2.13 കോടിയായി ഉയരും. ഇത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ 23 ശതമാനത്തിലേറെ വരും. നേരത്തെ തന്നെ അഗര്‍വാൾ ഏപ്രിൽ മാസത്തിൽ ആനുകൂല്യം ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. ഇക്കാരണത്താൽ അടിയന്തരസഹായ വിതരണം എന്ന വാദം കേന്ദ്രസർക്കാരിന്റെ തട്ടിപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2019 ഫെബുവരിയിൽ തെരഞ്ഞെടുപ്പിന് മുമ്പായി പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടത് രാജ്യത്തെ 12 കോടി കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു. അധികാരത്തിലെത്തിയ ശേഷം കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്നും 14.5 കോടി പേർക്ക് ആനുകൂല്യം നൽകുമെന്നും മോഡി പ്രഖ്യാപിച്ചിരുന്നു. ഈ കണക്കുകൾ പരിഗണിച്ചാൽ കൂടുതൽപേർക്ക് ആനുകൂല്യം ലഭിക്കാനുണ്ട്. പശ്ചിമബംഗാൾ ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ല. ഇക്കാരണത്താൽ 70 ലക്ഷം കർഷകരും പദ്ധതിക്ക് പുറത്താണ്. പിഎം കിസാൻ പദ്ധതിയുടെ ഫണ്ട് പൂർണ്ണമായും വിനിയോഗിക്കുന്നുല്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിലായി 95,000 കോടിയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. എന്നാൽ 56,000 കോടിയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. 39,000 കോടിയാണ് പദ്ധതിത്തുക ചെലവഴിക്കാതെ അവശേഷിക്കുന്നത്.

Eng­lish Sum­ma­ry: PM Kisan: Two crore farm­ers with­out imme­di­ate benefit

You may also like this video