ഓഗസ്റ്റിനും നവംബറിനുമിടെ മോഡി നടത്തിയത് ഏഴ് വിദേശയാത്രകൾ

Web Desk
Posted on November 20, 2019, 10:21 pm

ന്യൂഡൽഹി: ഈ വർഷം ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഏഴ് വിദേശയാത്രകൾ നടത്തിയെന്നും ഒമ്പത് വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്‌സഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഭൂട്ടാൻ, ഫ്രാൻസ്, യുഎഇ, ബഹ്റൈൻ, റഷ്യ, യു എസ്, സൗദി അറേബ്യ, തായ്‌ലൻഡ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓഗസ്റ്റിനും നവംബറിനുമിടെ സന്ദർശിച്ചത്. സെപ്റ്റംബർ 22 ന് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടി അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്സാസ് ഇന്ത്യ ഫോറം എന്ന സന്നദ്ധ സംഘടനയാണ് സംഘടിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.

സെപ്റ്റംബർ 21 മുതൽ 27 വരെ അമേരിക്കൻ സന്ദർശനം നടത്തിയ പ്രധാനമന്ത്രി മോഡി ഹൗഡി മോഡി പരിപാടിയുടെ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് അതിൽ പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് ഈ കാലയളവിൽ സന്ദർശിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സഹമന്ത്രി വി മുരളീധരനും 16 രാജ്യങ്ങൾവീതം ഈ കാലയളവിൽ സന്ദർശിച്ചു.