ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്: സൈന്യത്തിന്റെ നിയന്ത്രണവും കേന്ദ്രീകരിക്കുന്നു

Web Desk
Posted on August 15, 2019, 4:33 pm

ന്യൂഡല്‍ഹി: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) എന്ന പേരില്‍ പുതിയ സൈനിക പരമാധികാരിയെ നിയമിക്കുന്നത് സൈന്യത്തിന്റെ നിയന്ത്രണം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നതിന് ഇടയാക്കുമെന്ന് ആശങ്ക.
രാജ്യത്ത് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഇനി ഒരൊറ്റ മേധാവിയായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ പുതിയ തസ്തിയുണ്ടാക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. എന്നാല്‍ സൈന്യത്തിന്റെ എല്ലാ അധികാരങ്ങളും ഒരാളില്‍ നിക്ഷിപ്തമാകുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷംചെയ്യുമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. നിലവില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൂട്ടായ ചര്‍ച്ചകളിലൂടെയാണ്. ഈ സംവിധാനമാണ് പുതിയ നിയമനത്തോടെ ഇല്ലാതാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ബിപിന്‍ റാവത്ത് നിയമിതനായേക്കുമെന്നാണ് സൂചന. നിലവിലുള്ള സേനാമേധാവികളില്‍ എയര്‍മാര്‍ഷല്‍ ബി എസ് ധനോവയാണ് ഏറ്റവും മുതിര്‍ന്നയാള്‍.  26ാം ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ റാവത്ത് 2019 ഡിസംബറില്‍ വിരമിക്കാനിരിക്കുകയാണ്. ഏറ്റവും മുതിര്‍ന്ന മിലിട്ടറി കമാന്‍ഡര്‍ എന്ന നിലയില്‍ അദ്ദേഹത്തെ തന്നെ പുതിയ പദവിയില്‍ നിയോഗിക്കുമെന്നാണ് സൂചനകള്‍. സേനയുടെ നവീകരണമടക്കമുള്ള ഉത്തരവാദിത്തങ്ങളാണ് കര, നാവിക, വ്യോമ സൈന്യത്തിന്റെ സംയുക്ത മേധാവി നിര്‍വഹിക്കുക.
മൂന്ന് സൈനിക മേധാവികളുമായി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സിഡിഎസിന്റെ റാങ്ക് സംബന്ധിച്ച ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉന്നതതല നിര്‍വഹണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ഉള്‍പ്പെട്ട സമിതി മൂന്നു മാസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.