ജനങ്ങൾ വിഢികളാണെന്നു മോഡി കരുതരുതെന്നും രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം പോലും അപകടത്തിലാണെന്നും പ്രിയങ്ക

Web Desk
Posted on March 20, 2019, 6:42 pm

ന്യൂഡല്‍ഹി: ജനങ്ങൾ വിഢികളാണെന്നു മോഡി കരുതരുതെന്നും രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം പോലും അപകടത്തിലാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.  കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ്  എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത് . കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ക്കുകയാണ്‌ ‚ഗംഗാ യാത്രയുടെ മൂന്നാം ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ കുടുംബ വാഴ്‌ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിച്ചുവെന്ന് മോദി തന്റെ ബ്ലോഗില്‍ ആരോപിച്ചിരുന്നു. 2014ല്‍ കുടുംബാധിപത്യത്തിന് ബദലായി ജനങ്ങള്‍ സത്യത്തിന് വോട്ടുചെയ്‌തെന്നും മോദി പറഞ്ഞിരുന്നു.

ഓരോ ഭരണഘടനാ സ്ഥാപനത്തെയും മോദി ആക്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞ 5 വര്‍ഷം രാജ്യത്തെ മാദ്ധ്യമങ്ങളെ വരെ മോദി ആക്രമിച്ചു. ജനങ്ങള്‍ വിഡ്ഢികളാണെന്ന് മോദി കരുതരുത്. ഇപ്പോള്‍ നടക്കുന്നതെല്ലാം അവര്‍ കാണുന്നുണ്ട്. അധികാരത്തിന്റെ ഗര്‍വ് ബാധിച്ചവര്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ നിശബ്‌ദരാക്കാമെന്ന് മിഥ്യാധാരണയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ഭയപ്പെടുത്താമെന്നും അവര്‍ കരുതുന്നു. എന്തൊക്കെ ചെയ്‌താലും തന്നെ പേടിപ്പിക്കാന്‍ കഴിയില്ല. എത്ര തന്നെ ദ്രോഹിച്ചാലും തങ്ങള്‍ പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് പ്രിയങ്കാ ഗാന്ധിയുടെ ത്രിദിന ഗംഗാ യാത്ര സംഘടിപ്പിച്ചത്. പ്രയാഗ്‌രാജില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് വാരണാസിയില്‍ അവസാനിക്കും. ധനികര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാവല്‍ക്കാരനാകുന്നതെന്നും കര്‍ഷകര്‍ക്ക് കാവലില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ യാത്ര ആരംഭിച്ചത്.