ജി20 ; ഭീകരത മനുഷ്യത്വത്തിനുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് നരേന്ദ്രമോഡി

Web Desk
Posted on June 28, 2019, 10:08 am

ഒസാക്ക:ഭീകരത മനുഷ്യത്വത്തിനുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ജി 20 ഉച്ചകോടിക്കിടെ ബ്രിക്സ് രാഷ്ട്രതലവന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.  ഉച്ചകോടിക്കിടെ   പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്രമോഡിയെ ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഈ വിജയം മോഡി അര്‍ഹിക്കുന്നതാണെന്നും എല്ലാവരെയും ഒരുമിപ്പിക്കുന്നതില്‍ മോഡി മഹത്തായ കാര്യമാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ വശം എത്തിച്ച കത്തില്‍ ഇന്ത്യയോടുളള സ്‌നേഹം വ്യക്തമാക്കിയതിന് പ്രധാനമന്ത്രി മോഡി ട്രംപിന് നന്ദി അറിയിച്ചു. വ്യാപാരം പ്രതിരോധം, 5 ജി കമ്യൂണിക്കേഷന്‍ എന്നീവിഷയങ്ങളില്‍ ആണ് ചര്‍ച്ച നടക്കുക.

വ്യാപാരമുന്‍ഗണനാപട്ടികയില്‍നിന്ന് ഒഴിവാക്കിയത് പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. അങ്ങനെയാണെങ്കില്‍ 28 സാമഗ്രികളുടെ മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവയുടെ കാര്യത്തില്‍ ഇളവിന് ഇന്ത്യ തയ്യാറായേക്കും.

സൈനിക മേഖലയില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നുമാണ് സൂചന.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചതിനെതിരെ ട്രംപ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും പിന്‍വലിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്തിട്ടില്ലാത്ത അത്രയും ഏറെ തങ്ങള്‍ ഇപ്പോള്‍ സൗഹൃദത്തിലായെന്നു പറഞ്ഞ ട്രംപ് സൈനിക വിഷയങ്ങളിലടക്കം നിരവധികാര്യങ്ങളില്‍ ഒരുമിച്ച് നീങ്ങണമെന്നും വ്യാപാരകാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി. അമേരിക്കയും ഇന്ത്യും ജപ്പാനും ഉള്‍പ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്. ഭീകരത തടയല്‍,സമാധാനാന്തരീക്ഷം സൃഷ്ടിക്കല്‍, വ്യാപാരപ്രശനങ്ങള്‍ പരിഹരിക്കല്‍ തുടങ്ങി നിരവധി മേഖലകളില്‍ ജി 20 ഉച്ചകോടി നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തുമെന്ന് കരുതപ്പെടുന്നു.