ചന്ദ്രയാന്‍ ലാന്‍ഡിങ് പരാജയത്തിന് കാരണം മോഡിയുടെ സാന്നിധ്യം: കുമാരസ്വാമി

Web Desk
Posted on September 13, 2019, 1:37 pm

ബംഗളുരു: ചന്ദ്രയാന്‍ 2 ലാന്‍ഡിങ് പരാജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോഡി ഐഎസ്ആര്‍ഒയിലെത്തിയതുകൊണ്ടുള്ള നിര്‍ഭാഗ്യമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
ദൗത്യത്തിന്റെ അവകാശം ഏറ്റെടുക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ബംഗളുരുവിലെത്തിയത്. മോഡി കാലെടുത്തുവച്ചതോടെ ശാസ്ത്രജ്ഞന്മാരെ നിര്‍ഭാഗ്യം വലയംചെയ്യുകയായിരുന്നുവെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞന്മാരുടെ പത്തുമുതല്‍ പന്ത്രണ്ടുവരെ വര്‍ഷത്തെ പ്രയത്‌നമാണ് മോഡി കാരണം ഇല്ലാതായതെന്നു കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
2008 ല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ചാന്ദ്രദൗത്യത്തിന് അതേവര്‍ഷം തന്നെ ഫണ്ടും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ദൗത്യത്തിന്റെ അവകാശം ഉന്നയിക്കാനുള്ള മോഡിയുടെ ശ്രമമാണ് ഉണ്ടായത്. മൂന്ന് കേന്ദ്രമന്ത്രിമാരും കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയും ഒരു കര്‍ണാടക ഉപമുഖ്യമന്ത്രിയും മോഡിക്കൊപ്പം ഐസ്്ആര്‍ഓ ട്രാക്കിങ് സെന്ററിലെത്തിയെങ്കിലും ഇവരോട് മടങ്ങിപ്പോകാന്‍ മോഡി ആവശ്യപ്പെട്ടുവെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ ഏഴിന് നടന്ന സോഫ്റ്റ് ലാന്‍ഡിങ് ശ്രമം പരാജയപ്പെടുകയും ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ലാന്‍ഡറുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടപ്പെടുകയുമായിരുന്നു.