മോഡിയുടെ റഷ്യന്‍ സന്ദര്‍ശനം പരാജയമെന്ന് നയതന്ത്ര വിദഗ്ധര്‍

Web Desk
Posted on September 05, 2019, 11:34 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യന്‍ സന്ദര്‍ശനം പരാജയമെന്ന് നയതന്ത്രവിദഗ്ധര്‍. മോഡിയുടെ വഌഡിവോസ്റ്റോക്ക് സന്ദര്‍ശനം ആള്‍ഡസ് ഹക്‌സിലി എന്ന വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരന്റെ ബ്രേവ് ന്യൂ വേള്‍ഡ് എന്ന നോവലിലെ ബെര്‍ണാഡ് മാക്‌സ് എന്ന കഥാപാത്രത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നാണ് നയതന്ത്രവൃത്തങ്ങളുടെ വിലയിരുത്തല്‍.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനമായ ലോജിസ്റ്റിക് കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് നേരത്തെ വിദേശകാര്യ വക്താവ് അറിയിച്ചത്. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് അനിശ്ചിതമായി നീട്ടി.

വിദേശനയങ്ങളില്‍ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളുടെ വൈരുദ്ധ്യവും സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സംയുക്തപ്രസ്താവനയില്‍ വ്യക്തമാണ്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യമായി ഇന്ത്യന്‍ അനുകൂല നിലപാടാണ് റഷ്യ സ്വീകരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ നിലപാടുകളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിലുള്ള റഷ്യയുടെ എതിര്‍പ്പ് ഈ സന്ദര്‍ശനത്തില്‍ മറനീക്കി പുറത്തുവന്നു.

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടുകളെ അനുകൂലിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രി മോഡിക്ക് നല്‍കിയത്. ഇതിലുള്ള അതൃപ്തി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ മോഡിയെ അറിയിച്ചതായാണ് വിവരം.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ റദ്ദാക്കിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ റഷ്യ അനുകൂലിക്കുമ്പോഴും കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ഇടപാടുകള്‍ റഷ്യയുമായി നടത്താനായിരുന്നു മോഡി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പിന്നീട് ഈ കരാറുകള്‍ അമേരിക്കയുമായി ഉറപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിലുള്ള ശക്തമായ എതിര്‍പ്പ് റഷ്യ നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ ചെന്നൈ- വഌഡിവോസ്റ്റോക്ക് കടല്‍പാത സംബന്ധിച്ച കരാര്‍ ഒപ്പിട്ടെന്നാണ് മോഡി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ കരാറിലെ വിവിധ നിര്‍ദ്ദേശങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായില്ലെന്ന് ദേശാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധങ്ങളില്‍ വിളളല്‍വീണുവെന്നാണ് ഇപ്പോഴത്തെ വഌഡിവോസ്റ്റോക്ക് സന്ദര്‍ശനം വ്യക്തമാക്കുന്നത്.