രാജ്യത്ത് പതിനായിരം പേർക്ക് ഇതിനകം തന്നെ കൊറോണ ബാധിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മിക്ക കുടുംബങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ അകാലത്തിൽ നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങൾ കൈക്കൊണ്ട പ്രതിരോധ നടപടികളുമായി തട്ടിച്ച് നോക്കുമ്പോൾ ബ്രിട്ടൻ വളരെ ചുരുങ്ങിയ മുൻകരുതലുകളാണ് കൈക്കൊണ്ടിട്ടുള്ളത്. തലമുറയുടെ ഏറ്റവും മോശം ആരോഗ്യ പ്രതിസന്ധിയെന്നാണ് ഈ സാഹചര്യത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നേരിടാൻ സ്വീകരിച്ച മാർഗങ്ങൾ ആരോഗ്യ‑ശാസ്ത്ര‑പൊതുജനാരോഗ്യ വിദഗ്ദ്ധർ വിമർശിക്കുന്നുമുണ്ട്. വിദേശത്തേക്കുള്ള വിദ്യാലയങ്ങളുടെ യാത്രകൾ നിരോധിക്കുകയും പ്രായമായവരുടെ ആഡംബര കപ്പൽ യാത്രകൾ നിരോധിക്കുകയും ചുമയും ചൂടും അനുഭവപ്പെടുന്നവർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തത് കൊണ്ടുമാത്രം രോഗം പ്രതിരോധിക്കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുകയാണ്. വലിയ ജനക്കൂട്ടമുണ്ടാകുന്ന വിവിധ കായിക പരിപാടികൾ അടക്കമുള്ളവ രാജ്യത്ത് നടക്കുന്നു. ഇവ നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നുണ്ട്. സ്കോട്ട്‌ലൻഡ് അടുത്താഴ്ച മുതൽ അഞ്ഞൂറ് പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് നിരോധനമുണ്ട്. ഫ്രാൻസിലും അയർലൻഡിലും സ്കൂളുകൾ അടച്ചു. ലണ്ടൻ ഓഹരി വിപണി 1987ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇന്നലെ നേരിട്ടത്. ഷെങ്കൻമേഖലകളിലേക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെയാണ് വിപണിയിൽ കനത്ത ഇടിവ് ഉണ്ടായത്. മെയിൽ നടക്കാനിരുന്ന പ്രാദേശിക മേയർ തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്താഴ്ച ലണ്ടനിൽ നടക്കാനിരുന്ന ബ്രെക്സിറ്റ് ചർച്ചകൾ മാറ്റി വച്ചു. സർവകലാശാലകൾ ക്ലാസുകൾ നിർത്തി വച്ചു. ഓൺലൈൻ വഴിയുള്ള ക്ലാസുകൾ തുടരും. രാജ്യത്ത് ഇതുവരെ പത്ത് പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. രോഗം സ്ഥിരീകരിച്ച 596 പേർ ഒരുമാസം മുമ്പ് ഇറ്റലിയിൽ പോയിരുന്നവരാണ്. മെയിലും ജൂണിലും രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ എൺപത് ശതമാനം ജനങ്ങളും വൈറസുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ഒരുശതമാനം മരണനിരക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതായത് ഏകദേശം അഞ്ച് ലക്ഷത്തോളം പേർ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.