September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിക്കും സംഘത്തിനും തനിച്ചു കഴിയില്ല: രഘുറാം രാജൻ

Janayugom Webdesk
ന്യൂഡൽഹി
May 22, 2020 8:59 pm

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഈ വിഷമഘട്ടം തരണം ചെയ്യുന്നതിന് പ്രധാനമന്ത്രിക്കും സംഘത്തിനും തനിച്ചു കഴിയില്ലെന്നും പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

ദ വയറില്‍ കരണ്‍ താപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്.
യശ്വന്ത് സിന്‍ഹയേയും ചിദംബരത്തേയും പോലുള്ളവരുടെ സഹായം തേടണമെന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് ഈ ഘട്ടത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമാവരുതെന്ന് രഘുറാം രാജൻ മറുപടി പറഞ്ഞു.വൈറസിനെ നേരിടുന്നതിനൊപ്പം തന്നെ സുപ്രധാനമാണ് സമ്പദ് മേഖലയുടെ പുനരുജ്ജീവനവും. വൈറസ് വരുന്നതിനു മുമ്പു തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗം തളരുകയായിരുന്നുവെന്ന് മറക്കരുത്. ഏതു തരത്തിലുള്ള ഉത്തേജനമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഒരുപാട് തമോഗര്‍ത്തങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ട്. വെറുതെ പണം ഇറക്കിയാല്‍ ചോര്‍ന്നു പോവുന്നതറിയില്ല. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ ആദ്യം തന്നെ അംഗീകരിക്കണം. യാഥാര്‍ത്ഥ്യ ബോധത്തില്‍ അടിയുറച്ചുള്ള സമീപനമാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടിയന്തരമായി പണം കൈമാറേണ്ടതുണ്ടെന്ന നിലപാട് രഘുറാം രാജന്‍ ആവര്‍ത്തിച്ചു. അതേസമയം കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അവകാശവാദത്തോട് രാജന്‍ വിയോജിച്ചു. പച്ചക്കറികളും പാചകത്തിനുള്ള എണ്ണയും മറ്റും വാങ്ങാനും പ്രായമായവരെ പരിപാലിക്കുന്നതിനും ആളുകള്‍ക്ക് പണം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പണം നേരിട്ട് കൈമാറണമെന്നത് ഈ ഘട്ടത്തില്‍ അടിയന്തര പ്രാധാന്യമുള്ള സംഗതിയാണ്. ജനങ്ങളുടെ പട്ടിണി മാറ്റുകയാണ് കൂടുതല്‍ പ്രധാനം. 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ വളരെ വലിയ തുകയൊന്നും ഇതിനായി വേണ്ടി വരില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോൾ തൊഴിലാളികള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനകരമാവുന്ന പരിഷ്‌കാരങ്ങളാണ് നടപ്പാക്കേണ്ടത്. കരാര്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടണം. ഏകപക്ഷീയമായല്ല തൊഴില്‍ നിയമങ്ങള്‍ തിരുത്തേണ്ടത്. ചെറുകിട, ഇടത്തരം വ്യവസായ ശാലകള്‍ക്കായി മൂന്നു ലക്ഷം കോടി രൂപയുടെ വായ്പകള്‍ ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും ലക്ഷ്യം കാണണമെന്നില്ലെന്ന് രാജന്‍ ചൂണ്ടിക്കാട്ടി. അടിത്തട്ടില്‍ കാര്യങ്ങള്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളെ ഓരോ കാര്യത്തിലും കൈപിടിച്ചു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് രാജന്‍ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ഇതിനുള്ള നടപടികള്‍ ഇനിയും വൈകരുത്. ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലാവുമെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish summary;PMO Can’t Han­dle the Major Eco­nom­ic Cat­a­stro­phe India Faces, Says Raghu­ram Rajan.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.