Web Desk

ന്യൂഡൽഹി

April 03, 2020, 8:35 pm

പ്രധാനമന്ത്രിയുടെ വീഡിയോ പ്രസംഗം നിരാശാജനകം; സിപിഐ

Janayugom Online

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ വീഡിയോ പ്രസംഗം നിരാശാജനകമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി. മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിന്റെ ശക്തി തെളിയിക്കുകയാണ്. അപ്പോൾ പ്രധാനമന്ത്രി പറയുന്നത്: ഇരുട്ടിനെ തോൽപ്പിക്കുവാൻ എല്ലാ ഭാഗത്തേക്കും വെളിച്ചം പ്രകാശിപ്പിക്കൂ എന്നാണ്. രാത്രിയും പകലും ഭൂമിയിലെ സ്വാഭാവിക പ്രക്രിയയാണ്, അതുപോലെ ഇരുട്ടും വെളിച്ചവും. ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് ശാസ്ത്രീയമായ നടപടികളാണ്. കുത്തിവയ്പുകൾ, മരുന്നുകൾ, മാരകമായ വൈറസിനെ ഇല്ലാതാക്കുന്ന മറ്റ് അത്യാവശ്യ ആരോഗ്യ പദ്ധതികൾ എന്നിവയാണ്. രാജ്യത്താകെ പല ആരോഗ്യ സംവിധാനങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കുള്ള മതിയായ പിന്തുണ നൽകുന്നതിനുള്ള പ്രത്യേക ദൗത്യമാണ് ഇപ്പോൾ ഉണ്ടാവേണ്ടത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളെയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിഷ്പക്ഷമായ നിലപാടുകളാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടാകേണ്ടത്. ഇപ്പോൾതന്നെ കുറഞ്ഞ പലിശയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ കുറയ്ക്കുന്നതിനും റിസർവ് ബാങ്കിനെ ആശ്രയിക്കുന്നതിനും പകരം കോർപ്പറേറ്റുകൾക്ക് അഞ്ചു ശതമാനം കോവിഡ് നികുതി ചുമത്തണമെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അല്ലാതെയുള്ള എല്ലാ ശ്രമങ്ങളും കൊറോണ വൈറസിനെതിരായ പൊതുസമൂഹത്തിന്റെ പോരാട്ടത്തെ ദുർബ്ബലപ്പെടുത്തുകയേ ഉള്ളൂ.

കൂടാതെ പൊതുവിതരണ സംവിധാനം വഴി സൗജന്യ റേഷൻ നൽകുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് വേതനം നൽകുക, കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കു സംരക്ഷണം നൽകുക എന്നിവയാകണം സർക്കാർചെയ്യേണ്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ കോവിഡിനെതിരായ പോരാട്ടത്തിൽ കൈക്കൊള്ളുന്ന നടപടികൾ ചർച്ച ചെയ്യുകയും അടുത്ത കുറച്ച് ആഴ്ചകളിൽ രോഗികളെ കണ്ടെത്തൽ, പരിശോധന, ഐസൊലേഷൻ, ക്വാറന്റൈൻ എന്നിവയ്ക്കായി യോജിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അല്പം വൈകിയാണെങ്കിലും കോവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് നല്ലതുതന്നെ. അതിന്റെ തുടർച്ചയായി 130 കോടിയിലധികം വരുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവർക്ക് ആത്മവിശ്വാസം നൽകുന്ന സമഗ്രമായ നടപടികളും സമാശ്വാസ പദ്ധതികളും ഉണ്ടാകേണ്ടതുണ്ട്.

you may also like this video;