Web Desk

December 29, 2020, 3:15 pm

ന്യൂമോണിയക്കുളള വാക്സിൻ പുറത്തിറക്കി സിറം ഇൻസ്റ്റിട്ട്യൂട്ട്

Janayugom Online

കോവിഡ് വാക്സിനുളള കാത്തിരിപ്പ് തുടരുന്നതിനിടെ ന്യൂമോണിയയ്ക്കുളള ആദ്യ തദ്ദേശീയമായ വാക്സിൻ നിർമിച്ച് പൂനെയിലെ സിറം ഇൻസ്റ്റിട്ട്യൂട്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വീഡിയോ കോൺഫറൻസ് വഴി വാക്സിൻ പുറത്തിറക്കി. അടുത്ത വർഷം ആദ്യം ന്യൂമോണിയക്കുളള വാക്സിൻ ലഭ്യമാകുമെന്ന് സിറം അറിയിച്ചു.

യൂണിസെഫിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഇരുപത് ശതമാനം കുട്ടികൾക്കും ന്യൂമോണിയ ബാധിതരാകുന്നു. ഇതുവരെ വിദേശത്തുനിന്നാണ് ന്യൂമോണിയക്കുളള വാക്സിൻ ഇറക്കുമതി ചെയ്തിരുന്നത്. തദ്ദേശിയമായി വാക്സിൻ പുറത്തിറങ്ങുന്നതോടെ ആരോഗ്യരംഗത്ത് വലിയ ചുവടുവെയ്പ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. യൂനിസെഫ് മുഖേനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ന്യൂമോണിയ വാക്സിൻ കയറ്റുമതി ചെയ്യാൻ പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ അറിയിച്ചു.

വാക്സിന്റെ എല്ലാ പരീക്ഷണഘട്ടങ്ങളും വിജയകരമാണെന്നും ജൂലൈയോടെ വിപണിയിലെത്തിക്കാനാകുമെന്നും സിറം ഇൻസ്റ്റിട്ട്യൂട്ട് വ്യക്തമാക്കി. സിറം ഇൻസ്റ്റിട്ട്യൂട്ടിന്റെ കോവിഡ് ഷീൽഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകാനിരിക്കെയാണ് ന്യൂമോണിയയ്ക്കുളള തദ്ദേശ വാക്സിൻ പുറത്തിറക്കുന്നത്. വാക്സിൻ ഉപയോഗത്തിനുളള അനുമതിക്കായി സിറം നൽകിയ വിവരങ്ങൾ തൃപ്തികരമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി.

You may also like this video;