പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു: 46കാരിക്കെതിരെ കേസ്

Web Desk
Posted on June 21, 2019, 10:23 pm

പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 46കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. പൊഴിയൂരിലാണ് സംഭവം. ആണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിസ്ഥാനത്ത്. രണ്ട് വര്‍ഷം മുമ്പ് അവധിക്കാലത്താണ് പ്രായപൂര്‍ത്തിയാകാത്ത മകനെ ബന്ധു വീട്ടില്‍ നിര്‍ത്തിയത്. അന്ന് മുതല്‍ കുട്ടിയെ ലൈംഗികമായി പീഡനം നടത്തിയതായി മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.
പലപ്പോഴും സ്‌കൂളില്‍ പോകുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാറുള്ളതായും പറയുന്നു. കഴിഞ്ഞ അവധികാലത്ത് ഈ സ്ത്രീയുടെ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ വീട്ടുകാര്‍ വിട്ടയച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തേ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിന്മേല്‍ ആണ് പൊഴിയൂര്‍ പൊലീസ് കേസെടുത്തത്.