പോക്സോ കേസുകളിൽ രണ്ടിരട്ടി വർധന; നീതി തേടി കുരുന്നുകൾ

Web Desk
Posted on October 29, 2019, 9:16 am

ഡാലിയ ജേക്കബ്

ആലപ്പുഴ: ജാമ്യമില്ലാ വകുപ്പായിട്ടും പോക്സോ കേസുകളിൽ ‍ഞെട്ടിപ്പിക്കുന്ന വർധന. സംസ്ഥാനത്ത് കുട്ടികള്‍ കടുത്ത അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണെന്ന നടുക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ആറരവര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ സംസ്ഥാനത്ത് പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 13, 232 കേസുകളാണ്. 2012 നവംബര്‍ മുതല്‍ 2019 ഏപ്രില്‍ വരെയുള്ള കണക്കാണിത്. അതില്‍ ഈവര്‍ഷം സെപ്തംബർ മാസം വരെ മാത്രം രജിസ്റ്റര്‍ ചെയ്തതാകട്ടെ, 2514 കേസുകളും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ചെറിയ കാലയളവിലെ കണക്ക് ഭയപ്പെടുത്തുന്നതാണ്.

കഴിഞ്ഞവര്‍ഷം മൊത്തമുണ്ടായത് 3, 179 പോക്സോ കേസുകളാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗികാക്രമണങ്ങളില്‍ രണ്ടിരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്. 2013ല്‍ 1016, 2014ല്‍ 1402, 2015ല്‍ 1583, 2016ല്‍ 2122, 2017ല്‍ 2697 എന്നിങ്ങനെയാണ് പൊലീസ് രേഖ അനുസരിച്ചുള്ള കേസുകളുടെ എണ്ണം. ഓരോ വർഷവും പിന്നിടുമ്പോൾ കേസിന്റെ എണ്ണം ക്രമാനുഗതമായി കൂടുന്നത് കാണാം. 10–16 വയസ്സിനിടയിലുള്ള കുട്ടികളാണ് ഇതില്‍ കൂടുതലായും ഇരകളാകുന്നത്. ഏറ്റവുമധികം ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നതാകട്ടെ പിതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ്.

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റേത് അടക്കമുള്ള ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. പോക്സോ കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ല മലപ്പുറമാണ്. കഴിഞ്ഞവര്‍ഷവും മലപ്പുറത്തു തന്നെയായിരുന്നു അധികം പോക്സോ കേസുകള്‍. ഈ വർഷം ഇതുവരെ 342 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരമാണു രണ്ടാംസ്ഥാനത്ത്. പ്രതികളില്‍ പലരും സ്വന്തക്കാരോ ബന്ധക്കാരോ കുടുംബ സുഹൃത്തുക്കളോ ആയതിനാല്‍ നല്ലൊരു പങ്കും പുറംലോകമറിയാതെ പോകുന്നുമുണ്ട്. കൂടാതെ അതിക്രമങ്ങൾ കുട്ടികൾ തുറന്നുപറഞ്ഞിട്ടും രക്ഷിതാക്കൾ കേസ് നൽകാൻ മടിക്കുന്ന സംഭവങ്ങളും നിരവധിയാണ്. പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുകയാണെന്ന പരാതിയും വ്യാപകമാണ്. ആറായിരത്തിലധികം പോക്സോ കേസുകളുടെ വിചാരണയാണ് നടപടികളാകാതെ അനന്തമായി ഇഴയുന്നത്. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതും വലിയൊരു പ്രതിസന്ധിയാണ്. വർഷങ്ങളായിട്ടും വിവിധ കേസുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുമില്ല.