പോക്‌സോ കോടതികള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കണം: സുപ്രീംകോടതി

Web Desk
Posted on July 25, 2019, 11:11 pm

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെ ലൈംഗികപീഡനങ്ങള്‍ തടയുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. നൂറില്‍ കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലകളില്‍ രണ്ടുമാസത്തിനകം കോടതി സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണം. പോക്‌സോ കേസുകളില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ മുപ്പത് ദിവസത്തിനുശേഷം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.
ഈവര്‍ഷം ജൂണ്‍ മുപ്പത് വരെ പോക്‌സോ നിയമപ്രകാരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 24,000 കേസുകളില്‍ 911 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയിട്ടുള്ളതെന്ന് വിലയിരുത്തി സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നടപടി.