പോക്‌സോ നിയമം: ശാക്തീകരണവും പ്രത്യേക കോടതിയും

Web Desk
Posted on July 11, 2019, 10:44 pm

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി രണ്ടു സുപ്രധാന തീരുമാനങ്ങളാണ് ഒരേ ദിവസം കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമമായ പോക്‌സോയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു രണ്ടു തീരുമാനങ്ങളും. കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്കിരയാക്കുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് കേന്ദ്രം ഇക്കാര്യത്തിലെടുത്ത തീരുമാനം. പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കുമെന്നുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
സിനിമാനടി ആക്രമിക്കപ്പെട്ട പ്രമാദമായ കേസ് ഈ കോടതിയില്‍ പരിഗണിക്കാന്‍ അനുവദിക്കുന്നുവെന്ന തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ചലച്ചിത്രരംഗത്തെ വന്‍തോക്കുകള്‍ കുറ്റാരോപിതരായി നില്‍ക്കുന്ന ഈ കേസ് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇപ്പോഴും ഇടയാക്കുന്നുണ്ട്. ഇരയാക്കപ്പെട്ട നടിയുടെയും അവരുടെ കൂടെ നില്‍ക്കുന്നവരുടെയും ആവശ്യമനുസരിച്ചാണ് പോക്‌സോ കോടതിയില്‍ ഈ കേസ് പരിഗണിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് എല്ലാ സ്ഥിതിവിവരക്കണക്കുകളും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ദേശീയനിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായത്. അതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമം പ്രാബല്യത്തില്‍ വരുന്നത്. 2012 ജൂണ്‍ 19 ന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയ പോക്‌സോ നിയമം 20 ന് വിജ്ഞാപനത്തിലൂടെ പ്രാബല്യത്തില്‍ വന്നു. വലുതോ ചെറുതോ എന്ന് വ്യത്യാസമില്ലാതെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനും ഉദ്ദേശിച്ചുള്ളതായിരുന്നു പ്രസ്തുത നിയമം.
പ്രത്യേക നിയമമുണ്ടായെങ്കിലും കുറ്റകൃത്യങ്ങളുടെ തോതില്‍ വലിയ വ്യത്യാസമുണ്ടായില്ല. നിയമബോധത്തിലും സംസ്‌കാരത്തിലും സാക്ഷരതയിലുമെല്ലാം മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പോലും ഞെട്ടിക്കുന്നതാണ്. സംസ്ഥാന പൊലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ നാലുമാസത്തിനിടെ 1156 കേസുകള്‍ പോക്‌സോ നിയമപ്രകാരം സംസ്ഥാനത്തുണ്ടായി. നിയമം പ്രാബല്യത്തില്‍ വന്ന 2012 ല്‍ ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ 77 കേസുകളാണുണ്ടായത്. 2013 ല്‍ അത് 1016 ആയിരുന്നു. പിന്നീടുള്ള ഓരോ വര്‍ഷവും കേസുകളുടെ എണ്ണം കൂടിക്കൂടിവന്നു. ഭീമമായ തോതിലാണ് വര്‍ധനയുണ്ടായിരിക്കുന്നത്. 2014 ല്‍ 1402, 2015 ല്‍ 1583, 2016 ല്‍ 2122, 2017 ല്‍ 2697, 2018 ല്‍ 3179 കേസുകള്‍ വീതമാണ് പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമപരമായ അവബോധമാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന വാദവുമുണ്ട്.
എന്നാല്‍ മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ പോലും സമാനമാകാത്ത ക്രൂരതകളാണ് ചില സംഭവങ്ങളില്‍ ഉണ്ടായത്. ലൈംഗികമായി പീഡിപ്പിച്ച് കൊന്നു തള്ളുക മാത്രമല്ല ചില ക്രൂരതകളില്‍ സംഭവിച്ചത്. കൊന്ന് കഷ്ണങ്ങളാക്കി കാട്ടിലും ഓടയിലും മറ്റും തള്ളുക, വലിച്ചിഴച്ച് കാട്ടില്‍ കൊണ്ടുപോയി തീയിട്ടുകൊല്ലുക തുടങ്ങിയ മൃഗങ്ങളില്‍ നിന്നുപോലും പ്രതീക്ഷിക്കാത്ത ക്രൂരതകളാണ് അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് പോക്‌സോ നിയമം കൂടുതല്‍ കര്‍ശനവും ശിക്ഷ കടുത്തതുമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നുയര്‍ന്നത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാല്‍ വധശിക്ഷ, കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും, ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴ, നഗ്നചിത്രം ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് പിഴയും തടവ് ശിക്ഷയും എന്നിവ ഉറപ്പാക്കുന്ന ഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേസുകള്‍ കെട്ടിക്കിടക്കുന്നത് ശിക്ഷ വൈകിപ്പിക്കുമെന്നതിനാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ഇതാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഒരു ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക കോടതി.
വളരെയധികം ശ്രദ്ധേയമായ രണ്ടു തീരുമാനങ്ങളാണ് കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുണ്ടായിരിക്കുന്നത്. ഇവ രണ്ടും കുറ്റകൃത്യങ്ങള്‍ സംഭവിച്ചാല്‍ ഉണ്ടാകുന്ന നടപടികളാണ് കൈകാര്യം ചെയ്യുന്നത്. ശക്തമായ ശിക്ഷകള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ അതിന്റെ ഒരുഘടകം തന്നെയാണ്. പക്ഷേ നടപടികളുടെ കാലതാമസം നിയമത്തിന്റെ സാധുതയെ പലപ്പോഴും ആശങ്കയിലാക്കുന്നു. കുറ്റകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികളുണ്ടാവുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം. നിയമനിര്‍മാണത്തോടൊപ്പം തന്നെ ശക്തമായ ബോധവല്‍ക്കരണവും നിയമസാക്ഷരത സൃഷ്ടിക്കലും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള മറ്റു ഘടകങ്ങളാണ്.