പയറ്റുവിള സോമൻ

May 16, 2021, 6:59 pm

മണ്ണിലെ മാലാഖ

Janayugom Online

വിണ്ണിൽ നിന്നൊരു മാലാഖ
മണ്ണിലിറങ്ങി നഴ്സായി
ഭീതി പരത്തും ദുരിതത്തിൽ
പരിചാരികയായെത്തുന്നു.

ജീവനു ഭീഷണിയാണേലും
മറ്റൊരു ജീവൻ പൊലിയാതെ
കാവലിരിക്കാൻ മനസുള്ളോൾ
സേവന തൂവൽ സ്പർശങ്ങൾ.

ജീവൻ തുടിപ്പിന്നുണർവേകാൻ
രാപ്പകലന്യേ സേവിപ്പൂ
നഴ്സിൽ നിറയും നേർവഴികൾ
തൊഴിലായ് കാൺമതു മൗഢ്യം താൻ.

ആരും കാണാതുള്ളറയിൽ
ആളുകളോടിയൊളിക്കുമ്പോൾ
ജീവിതസൗഖ്യം നോക്കാതെ
ആതുര സേവകരെത്തുന്നു.

അഗതിക്കരികിൽ അത്താണി
സാന്ത്വനമേകും അമ്മയവൾ
ഇരുട്ടിൽ തപ്പി തകരുമ്പോൾ
പ്രകാശനാളമായെത്തുന്നു.

മാസ്കും കെട്ടി അകലം കൂട്ടി
മാതൃകയാകും ഡോക്ടർമാർ
ഡോക്ടർ നഴ്സുമൊരേ മനസായ്
നിദ്രയ്ക്കവധി കൊടുക്കുന്നു.

സ്ഫടികം പോലൊരു ഹൃദയത്തിൽ
ഒളിയും വെൺമയുമറിയേണം
നൈറ്റിംഗേൾ തൻ പിൻനിരയെ
ആദരവോടെ വരവേൽക്കാം.