അലയൊടുങ്ങാതെ

തുഷാര കാർത്തികേയൻ
Posted on March 01, 2020, 10:47 am

പതിവുപോലെ ഞാനന്നും
വിരൽത്തുമ്പാൽ
നിന്റെ നമ്പർ ഡയൽ ചെയ്യും
വിരലുകൾ വിറയ്ക്കുകയേയില്ല.
ആത്മാവിൽ പച്ചകുത്തിയ ഓർമ്മകളങ്ങനെ
നിർത്താതെ പെയ്യുമ്പോൾ
നിന്നെ വിളിക്കാതിരിക്കുവതെങ്ങനെ?
ശംഖിലെ കടൽ പോൽ
ഓർമ്മകൾ ഇരമ്പുമ്പോൾ
നിർത്താതെ ചിലച്ച്
അരുവിപോൽ തിമർത്ത്
നിലാവുപോൽ ചിരിച്ച്
കടൽത്തിര എണ്ണുന്നുണ്ടാവും
എന്റെയൊപ്പം നീ.
കൈ പിടിച്ച്
തെരുവിലൂടലഞ്ഞ്
ജരികത്തുമ്പിൽ
ചെമ്മൺ നിറം പാർന്ന്
എന്റെ കണ്ണുകളുടെ
ആഴങ്ങളിലേയ്ക്ക്
നോക്കുന്നുണ്ടാവും നീ.
ചാറൽ മഴയിൽ നനഞ്ഞ്
ആമ്പൽ പോൽ കൂമ്പി
എന്റെ വിരൽത്തുമ്പു
പിടിക്കുന്നുണ്ടാവും നീ
തോരാത്ത മഴ പോലെ
സ്മരണ പെയ്യുമ്പോൾ
നീയെനിക്ക്
മരിക്കുന്നതെങ്ങനെ?