അനുപ്രിയ

November 02, 2020, 12:56 pm

ഖനനം

Janayugom Online

രണത്തിൻ്റെ കോട്ടവാതിൽ
തകർത്ത്
സ്വാതന്ത്ര്യത്തിൻ
പൊൻതൂവലുകൾ സൂക്ഷിച്ച
ഖനി തേടിയിറങ്ങിയ
മണ്ണിൻ്റെ വേരുകൾ
ഇലപ്പടർപ്പുകളിൽ മറഞ്ഞ്

കരുത്തിൻ വിത്തുകളിൽ
വിഷം കുത്തിവക്കുന്ന
തേളുകളെ ഭയന്ന്
കണ്ണുമൂടിക്കെട്ടിയ ദേവത

അവസാനശ്വാസത്തിനും
വിലയിടുന്ന
ഇരുട്ടുകൊണ്ട്
കൊട്ടാരം പണിയുന്നവരുടെ
ചരിത്രം തേടിയിറങ്ങിയവർ
തണ്ടിൽനിന്നും വേരിലേക്ക്
പകർന്ന ഊർജ്ജം
കഥകളുടെ ആഴങ്ങളിൽ
മുങ്ങാംകുഴിയിട്ട്
ചോരച്ചുവപ്പിനായ്
വീണ്ടും ദാഹിച്ചു

കുഴിച്ചെടുത്ത സത്യത്തിൻ
വിത്തുകൾ
വീര്യത്തിൻ തീച്ചൂടിൽ
നാവുകൾ ഉച്ചസ്ഥായിയിൽ

അടിപതറിയ ചാരന്മാർ
അവർ ഒരുക്കിയ
സൗരയുഥത്തിൽ

ലോകം പുതിയൊരു
വെളിച്ചവും
ഭൂമി, രുചിയേറിയ
ഉപ്പിൻതരികളുടെ
പിറവിക്കുമായ് കാത്തിരുന്നു
ചിറകുകൾക്ക് അതിർത്തി
വരക്കാത്ത
ദിനങ്ങളും പ്രതീക്ഷിച്ച്