രാധാകൃഷ്ണൻ പെരുമ്പള

കവിത

October 26, 2020, 1:42 pm

പെരുമ്പളപ്പുഴ

Janayugom Online

1. പാലം

പ്രഭാത സവാരിക്കിടെ, യിന്നു

പെരുമ്പളക്കടവ് പാലത്തിൽ വന്നു

വെറുതെ നിൽക്കുകയാണു ഞാൻ ,

കാറ്റേറ്റും കാഴ്ചകൾ കണ്ടുമങ്ങനെ..

 

വേറെയും ചിലരുണ്ട്

പാലത്തിൻ നടവഴിയിൽ ,

നടന്നും നിന്നുമിരുന്നും

ഫോൺ ചെയ്തും ചൂണ്ടയിട്ടും

അങ്ങിങ്ങായി…

 

പുലർകാല വെയിൽത്തിളക്കത്തിൽ

പറന്നു പൊങ്ങുന്നുണ്ട്

വെളുത്ത കൊക്കുകൾ

പാലത്തിൻ കൈവരികളിൽനിന്നും.

 

പാലത്തിലൂടെ കടന്നുപോകുന്ന

വാഹനങ്ങളിൽ നിന്നും

കൈകൾ വീശി

അഭിവാദ്യം ചെയ്യുന്നുണ്ട് ,

ഏതൊക്കെയോ പരിചയക്കാർ.

 

വേലിയേറ്റമാണ് പുഴയിൽ

തിളങ്ങുന്ന ഇരുണ്ട പച്ച ജലരാശി

രഹസ്യങ്ങൾ ഒളിപ്പിച്ച് പുഴ

ആഴമോടെയൊഴുകുന്നു.

 

പറങ്ക്യാത്തുരുത്തു ചുറ്റി

വരുന്നുണ്ട് കിഴക്ക് നിന്നും

രണ്ടു കൈവഴികൾ ,

അവ പിന്നെ

ഒന്നുമൊന്നും ചേർന്ന

വലിയൊരൊന്നായൊഴുകുന്നു ,

ബഷീർ സ്റ്റൈലിൽ.… പെരുമ്പുഴ.

 

തണുത്ത കാറ്റ്, ഉന്മിഷിത്താം

ഹരിതഭംഗികൾ ചുറ്റിലും

അപ്പൊഴും മടുപ്പിക്കുന്നുണ്ട്

ചിലതാം ദു:സ്ഥിതികളാവോളം

 

ഓളങ്ങളിൽ പൊങ്ങി നീങ്ങുന്നു

മാലിന്യങ്ങൾ എങ്ങെങ്ങും

അലസമാളുകൾ വലിച്ചെറിഞ്ഞതാം

വഷളൻ പൊതികൾ , അലമ്പുകൾ …

 

ജനിച്ച കാലം തൊട്ടു കാണുന്ന

പുഴ വിസ്മയ സാന്നിദ്ധ്യം.

കടന്നു പോകുന്നു നിത്യം

പ്രിയമോടെ, യക്കരയിക്കരെ.

 

നീന്തിയും തോണി തുഴഞ്ഞും

പല കാലം കടന്ന വലിയ പുഴ

പാലം വന്നതോടെയിപ്പോൾ

കടക്കുന്നു വാഹനങ്ങളിൽ ,

അതിവേഗം ക്ഷണനേരമെല്ലാം

കണ്ടും കാണാതെയുമങ്ങനെ..

 

എങ്കിലുമിടയ്ക്കിടെ

വന്നു നിൽക്കും ഞാനിവിടെ

അല്ലാതെ പറ്റില്ലെനി -

ക്കെന്നെപ്പിന്നെ നേരിടാൻ..

 

2.പേരുകൾ

കേട്ടിട്ടില്ലാത്തവരുണ്ടോ,

കേരളോൽപത്തിക്കഥയിലെ

കാഞ്ഞിരോടു പെരുമ്പുഴ ,

ചന്ദ്രഗിരിയാം പെരുമ്പളപ്പുഴ !

 

തുളുനാട്ടിൽ നിന്നു മലയാളക്കരയെ

വേർതിരിച്ച മഹാനദി

രാജ്യങ്ങൾതൻ അതിർത്തിയായി

കേൾവിപ്പെട്ട പെരുമ്പുഴ.

 

പുഴ കണ്ടു നിൽക്കുമ്പോൾ

ആഴങ്ങളിൽ തെളിയുന്നു

പല നൂറ്റാണ്ടിൻ പ്രവാഹങ്ങൾ

പ്രളയങ്ങൾ , അതുപോൽ പലതാം

പ്രകൃതിക്ഷോഭങ്ങൾ, ചരിത്രങ്ങൾ..

 

ഇരുകരകളിലെയും

രാഷ്ട്രീയ വ്യവസ്ഥകൾതൻ

രൂപപ്പെടലുകൾ ,

വേഴ്ചകൾ, തകർച്ചകൾ

ചരിത്ര ഋതു പരിണാമങ്ങൾ ,

ജനതകളുടെ ജീവിതവ്യഥകൾ

യാതനകൾ , സുഖങ്ങളും

 

വിവിധം ചരിത്ര ഘട്ടങ്ങളിൽ

അധികാരം കൈയ്യാളിയ

വംശങ്ങൾ സാമ്രാജ്യങ്ങൾ

അവരുടെ പരമ്പരകൾ.…

 

മൂഷിക –കദംബ — മയൂരവർമൻ ,

ആലുപ — ചാലൂക്യ-

ഹൊയ്സാല രാജാക്കന്മാർ ,

പെരുമാൾ — തമ്പുരാക്കൾ ,

അള്ളടസ്വരൂപം , കോലത്തിരി

വിജയനഗര — കെദളി നായ്ക്കർ ,

ടിപ്പു , ബ്രിട്ടീഷു സായിപ്പന്മാർ…

 

ചിലപേരുകൾ മാത്രം കാണാം

ശിലകളിൽ , കാവ്യ — സാഹിത്യ

കൃതികളിൽ , പാട്ടുകളിൽ…

പല പേരുകളുമില്ല രേഖയിൽ.

 

ഇരുണ്ടതാം ദീർഘകാലത്തെ

ചരിത്രമിപ്പോഴും അവ്യക്തം

 

ഇടയ്ക്കു കുറേക്കാലം

മേൽക്കോയ്മ പുലർത്തിയ

ഗോത്ര വംശങ്ങൾ ,

ചതിക്കപ്പെട്ട കൊറഗർ

അവർ തൻ

തകർക്കപ്പെട്ട മൺകോട്ടകൾ

 

അധിനിവേശത്തിനായ്

വന്നവർ — ചെറുത്തവർ ,

സാമ്രാജ്യങ്ങളുടെ

അതിരുകൾ മാറ്റിയെഴുതിയ

യുദ്ധങ്ങൾ , പടയോട്ടങ്ങൾ ,

ഭീതിയും മരണവും

വിതച്ച സംഘർഷങ്ങൾ ,

ചോരയും ശവങ്ങളും , ഒപ്പം

കിനാവുകളുമായൊഴുകിയ പുഴ…

 

3. തുളു

അക്കരെ തുളുനാട് ,

പൂതങ്ങളുടെ

പാഡ്‌ദണകളുടെ സത്യദേശം -

ശിഥിലമായൊരു ജനത

അധിനിവേശം നശിപ്പിച്ച

സുന്ദര സംസ്കൃതി.

 

ഇന്നില്ല തുളുനാട് ,

കൊണ്ടു പോയ് കർണാടകം

സിംഹഭാഗവും ,

ബാക്കി കേരളം ;

അതിലെൻ നഗരവും.

 

തുളുവിൻ ചരിത്രത്തിൽ

തകർന്ന യശസ്കാലം,

ലിപികൾ പോലും

നാശമാകിയ ഒരു ഭാഷ,

തമസ്കൃത സാഹിത്യം

തീയിലെരിക്കപ്പെട്ട

ഗ്രന്ഥങ്ങൾ , എഴുത്തുകൾ ,

സംസ്കാര വിശേഷങ്ങൾ,

 

മലയാള ദേശത്തിൻ

മഹാബലിയെപ്പോലെ

വഞ്ചിക്കപ്പെട്ട തുളുരാജൻ

ബലീന്ദ്രൻ ഭൂമിപുത്രൻ …

 

കൈവിട്ട സ്വന്തം നാട്

തിരികെ കിട്ടും കാലം

ഐതീഹ്യ വഴി നോക്കി

കാത്തു നിൽപ്പാണു തുളുവർ.

 

“കല്ല് കായാകുന്ന കാലം

വെള്ളാരം കല്ല് പൂക്കുന്ന കാലം

ഉപ്പ് കർപ്പൂരമാകുന്ന കാലം

മുറ്റം പറയാകുന്ന കാലം

ഉഴുന്ന് മദ്ദളമാകുന്ന കാലം

തുമ്പത്തണലിൽ

പെരുംകൂട്ടം കൂടുന്ന കാലം

നെച്ചിക്കാട്ടിൽ

ബയലാട്ടം നടക്കുന്ന കാലം

തുമ്പിന് പാലം പണിയുന്ന കാലം

മോരിൽ വെണ്ണ മുങ്ങുന്ന കാലം

മരംകൊത്തിപ്പക്ഷി

തൻറെ തലയിലെ കുടുമ

താഴെയിറക്കുന്ന കാലം.. “

 

ഒരിക്കലുമുണ്ടാകില്ല -

യക്കാലമെന്നാകിലും

വ്രതമിരിക്കുന്നു , തുളുവർ

ബലീന്ദ്രനു ദീപാവലി

പൊലിയായ് കാലാകാലം.

 

“പൊലിയന്ദ്രാ പൊലിയന്ദ്രാ,

ഹരിയോ ഹരി .…” യെന്ന്

പാലക്കൊമ്പിൽ ചിരട്ട വെച്ച്

തിരിയിട്ട് സ്തുതിക്കുന്നു ,

പുഴയ്ക്കിക്കരെയുമാളുകൾ…

 

തുളുവിന്റെതു പോലെ

അഗണ്യ തമസ്‌കൃതമാം

പലതാം ഗോത്ര ഭാഷകൾ

സംസ്കാരങ്ങൾ…

 

“തെക്ക് ന്ന് വരുന്നുണ്ട്

മലയാളം പെരുംപട

വടക്ക് ന്ന് വരുന്നുണ്ട്

കർണാടം പെരുംപട …”

എന്ന മാവിലരുടെ പാട്ട്

കേൾക്കുന്നുണ്ടിപ്പോഴും

അകലെയെങ്ങോ.

 

4. പലമ

പുഴകടന്നക്കരെയിക്കരെ

പോകവേ, തുറന്നു കിട്ടുന്നു

വിസ്തൃതമാം ലോകം

എല്ലാ വെളിച്ചവും വന്നു

നിറയുന്നു പലമ ചുറ്റിലും

 

മലയാളവും തുളുവും പിന്നെ

കന്നടവും — പല ഭാഷകൾ

കൊങ്കിണി ഹിന്ദുസ്ഥാനി

ഉറുദു , ബ്യാരി , കൊടവയും

പലതാം ഗോത്ര ജീവിത

പ്രാക്തന സംസ്കാരങ്ങൾ

 

ഹിന്ദു മുസ്ലിം

ക്രൈസ്തവർ തൻ

മത മാനവിക ദർശനങ്ങൾ

 

പല വഴിക്കു നടന്നും നീന്തിയും

മരക്കലങ്ങളിൽ തുഴഞ്ഞും

ദൂരങ്ങൾ കടന്നുവന്നെത്തി

കളിയാടുന്ന തെയ്യങ്ങൾ

ഗോത്ര ദേവതാ രൂപങ്ങൾ

 

മൂത്തോരും എളയോരും

ബബ്ബിരിയനും കുറത്തിയും

കുണ്ടാർ ചാമുണ്ടിയും ഭണ്ടനും

മഞ്ചക്കൊട്ടിലിൽ കളിയാടും

തൗളവപ്പൂതങ്ങൾ , തെയ്യങ്ങൾ…

 

ദേവാസുര യുദ്ധങ്ങളുടെ

യക്ഷഗാനം– ബയലാട്ട ,

താളമദ്ദള- നൃത്ത- നൃത്യങ്ങൾ,

മരമീടനോടൊത്തു വരുന്ന

പരദേശി തുള്ളൽക്കാർ

 

മാവിലരുടെ , വേട്ടുവരുടെ

മംഗലം കളികൾ

ഇശലുകൾ , മാപ്പിളക്കലകൾ

വെള്ളരി നാടകങ്ങൾ

ബഹുസ്വര സംസ്കാരത്തിൻ

പ്രവാഹമായ് പെരുമ്പുഴ.

 

പലമയുടെ നഗരത്തിൽ ഞങ്ങൾ

പണിയെടുത്തു കഴിയുന്നു .

പുഴ കണ്ട്‌ വളർന്ന നഗരം

പല മതങ്ങൾ ഭാഷകൾ

സംസ്കാരങ്ങൾ തൻ

സൗഹൃദ സാഹോദര്യം

സഹജീവന ദൃഷ്ടാന്തങ്ങൾ

കലർപ്പിന്റെ സൗന്ദര്യങ്ങൾ..

 

5. ഋതുപകർച്ച

കുട്ടിക്കാലത്തെ ഓർമ്മയിൽ

വയൽക്കരയുള്ള അമ്മ വീട്

അവിടെ നിന്നു നോക്കിയാൽ

അകലെയല്ലാതെ പുഴ കാണാം

കവുങ്ങിൻ തോട്ടത്തിനപ്പുറം

തിളങ്ങും വെള്ളി രേഖകളായ്

ദൃശ്യമാകുമൊരു വിസ്മയം

കൈമാടിവിളിച്ച പുഴയോരം

 

ഋതുപ്പകർച്ചകളിൽ പണ്ടും

എല്ലാ പുഴകളെയും പോലെ

രൂപം മാറുന്നു പുഴ , ഭാവവും

ചിലപ്പോൾ സംഹാര

രുദ്ര , യതല്ലെങ്കിൽ പ്രിയ

തോഴിയാം ജലദേവത.

 

പെരുമഴക്കാലവർഷത്തിൽ

കമുകിൻ തോട്ടങ്ങളും വയലും

മുക്കുന്ന പ്രളയ ജലവുമായി

മുറ്റം വരെ കയറി വരും പുഴ

 

കടപുഴകിയ മരത്തടികൾ

ചത്ത മൃഗങ്ങൾ — മനുഷ്യർ തൻ

മൃത ദേഹങ്ങളുമായൊരു

മരണപ്രവാഹമാകും പുഴ

 

മലവെള്ളം കയറിയ വയലിൽ

കടലാസു കളിയോടങ്ങളിറക്കും

വാഴത്തണ്ടുകൾ കൊണ്ട്

ചങ്ങാടമുണ്ടാക്കി തുഴഞ്ഞു

കളിക്കും ഞങ്ങൾ , അപ്പോഴും.

 

വേനലിൽ ശാന്ത രൂപിയാം

ജലദേവതയെന്നപോൽ

മീനുകളും പളുങ്കു ജലവുമായി

നൃത്തം ചെയ്തൊഴുകും പുഴ.

 

കേട്ടിട്ടുണ്ട് പല രാവുകളിലും

പുഴ പാടുന്ന പാട്ടുകൾ

പ്രാണ സംഗീതം മീട്ടും

പ്രപഞ്ചത്തിൻ രാഗ താളങ്ങൾ.

 

കുടകിൽ നിന്നുറവയെടുത്ത്

പയസ്വിനി ചന്ദ്രഗിരിയായ്

അറബിക്കടലിലേക്കൊഴുകുന്ന

പുഴയുടെ അനന്യ ഗംഭീരമാം

ഗതി, വിഗതികൾ ചരിത്രവും .

 

പലതാം ചരിത്ര ഘട്ടങ്ങൾ

രണകാലങ്ങൾ പ്രളയങ്ങൾ

പലതും ഒഴുകിക്കടന്നു പോയ് ,

സമകാലത്തിൻ കുതിപ്പുമായ്

ഒഴുകുന്നു പുഴ അവിരാമം.

 

6. ആഴം

സ്കൂൾ ഒഴിവു ദിനങ്ങളിൽ

വലിയ തോട്ടിലെ ചിറയുണ്ട്

കുളിച്ചു മദിക്കുവാൻ.

അവിടെ മീനുകൾക്കും

നീർക്കോലികൾക്കുമൊപ്പം

കളിച്ചു മടുക്കുമ്പോൾ

പുഴയിലേക്കോടുന്നു കൂട്ടുകാർ

 

വിടുകയില്ലയക്കാലത്ത്

കുട്ടികളെ തനിയെ

പുഴയിലിറങ്ങുവാൻ

അപകടമാണ് ; കളിയല്ല ,

ആഴമേറിയ പെരുമ്പുഴ.

 

അടിയൊഴുക്കുകൾ അജ്ഞാതം

പാതാളക്കുഴി, സുയിപ്പുകൾ ,

നാഗത്താറുകയ മങ്ങനെ

ഭയപ്പെടുത്തുന്ന പലതാം കഥകൾ..

 

അമ്മ പറഞ്ഞു അനുഭവം :

” വിട്ടിട്ടില്ലെന്നെയും , തുണി

അലക്കുന്ന വലിയ തോട്ടിലെ

വണ്ണാത്തിച്ചിറയ്ക്കപ്പുറം

പുഴയിലേക്കൊരിക്കലും ,

അതിനാലല്ലോ ഞാൻ

നീന്തൽ പഠിച്ചില്ലൊരിക്കലും ”

 

അമ്മമ്മ ചൊല്ലി : ” ഇല്ല ;

വിട്ടു കൊടുക്കില്ല ഞാനെൻ

മക്കളെ ആഴങ്ങൾക്ക് ,

കൊണ്ടുപോയല്ലോ കളിക്കുവാൻ

എന്റെയൊരോമന മകനെ

കൂട്ടുകാരായ് വന്നവർ ,

ഒടുവിലോ അവൻറെ

വീർത്തതാം ഉടൽ മാത്രം

തിരിച്ചെത്തിച്ചു പോയവർ… ”

 

എട്ടാം വയസ്സിൽ കൂട്ടുകാർക്കൊപ്പം

കളിക്കവേ സമീപത്തെ

ജലാശയത്തിൽ മുങ്ങിമരിച്ച

ഒരമ്മാവൻ്റെ ദുരന്തം , ഉള്ളം

മുറിപ്പെടുത്തിയ സങ്കടം .

 

നിരോധന മെന്തൊക്കെയാകിലും

പോകാതിരിക്കാനാവില്ല പുഴയിൽ

പല വഴിക്കായ് ഒളിച്ചു വന്നെത്തും

പുഴയിലേക്കു കുതിച്ചു തുള്ളിടും

 

തെളിഞ്ഞ വെള്ളത്തിൽ

അക്കരെയിക്കരെ നീന്തിപ്പോകും

പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന

തെങ്ങിൻ മുകളിൽ നിന്നും

മുങ്ങാംകുഴിയിട്ടു

മുതലക്കൂപ്പു കുത്തും …

 

കടവിൽ ആളുകളെ കടത്തുന്ന

തോണികൾക്ക് തുഴഞ്ഞു

കൊടുക്കും , ആഴമുള്ള ഭാഗത്ത്

വലിയ കഴുക്കോലിട്ടു

ആഞ്ഞാഞ്ഞ് തണ്ടു വലിക്കും ,

ചുവന്ന കൊടികളുമായി

കടവു കടന്ന് ജാഥക്ക്

പോകുന്ന സഖാക്കളുടെ

കൂടെ മുദ്രാവാക്യം വിളിക്കും .…

 

പുഴയോരത്തു മദിച്ചീടാൻ

എത്രയെത്ര നിമിത്തങ്ങൾ

ഇപ്പോഴുമതിന്നാവേശം

അല്പം പോലും കുറഞ്ഞിടാ..

 

മഞ്ചക്കൊട്ടിൽ എതിർപ്പിന്

കൂലോത്തുങ്ങാൽ തെയ്യത്തിന്

ഒറ്റക്കോലത്തിന് , പുത്തരിക്ക്

തറവാട്ടുകളിയാട്ടത്തിന്

സംക്രാന്തിക്കങ്ങനെയോരോരോ

സന്ദർഭത്തിനുമൊത്തു

ചേരുമ്പോഴും കൂട്ടുകാരൊത്തുള്ള

പുഴയിലെ നീരാട്ടും

അക്കരെയിക്കരെ നീന്തലും.

 

പുഴയിൽ കുളിക്കുമ്പോൾ

ജലത്തിൻ ആലിംഗനം

ഉടലിൻ ഇടുക്കുകളിൽ

അതിന്റെ വിരൽ സ്പർശം,

കളിക്കൂട്ടുകാർ പോലെ

മീനുകൾ, തിര്യക്കുകൾ …

 

7. കടവ്

പനി പിടിച്ച് തളർന്ന്

അച്ചൻറെ ചുമലിലിലിരുന്ന്

കുഞ്ഞിമാവിൻറടിയിലെ

ഡോക്ടറെ കാണാൻ

തോണിയിൽ ആദ്യമായി

പുഴകടന്നതിന്റെ ഓർമ

 

പിൽക്കാലത്തു പല കാര്യം

വിദ്യാനഗറുള്ള കോളേജിലേക്കും

അതിനപ്പുറം നഗരത്തിലുമെത്താൻ

പുഴ കടന്നു തോണിയിൽ

പതിവായി…

 

ഏതു പാതിരാവിലും

കടവിൽ കാത്തിരിപ്പുള്ള

തോണിക്കാരാം ഇച്ചാന്മാർ

ഏതു കരയിലാണെങ്കിലും

നീട്ടിയൊരു കൂവലിൻ

വിളിപ്പുറത്തുണ്ടായിരുന്നവർ

 

കത്തിക്കാളുന്ന കൗമാരത്തിൽ

പട്ടണച്ചുവരുകളിൽ സമരമെഴുതിയും

പോസ്റ്ററൊട്ടിച്ചും വൈകി ,

ലളിതകലാ സദനത്തിൽ

കെ പി എ സി നാടകം കഴിഞ്ഞ് ,

സെക്കന്റ്ഷോ സിനിമ കഴിഞ്ഞ്

ഫിലിം സൊസൈറ്റി കഴിഞ്ഞ്

പാതിരാവുകളിൽ

കടവ് തോണിയിലെ മടക്കം…

 

അപൂർവ്വം ചിലയവസരം

പലതവണ വിളിച്ചു കൂവിയിട്ടും

തോണികിട്ടാതെ

അവിടെ കടവത്തെ

കടവരാന്തയിൽ കിടന്നുറങ്ങി

പുലർച്ചെ തോണിയിൽ

പുഴകടന്നതിന്റെ ഓർമ.

 

8. ഉറവ

എവിടെ നിന്നാരംഭിക്കുന്നു

പുഴയുടെ ഒഴുക്ക് ?

പുഴയോടു ചോദിക്കാനാവുമോ ,

അതിന് മനുഷ്യർ തൻ

ഭാഷ വശമല്ലയോ !

 

പുഴ പറയുമായിരിക്കും

ചിലതൊക്കെ ,

സ്വന്തം കഥകൾ പറയാൻ

ഇഷ്ടമല്ലാത്തതാർക്കാണ് ?

 

പണ്ടു പണ്ട് , വളരെ പണ്ട്

കേരളോൽപ്പത്തിക്കഥക്കും മുമ്പ് ,

പരശുരാമനും പുരാണങ്ങൾക്കും

ഇതിഹാസങ്ങൾക്കും മുമ്പ് ,

ജീവ പരിണാമങ്ങളിലൂടെ

മനുഷ്യർ ഭൂമിയിൽ പിറക്കുന്നതിനും

പരസഹസ്രാബ്ദങ്ങൾ മുമ്പ്

 

ഭൂമിയിൽ ഏതോ

മഹാത്ഭുതത്തിന്റെ

തിരുശേഷിപ്പായി പുഴയുടെ

ഉറവകൾ പൊട്ടിപ്പുറപ്പെട്ടു.

 

സഹ്യ പർവ്വതമെന്ന

പശ്ചിമഘട്ടത്തിലെ

പാറയിടുക്കുകളിൽ നിന്നും

രണ്ടു ഉറവകൾ ..

അവ രണ്ടു നീരൊഴുക്കുകളായി

ചന്ദ്രഗിരി — പയസ്വിനിയെന്നിങ്ങനെ

കൈവഴികളായി പ്രവഹിച്ചു.

കുന്നിൻ ചെരിവുകളിലൂടെ

പാറക്കെട്ടുകളിലൂടെ

സമതലങ്ങളിലൂടെ വളഞ്ഞും

വളയാതെയും ഒഴുകി

ഒരു മുനമ്പിൽ എത്തിച്ചേർന്ന്

തമ്മിൽ പുണർന്നു ലയിച്ച്

 

ഒറ്റ പ്രവാഹമായി

ചന്ദ്രഗിരി യായി

പിന്നേയും ഒഴുകി

പരസഹസ്രാബ്ദങ്ങളായി

പടിഞ്ഞാറൻ കടലിലേക്ക്

ഒഴുകിക്കൊണ്ടിരിക്കുന്നു

 

പേരുണ്ടായിരുന്നില്ലന്നു

പുഴയ്ക്കും പർവ്വതത്തിനും

സമുദ്രത്തിനു മൊന്നിനും…

 

പിന്നീടെത്രയോ സഹസ്രാബ്ദങ്ങൾ

കഴിഞ്ഞിവിടെ ഭൂമിയിൽ

മനുഷ്യർ പിറന്നു ജീവപരിണാമമായ്

അവർക്കു കൈവന്ന ഭാഷയിൽ

പേരുണ്ടായോരോന്നിനും.

 

9. മീനുകൾ , പക്ഷികൾ

കടവത്തെ കല്പടവിൽ

പുഴയിലേക്ക്

കാൽനീട്ടിയിരിക്കുമ്പോൾ

പളുങ്കു ജലരാശിയിൽ

പ്രിയമോടെ വന്നു

പൊതിയുന്ന മീനുകൾ

 

എന്റെ കാൽ വണ്ണയിൽ ,

നിട്ടലിൽ , വിരലിടുക്കുകളിൽ

ചുംബിച്ചു ചുംബിച്ച്

ഇക്കിളിയാക്കുന്നവ

 

ഏതേതൊക്കെ മീനുകൾ !

പരൽ മീനുകൾ, കാരി , മുഷി,

വരാൽ , ചെമ്പല്ലി , മാനത്തുകണ്ണി ,

പള്ളത്തി , കണമ്പ് ,

മഞ്ഞക്കുരി , വെള്ളക്കുരി ,

ആറു വാള , പരൽ , പച്ചില വെട്ടി ,

‚കല്ലാരൽ , പൂലോൻ , വട്ടോൻ ,

കല്ലൊട്ടി മീൻ , കടും കാളി …

 

പുഴയിലെ പക്ഷികളോ , പിന്നെ

എത്ര സ്നേഹത്തോടെയാണവ

കൂട്ടുകൂടുന്നത്

കൊക്ക് , കാക്ക , കുളക്കോഴി ,

നീല പൊൻ മാൻ ,

പച്ചിലക്കുടുക്ക ,

വെള്ളക്കൊക്ക് , മൈന ,

ഉപ്പൻ , മരംകൊത്തി ,

നീർ കാക്ക , പരുന്ത് ,

കുരുവി , മീ വൽ പക്ഷി ,

തത്ത , മണ്ണാത്തിപ്പുള്ളി ,

കാടക്കോഴി , എരണ്ട …

 

അങ്ങനെ പറന്നു

കളിക്കുന്ന പക്ഷികൾ…

 

പുഴയിലെ തുരുത്തിൽ

കൂറ്റൻ പുന്ന മരത്തിൽ

വിശ്രമിക്കാനെത്തുന്ന

കടൽ പരുന്ത്…

 

10. ഭാഷ

പുഴയോട് പക്ഷികൾ

എന്തു ഭാഷയിലാണു മിണ്ടുക,

അവയുടെ പറക്കലുകൾ

ഏതു കാലത്തിലാണ് ?

 

ഒറ്റക്കാലിൽ തപസ്സിരിക്കും

കൊറ്റിയുടെ ഭാഷ ?

മഴമരത്തിന്റെ ശാഖിയിൽ

പ്രണയമോടെ

ഇണയെ കാത്തിരിക്കുന്ന

മലമുഴക്കിയുടെ ഭാഷ ?

 

പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന

മരത്തിലിരുന്ന്

ആഴങ്ങളിലെ മീനുകളുടെ

വേഗമറിഞ്ഞു പറക്കുന്ന

പൊന്മാന്റെ ഭാഷ ?

 

പുഴയോരത്തെ മരങ്ങളുടെ

ചില്ലകളിൽനിന്നു ചില്ലകളിലേക്കു

പറന്നു പറന്ന്

പുഴയെല്ലാംതന്റെ സ്വന്തമെന്നു

വിളിച്ചു പറയുന്ന

മീൻ കൊത്തിയുടെ

വാചാലത നിറഞ്ഞ ഭാഷ ?

 

ജീവിതം കൊത്തിക്കൊത്തി

ശൂന്യമായ പൊത്തിൽ

ഒറ്റയായിപ്പോയ

മരംകൊത്തിയുടെ ഭാഷ ?

അപകടങ്ങളെ

കാതോർത്തിരിക്കുന്ന

കാക്കയുടെ ഭാഷ ?

 

എനിക്കിപ്പോഴും

അറിയാനായിട്ടില്ലതൊന്നും.

 

പുഴയുടെ കരയിലിരുന്നു

പ്രതീക്ഷയെ ചേർത്തുപിടിച്ചു

സല്ലപിക്കുന്ന പ്രണയികൾ

 

ഉഴുതും കിളച്ചുമറിച്ചും

വെള്ളം തേവിയും വിയർത്തൊലിച്ച്

പുഴയിൽ കുളിക്കാനിറങ്ങിയ

കൃഷി വലന്മാർ

 

ഇര കോർത്ത

നീളൻ ചൂണ്ടകളുമായി

മീൻ പിടിക്കാൻ

കുനിഞ്ഞിരിക്കുന്നവർ

 

അലക്കാനുള്ള പുറപ്പാടുമായി

പട്ടണത്തിലെ ധോബികൾ ,

അലക്കുകല്ലിന്മേൽ

അവർ ഏറ്റെടുത്ത

മറ്റുള്ളവരുടെ വിഴുപ്പുകൾ …

 

പിതൃക്കളുടെ അസ്ഥിയും ചാരവും

നിറച്ച ചെറുകുംഭങ്ങളുമായി

പിന്മുറക്കാർ ,

പുഴയോരത്തെ

അവരുടെ തർപ്പണങ്ങൾ…

 

അനാദിയായ കാലത്തിന്റെ

ഓർമയുണർത്തിക്കൊണ്ട്

തടം തല്ലിയൊഴുകുന്ന പുഴ

 

11. മണ്ണ്

പുഴ പറയുന്നു :

ഇവിടം മുഴുവൻ

കാടായിരുന്നു പണ്ട്.

 

മഴു കൊണ്ടു കാടുകളെ

വെട്ടി വെളുപ്പിച്ചാണ് ,

കടലിനെ നീക്കിയല്ല

പരശു രാമന്മാർ

കേരളമുണ്ടാക്കിയത്…

 

ബാക്കി വന്ന കാടുകളും

തീരാറായിരിക്കുന്നു ,

പുഴകളുടെ അവസാനത്തെ

ജീവസ്രോതസ്സുകളും

വറ്റിവരളുന്നു.

 

പുഴയെക്കൊണ്ടാണല്ലോ

പുലർന്നു സഹസ്രാബ്ദങ്ങ

ളോളമീ നാടിൻ ജീവൻ.

 

പുഴയിതു സ്വാധീനിച്ചു

നാടിന്റെ ഗതികളെ

നഗര കാമനകളെ

ജന ജീവിതത്തെ

കൃഷിയെ വാണിജ്യത്തെ

സാമ്പത്തിക വ്യവസ്ഥകളെ …

 

ചരക്കുകൾ നീളെ വിറ്റും

വാങ്ങിയുമെത്തിയ

വാണിഭ സംഘങ്ങൾ

സമ്പത്തുകൾ തേടി

രാജ്യാതിർത്തി കടന്നു വന്ന

വിദേശ ശക്തികൾ തൻ

മത്സര പരാക്രമങ്ങൾ

 

പല നൂറ്റാണ്ടുകളായ്

അങ്ങുമിങ്ങുമായ്

എത്രയെത്ര

കടന്നാക്രമണങ്ങൾക്ക്

ഇരയും സാക്ഷിയുമായി !

 

നാടിൻറെ ചരിത്രത്തെ

മുന്നോട്ടു കുതിപ്പിച്ച

മനുഷ്യരുടെ മഹാപ്രസ്ഥാനങ്ങൾ ,

 

സ്വാതന്ത്ര്യത്തിനും സമത്വത്തിനും

വേണ്ടിയീ മണ്ണിൽ നടന്ന

രക്ത സ്നാതമായ പ്രക്ഷോഭങ്ങൾ.

 

വളരെ മുമ്പ് ഗാന്ധിജിയുടെ

സത്യഗ്രഹത്തിനൊരു നൂറ്റാണ്ട് മുമ്പ്

ആയിരത്തിയെണ്ണൂറ്റി മുപ്പതുകളിൽ

സാമ്രാജ്യത്ത നിയമത്തിനെതിരെ

തുളുവർ നയിച്ച “ഉപ്പ് ‑ചപ്പ് സമരം ”

 

ബ്രിട്ടീഷ് അധികാരികളുടെ

ട്രഷറി കയ്യേറി രേഖകൾ

കത്തിച്ചു ചാമ്പലാക്കിയ

കൂട്ടക്കലാപം …

 

12. നാട്

തൊള്ളായിരത്തി മുപ്പത്തിരണ്ടിൽ

പുഴ കടന്ന് കാടക ത്തേക്ക്

വന സത്യഗ്രഹത്തിനു പോയി

അറസ്റ്റു വരിച്ച്

ജയിൽ ശിക്ഷയേറ്റുവാങ്ങിയ

ധീരരായ കർഷകന്മാർ

കൃഷ്ണമണോളിത്തായരും

നാരായണൻ നായരും

പെരുമ്പളയിലെ വലിയച്ഛന്മാർ.

 

ഗാന്ധിയുടെ വിളികേട്ടു

പുഴകടന്നു സത്യഗ്രഹത്തിനും

നിയമലംഘനത്തിനും പോയി

പിന്നെയും ചെറുപ്പക്കാർ…

അതേ പുഴ കടന്നു വന്ന

ചുവപ്പിൻറെ പോരാളികൾ…

സ്വാതന്ത്ര്യ പോരാട്ടത്തിൻറെ

അഗ്നിജ്വാലയുമായി

ബെല്ലാരി ജയിൽ ചാടി വന്ന

എ . കെ . ഗോപാലൻ …

 

നടന്നു പൊട്ടിത്തിണർത്ത

കാലുകളുമായി പെരുമ്പളയിലെത്തി

കുഞ്ഞികൃഷ്ണനും തുക്കാറാമിനും

അമ്മിണിയനും

ചുവന്ന സ്വപ്നങ്ങൾ കൊടുത്ത

മാധവേട്ടൻ.

 

അമ്മമ്മ പറഞ്ഞു:

വലിയ മുടിയുള്ള

തെയ്യങ്ങൾ വരുമ്പോലെയാണ്

ചുവന്ന കൊടിക്കാർ

നാട്ടിലെത്തിയത് .

എന്തൊരു തേജസ്സായിരുന്നു ,

എന്തൊരു ആത്മധൈര്യവും

ആവേശവുമാണ് അവർ

നാടിനു നൽകിയത് !

 

എത്രയോ സഖാക്കൾ വന്നു

കുഞ്ഞികൃഷ്ണൻറെ കൂടെ

വിദേശഭരണത്തെ എതിർത്തുകൊണ്ട്

പോലീസിനു പിടികൊടുക്കാതെ

പ്രവർത്തിക്കാൻ അവർ

രാത്രികളിൽ എത്തിച്ചേർന്നു

 

വീടിന്റെ തട്ടിൻപുറത്തും

ഒലക്കോടിലും പകലുകൾ കഴിച്ച്

സന്ദേശങ്ങൾ കൈമാറി

രാത്രികളിൽ കടന്നു പോയി.

 

നിരോധനത്തിൻറെ നാളുകളിൽ

കഠിനമായ യാതനകൾ നേരിട്ട്

ഒളിവുമാടങ്ങളിൽ ഒറ്റപ്പെട്ടു കഴിഞ്ഞ്

നാടിൻറെ രാഷ്ട്രീയ ബോധത്തെ

ഉഴുതുമറിച്ച സഖാക്കൾ

കൃഷ്ണപിള്ള , കേരളീയൻ ,

കെ പി ആർ , തിരുമുമ്പ് , നായനാർ

കുഞ്ഞാപ്പു മാഷ് ….

അങ്ങനെ എത്രയോ പേർ.

 

13. പെണ്ണുങ്ങൾ

അച്ഛമ്മ പറഞ്ഞു.:

പുഴ കടന്ന് പോയിട്ടില്ല

ഞങ്ങൾ പെണ്ണുങ്ങൾ

അതിനുമുമ്പൊരു കാലത്തും.

ജാതി ഭ്രഷ്ടാവും

പുഴ കടന്നക്കരെ പോയാൽ ,

പിന്നെ തിരിച്ചുവരവില്ല.

 

പക്ഷെ ഒരിക്കൽ

ഭവിഷ്യത്തു നോക്കാതെ

ഞങ്ങളെല്ലാം പോയി.

 

നാല്പത്തെട്ടിൽ പാതിരാവിൽ

ഒളിവിൽ കഴിയുന്ന നേതാക്കളെ

തേടിവന്ന എംഎസ് പി ക്കാർ

നടത്തിയ നരനായാട്ടിൽ

തകർന്ന പാത്രങ്ങളുമേന്തി

പകൽ വെളിച്ചത്തിൽ പുഴ കടന്ന്

ചുവന്ന കൊടി പിടിച്ച്

പട്ടണത്തിൽ സമരത്തിന് പോയീ

പെരുമ്പളയിലെ പെണ്ണുങ്ങൾ.

 

കർഷകരുടെ ചോരയൂറ്റി

കൊഴുത്ത ജന്മിത്തവാഴ്ച തൻ

അവസാനം കുറിക്കുവാൻ ,

കൃഷിഭൂമി കൃഷിക്കാർക്കു

ലഭിക്കാൻ നടന്ന സമരങ്ങൾ…

 

അച്ഛൻ പറഞ്ഞിട്ടുണ്ട് ;

പുഴ കടന്ന് ജാഥയായ്

കർഷകസംഘത്തിൻ്റെ

സമരത്തിന് പോയത് .

 

ജന്മിത്തത്തിൻ അനീതികൾ ,

പട്ടുടുത്ത് പാലുകുടിച്ച്

ഗീത ഓതുന്നവരാകിലും

കർഷകർക്കു നീതി നൽകാൻ

തോന്നിടാത്ത ജന്മി സ്വാമികൾ.…

 

എടനീർ മഠത്തിനു മുന്നിൽ

ഇപ്പോഴും അലയടിക്കുന്ന

ബാലറാമിന്റെ പ്രസംഗം.

 

14. സ്വപ്നം

ഇടയ്ക്ക് ഒരു സ്വപ്നത്തിൽ

വന്നു കൃഷ്ണൻ മാഷ്,

മറ്റാരുമല്ല

പെരുമ്പള കുഞ്ഞികൃഷ്ണൻ

ആദ്യത്തെ പാർട്ടി സെക്രട്ടറി ,

വർഷങ്ങൾ മുമ്പേ മരിച്ച വലിയച്ഛൻ.

 

വെളുത്ത ഖാദിയുടുപ്പുകളും

കുടയും കണ്ണടയും ധരിച്ചുള്ള

സാധാരണ വേഷമല്ല ;

സ്വപ്നത്തിൽ വിചിത്രമൊരു

വെളിച്ചപ്പാടൻ വേഷം .

 

മുണ്ടുടുത്ത് അരയിൽ

ചുവന്ന ഉറുമാലിന്റെ കെട്ടും

കൈയ്യിൽ തെയ്യത്തിൻറെ

കിലുങ്ങുന്ന വാളും വിറപ്പിച്ചു

ദർശനം പിടിച്ച വെളിച്ചപ്പാടൻ.

 

പണ്ടത്തെ കലാസമിതി

വാർഷികങ്ങളിൽ സ്ഥിരമായി

രാഷ്ട്രീയം പറയാൻ മാഷ്

അണിയുന്ന പ്രച്ഛന്ന വേഷം.

 

ആളും ആരവങ്ങളുമില്ലാത്ത

പുഴക്കരയിലേക്ക്

നടന്നു വരികയാണൊറ്റയ്ക്ക്

വെളിച്ചപ്പാടനായി, മാഷ് .

 

സ്വപ്നത്തിലിപ്പോൾ

വാളുംവിറപ്പിച്ച്

ഉരിയാടുകയാണ് , മാഷ്

പുഴയെ നോക്കി :

 

‘’ …അങ്ങനെയായിരിക്കുന്ന

കാലത്തിങ്കൽ ,

ജലപ്രവാഹമേ… കാലപ്രവാഹമേ…

തൊള്ളായിരത്തി നാല്പത്തിരണ്ടിലെ

ഗാന്ധി ജയന്തിക്കാണല്ലോ ഞങ്ങൾ

പാർട്ടി സെൽ രൂപീകരിച്ചത്,

 

ജന്മിത്തത്തിനെതിരെയാണ്

ഞങ്ങൾ പട നയിച്ചത്

വിതച്ച കൃഷിക്കാരനെ കൊയ്യാൻ

സമ്മതിക്കാത്ത ജന്മിയുടെ വയൽ

കൊയ്തു ഞങ്ങൾ ,

വിളകൊയ്‌ത്തുസമരമായത് ..

 

പോലീസിന്റെയും ഗുണ്ടകളുടെയും

എത്രയെത്ര അക്രമങ്ങളെ നേരിട്ടു,

നിരോധനങ്ങളെ അതിജീവിച്ചു ,

 

കർഷകരെ അവരുടെഭൂമിയുടെ

അവകാശികളാക്കിയില്ലേ

 

സഹകരണ സംഘം തുടങ്ങി

കൊള്ളപ്പലിശക്കാരെ അടക്കിയില്ലേ

 

കുട്ടികൾക്ക് പഠിക്കാൻ സ്‌കൂളും

ആശുപത്രിയും റോഡും പുഴക്ക് പാലവും

ഉണ്ടാക്കാൻ രാവും പകലും ഓടി നടന്നില്ലേ

 

ആളെക്കൊല്ലികളെന്നു പറഞ്ഞല്ലേ

ചിലർ ഞങ്ങളെ ആക്ഷേപിച്ചത്

 

ആരെയും കൊന്നില്ലല്ലോ, ഞങ്ങൾ

പകരം ആളുകളെ മർദനത്തിൽ

നിന്നും മരണത്തിൽ നിന്നും രക്ഷിച്ചില്ലേ

 

കമ്മ്യൂണിസ്റ്റായപ്പോഴും

ഗാന്ധിജിയാണ് ഞങ്ങളെ നയിച്ചത്

ആൾക്കൂട്ട ക്കൊലയാളികൾ

അധികാരികളാകുമ്പോൾ

സ്വാതന്ത്ര്യം അപകടത്തിലാവുമ്പോൾ

അഹിംസയല്ലാതെ

നിസ്സഹകരണവും

ബഹിഷ്കരണവുമല്ലാതെ

ഗാന്ധിജിയല്ലാതെ,

നമുക്ക് മറ്റെന്തായുധം ? …’’

 

അപ്പോഴേക്കും എങ്ങുനിന്നോ

ചെണ്ട മേളം കേൾക്കുന്നു,

പൊട്ടൻ തെയ്യത്തിൻറെ

തോറ്റംപാട്ടു മുഴങ്ങുന്നു;

“പൊലിക പൊലിക പൊലിക ജനമേ

പരദൈവം പൊലിക പന്തൽ പൊലിക

പതിനാറഴകിയ കാപ്പന്തൽ പൊലിക..”

 

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ

ചിറവാതുക്കൽ വയലിൽ

ഒരു തെയ്യക്കോലം നിൽക്കുന്നു

മുഖപ്പാള വെച്ച പൊട്ടൻ തെയ്യം.

 

ഉരിയാട്ടം തുടങ്ങിയപ്പോളാണ്

ചിരപരിചിതമായ ശബ്ദത്തിൽ

കോലക്കാരനെ മനസ്സിലായത്

പരദേവത കെട്ടിയാടാറുള്ള

അമ്മിണിയൻ പണിക്കർ

മരിച്ചുപോയ മറ്റൊരു വലിയച്ഛൻ

ആദ്യത്തെപാർട്ടി മെമ്പർ

 

പക്ഷെ ചെണ്ടക്കാരോ

അകമ്പടികളോ ആരുമില്ല.

തെയ്യത്തിന്റെ വാളും പരിചയുമില്ല

പാർട്ടിക്കൊടിപോലെ

നേർത്ത ഒരു മുളന്തണ്ടിൽ കെട്ടിയ

ഒരു ചുവന്ന ശീലയാണ്

കൈയ്യിൽ പിടിച്ചിരിക്കുന്നത്

 

“മാരണം മാറ്റുമോരോ

ദ്വേഷങ്ങൾ വരുന്ന കാലം

മങ്ങാതെ തടഞ്ഞു നിർത്തി

മംഗളമരുളീടേണം…

എന്നല്ലേ പൈതങ്ങളേ..? ”

 

തെയ്യം ഉരിയാട്ടം തുടങ്ങിയിരുന്നു :

“തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും

ഉണ്ടായിരുന്ന നാടല്ലേ , മനുഷ്യർക്ക്

ഒന്നിച്ചിരിക്കാൻ പറ്റുമായിരുന്നോ

ഭേദചിന്ത മാറ്റി ഒത്തു കൂടി

രോഗബാധിതരെ ശുശ്രൂഷിക്കാനും

മരിച്ചവരെ അടക്കാനും

ഇവിടെ വഴിയുണ്ടാക്കിയില്ലേ ,

കാത്തുരക്ഷിച്ചില്ലേ …പൈതങ്ങളേ

ഗുണം വരണം ഗുണം വരണം.. ”

 

അപ്പോഴേക്കും സ്വപ്നം മുറിഞ്ഞു.

 

15. തടം

ഞാറ്റു പാട്ടും നാട്ടുമൊഴിയും

തെയ്യത്തോറ്റങ്ങളും മാപ്പിളപ്പാട്ടും

കാറ്റുപോലെ വീശുന്ന ,

കവിത പൂക്കുന്ന പുഴയോരം

 

അഴിമുഖത്ത് കടലിനെ നോക്കി

ഇശലുകൾ കെട്ടിയ ഉബൈദ്

അവധൂതനെപ്പോലെ മറ്റേതോ

പുഴ തേടി കടന്നു പോയ പി .

 

പലഭാഷകളിൽ പടർന്ന്

സ്വാതന്ത്ര്യത്തിന്റെ ആകാശം

വിടർത്തിയിട്ട ഗോവിന്ദപൈ

 

കവിതയും സമരവുമായി

നിവർന്നു നടന്ന കിഞ്ഞണ്ണറൈ

 

സ്റ്റെതസ്കോപ്പും മരുന്നും

പടപ്പാട്ടുമായി

കുടിലുകളും കൂരകളും

കയറിയിറങ്ങിയ സുബ്ബറാവു

 

പുലിക്കുന്നിലിരുന്ന്

പയമ തേടിയ രാഘവൻ ,

ചന്ദ്രഗിരിക്കരയിലെ

പത്രക്കാരൻ അഹമ്മദ് ..

അങ്ങിനെ കടന്നു പോയവർ

 

പലരുണ്ടിപ്പോഴും കവികളായി

സ്വപ്‌നങ്ങൾ നീട്ടിയെഴുതുന്നവർ

 

അല്ലെങ്കിലുമാർക്കു വേണ

മിവിടെ കവികളെ , കവിതയും ?

 

അതിജീവന മന്ത്രവുമായി

ജീവിതം സമരമാക്കിയോർ

അവരുണ്ടാകുമിവിടെയെങ്ങോ

പുഴതൻ കവിതയാസ്വദിക്കുവാൻ

 

കരയിലിരുന്നു ചൂണ്ടയിട്ടും

വലയെറിഞ്ഞും മീൻ പിടിച്ചും

ഉപജീവനം നടത്തിയവർ

വിഭവങ്ങളുണ്ടാക്കിയവർ

വള്ളങ്ങളിൽ യാനപാത്രങ്ങളിൽ

തുഴഞ്ഞും തണ്ടു വലിച്ചും

ചരക്കുകൾ കടത്തിയവർ…

 

അഴിമുഖത്തെ തുറമുഖം

തുറന്നിട്ട തുറസ്സാം ലോകം

അറബിക്കടലിൻറെ

അറിയാക്കരകളിലേക്ക്

സഹസ്രാബ്ദങ്ങളില്

കടന്നുപോയ ചരക്കുകൾ

 

പശ്ചിമഘട്ടത്തിൽ നിന്നുളള

വനവിഭവങ്ങൾ

കുരുമുളക് , കാപ്പി , ഏലം ,

പച്ചക്കറികൾ , വസ്ത്രങ്ങൾ

 

അതിവിശിഷ്ടമാം തളങ്കരതൊപ്പി

ജലയാനമാം മഞ്ചു — ഉരുക്കൾ

കടലുകൾ കടന്നവ യൊക്കെയും

പടർത്തീ നാടിൻ കേൾവി .

 

തിരിച്ചും എന്തെന്തെല്ലാം

കൊണ്ടു വന്നിരിക്കുന്നു !

പൊന്നായും മിന്നായും

പൊലുസുള്ളവയായും .…

 

16. എന്റെ പുഴ

എനിക്കു ജന്മാന്തര

ബന്ധമീ പുഴയുമായ്

എന്നിലുണ്ടൊഴുകുന്നു

പുഴതൻ കൈവഴികൾ

 

ഈ പുഴയാണെൻ്റെ

തരുണസ്വപ്നങ്ങൾ തൻ

വെൺ മേഘങ്ങൾ നീന്തുന്ന

ആകാശപ്പരപ്പ്

ഈ കവാടത്തിലൂടെ

കാണുന്നു ഞാൻ

പരാപരലോകങ്ങൾ

 

ഇവിടെയിരുന്നുകൊണ്ട്

മേഘപാളികളിൽ നിന്നും

ഞാൻ കവിതയുടെ വീഞ്ഞ്

കോരിയെടുക്കുന്നു

 

ഏറെക്കാലങ്ങളുടെ ഒഴുക്കും

പഴക്കവുമുള്ള അതിൻറെ ലഹരി

എന്നെ ഉന്മാദിയാക്കുന്നു

 

പുഴയുടെ ജലധാരകളുയർന്നു

വന്ന് എന്നെ ഗാഢമായി

ആലിംഗനം ചെയ്യുന്നു ,

പൊട്ടിച്ചിതറുന്ന ജല ഗോപുരങ്ങൾ…

 

പോരാടുന്ന മനുഷ്യരുടെ

ഏകാന്തമായ കൊടി

സൂര്യനോടൊപ്പം ചുവന്നു വരുന്നത്

ഞാൻ കണ്ടത് , ഈ പുഴയിൽ

മുങ്ങി നിവരുമ്പോഴാണ്…

 

ഞാൻ കണ്ടിട്ടുണ്ട്

സായാഹ്നത്തിൽ പുഴക്കരയിൽ,

ചെമ്പകപ്പൂക്കളുടെ പരിമളത്തിനിടയിൽ

കർഷകരുടെ വിയർത്ത

മുതുകിലെ മഴവില്ല് .

 

വേനലിൽ പുഴക്കരയിലെ

ഈ വെണ്ണക്കൽ

പടവിലിരുന്ന് ഞാനെന്റെ

വരികൾക്ക് വാക്കുകൾ

നെയ്തെടുക്കുമ്പോൾ

പക്ഷികൾ വരാനിരിക്കുന്ന

വസന്തത്തിൻറെ പാട്ടിലേക്ക്

ശ്വാസം കുറുക്കിയെടുക്കുന്നു

 

നീണ്ടു നീണ്ട ദൂരങ്ങളിലൂടെ

ഒഴുകിക്കടന്നു വന്ന

ഈ പ്രവാഹത്തിൽ

ഓരോ മുങ്ങി നിവരലും

വ്യത്യസ്തമാണ്.

ഓരോ മുറിച്ചു നീന്തലും

പുതുതായ ശ്രമങ്ങളാണ്.

 

ഈ നിസ്സം‌ഗമായ

ആർദ്രതയിൽ

ഞാൻ അഭയം തേടുന്നു

 

വെണ്ണക്കൽ നിലാവിൽ

പുഴ അതിൻറെ ചഷകം

നിറയ്ക്കുമ്പോൾ

അതിന്റെ ലഹരിയിലേക്കു

എന്റെ കവിത വെളിപ്പെടുന്നു.

 

വലയം വലയമായി പുഴ

അതിന്റെ രാത്രിയെ

വിളക്കിയെടുക്കുന്നു.

അനാദിയായ ആനന്ദങ്ങളുടെ

ഈ പ്രപഞ്ചത്തിൽ

ഞാൻ ആഗ്രഹിച്ച

മരണത്തിലേക്കു

തുഴഞ്ഞു പോകുന്നു

 

17. കാലം

അനന്തമായ കാലത്തിന്റെ

അവിരാമമായ പ്രവാഹം

പോലെ ഒഴുകുന്ന പുഴ

പിന്തിരിഞ്ഞു പോകാനാവാത്ത

അതിന്റെ ഗതി…

 

പടർന്നു വളർന്ന മരങ്ങളുടെ

വേരുകൾക്കിടയിലൂടെ

പാറക്കൂട്ടങ്ങൾക്കിടയിലൂടെ,

സമതലങ്ങളിലൂടെ

ഏറെ ദൂരം താണ്ടിയ

ജല പ്രവാഹം

 

പോയ കാലത്തിൻറെ

പൂക്കളും മുറിവുകളുമായി

അത് കടന്നു പോകുന്നു ,

 

പുഴയുടെ കണ്ണുകളിലേക്കു

വെയിലിൻറെ വെളുത്ത

ഉടവാളുകൾ വീശുന്ന

പകൽ സൂര്യൻ ,

വിദൂരമായ നക്ഷത്രങ്ങളുടെ

മിഴിത്തുമ്പി ലേക്ക്

പതിക്കുന്ന കവിതയുടെ

മിന്നൽ വെട്ടങ്ങൾ ,

ശമനമില്ലാത്ത ഉൾത്താപത്തിൻറെ

മുൾവഴികളിലേക്ക്

തുറന്നു കിട്ടുന്ന

ആനന്ദത്തിൻറെ ഭൂഖണ്ഡങ്ങൾ…

 

ഒരു പുഴയെ

സ്നേഹിക്കുകയെന്നാൽ

ഒഴുക്കിനെ സ്നേഹിക്കുക മാത്രമല്ല.

അതിൻറെ ആദിമമായ ഉറവയെ,

അനേകം കൈവഴികളെ

വൃഷ്ടിപ്രദേശത്തെ മരങ്ങളെ

അതൊഴുകിത്തുടങ്ങിയ

പാറയിടുക്കുകളെ

ഒഴുക്കിലേക്ക് വന്നു ചേർന്ന

ചെറു നീർച്ചോലകളെ

വീണു പതിച്ച

ചിതറിച്ച പാറക്കൂട്ടങ്ങളെ

 

അതു നനച്ച കരയെ

സസ്യജാലങ്ങളെ , ജലത്തെ,

മീനുകളെ , മറ്റു ജലജീവികളെ

അതിൽ നീരാടിയ മനുഷ്യരെ

അതിലൂടെ ഒഴുകിപ്പോയ

കാലത്തെ , ചരിത്രത്തെ

ഒഴുക്കിനെ മുറിച്ചുകടന്ന വരെ

നീന്തിക്കയറിയവരെ

അപകടപ്പെട്ടോ നിലതെറ്റിയോ

മുങ്ങി മരിച്ചവരെ

സ്നേഹിക്കുകയെന്നാണ്.…

 

18. വേലിയിറക്കം

പുഴയിൽ വേലിയിറക്കമായ്

പൊങ്ങിക്കാണുന്നു മണൽതിട്ട് .

പാലത്തിനടിയിലൂടെയൊഴുകും

ജലത്തിന് കാളകൂടത്തിൻ കരിനിറം

 

കുടിക്കാനാവില്ലെങ്കിലും

മനുഷ്യർക്ക് കുളിക്കാനോ

വസ്ത്രമലക്കാൻ പോലുമോ

കൊള്ളുന്നതല്ല ഈ ദ്രാവകം

 

മീനുകൾ ഇതിൽ ഏറെക്കാലം

ജീവൻ നിലനിർത്തുവതെങ്ങനെ!

ജീവനാശിനിയാം എൻഡോ

സൾഫാൻ അവശിഷ്ടവും…

 

അറവുശാല മാലിന്യങ്ങൾ

വിഷവും പാഷാണവും

കലർന്നൊഴുകുന്ന പുഴ ,

ഇരുൾ മൂടിയതാമൊരു ചിത്രം .

 

നേരമിരുട്ടിത്തുടങ്ങുന്നു

ഉടന്നെത്തും മണലൂറ്റുകാർ

യന്ത്രക്കൈകകളാൽ മാന്തിയെടുത്തു

കടത്തുന്നു , പുഴതൻ ഉടൽ .

 

മുറിവേറ്റ ജലകന്യയെപ്പോലെ

ചോരയൊലിപ്പിച്ചൊഴുകുന്നവൾ

തേങ്ങിക്കരഞ്ഞു തീർക്കുന്നു

അനാദിയാം മഹാ സങ്കടം

 

പാടുന്നുണ്ട് പുഴ മുറിവോടെ

ആദിമമായ ഒരു ഗാനം

അതിരില്ലാത്ത കാലത്തിലൂടെ

ഒഴുകിപ്പോകുന്നു നിർമ്മമം

 

പുഴകൾക്കെന്തു ചെയ്യാനാവും

ലോകം അട്ടിമറിക്കപ്പെടുമ്പോൾ

പ്രളയം വരുമ്പോൾ വഹിക്കയല്ലാതെ

സർവം സഹിക്കയല്ലാതെ

യുദ്ധങ്ങൾ , മാരണങ്ങൾ

പൊട്ടിപ്പുറപ്പെടുമ്പോൾ

വർഗീയത പടരുമ്പോൾ

രക്തം , ശവങ്ങൾ വഹിക്കയല്ലാതെ

പുഴകൾക്കെന്തു ചെയ്യാനാവും

 

പുഴയിൽ നീരൊഴുക്കു കുറയുമ്പോൾ

വറ്റി വരണ്ട ഉറവകളെയോർക്കുന്നു

വൃഷ്ടിപ്രദേശങ്ങളിലെ

വെട്ടിത്തെളിക്കപ്പെട്ട കാടുകളെ,

കോടാലിക്കൈകളെയോർക്കുന്നു

 

പുഴ കയ്യേറി കല്ലും കോൺക്രീറ്റും

കൊണ്ട് മതിൽ പണിത്

വളച്ചുകെട്ടി സ്വന്തമാക്കി

സുഖിക്കുന്ന പ്രമാണിമാർ

ഹൈപ്പവർ പമ്പുകൾ വച്ച്

പുഴവെള്ളമൂറ്റി സ്വന്തം

തോട്ടങ്ങളിൽ ധാരാളിക്കുന്നവർ

 

കുടകു മുതൽ കടലു വരെ

ഇരു കരകളിൽ നിന്നുമുള്ള

നൂറായിരം കക്കൂസ് പൈപ്പുകൾ

പട്ടണ മാലിന്യപ്പാത്തികൾ

അറവുശാലകളിലെ

അവശിഷ്ടങ്ങൾ

എല്ലാം പുഴയിലേക്കാണ്

 

വിഷവുമഴുക്കും പാഷാണങ്ങളു

മാകെ യൊഴുക്കി

കൊന്നു തുലച്ചു കഴിഞ്ഞു

പുഴയെ നിർദ്ദയമായി.…

 

19. കാറ്റ്

പുഴ വക്കത്തെ

കാഞ്ഞിരക്കാടുകളിൽ

ഏതോ ഭ്രാന്തൻ കാറ്റിന്റെ കളിമ്പം

അത് പതിയെ ഒരു ചുഴലിയായി

മാറുകയാണോ ?

 

മരങ്ങളിൽ നിന്നും

മരങ്ങളിലേക്ക് അത് വ്യാപിക്കുന്നു

കാഴ്ചകളെ മറച്ചു കൊണ്ട്

കരയാകെ പൊടിയും

പുകയും പടർത്തുകയാണ്…

 

നഗരം മാറിയിരിക്കുന്നു

കാലങ്ങളായി കണ്ടുപരിചയിച്ചു

വളർന്ന നഗരമല്ല ഇത്

പ്രതീക്ഷയോടെ

കെട്ടിപ്പടുത്ത നഗരമല്ല ഇത്

 

പല ഭാഷകളിലായിരുന്ന

മനുഷ്യർ ഒന്നിച്ചു കൂടി

എല്ലാഭാഷകളുടെയും

സ്വപ്‌നങ്ങൾ ചേർത്ത് വെച്ച്

പണിയാൻ തുടങ്ങിയ നഗരം

ഒരു മണൽക്കൊട്ടാരം പോലെ

ഇടിഞ്ഞു പൊളിയുകയാണ്

 

കാലങ്ങളായി തുടർന്ന

സഹജീവനത്തിൻറെ

ശീലങ്ങൾ മാറുന്നു

ശത്രു ഉള്ളിലിരുന്നു കളിക്കുന്നു

 

അന്യവൽക്കരണം മുറുകുന്നു.

അപരൻറെ ശബ്ദം

അലോസരമാവുന്നു.

 

മതത്തിൽ അന്യർ,

ഭാഷയിൽ അന്യർ,

കലയിൽ അന്യർ,

രാഷട്രീയത്തിൽ അന്യർ

വെറുപ്പിന്റെയും പകയുടെയും

വൈറസുകൾ പടരുന്നു

ചേർന്ന് നിൽപ്പ് അസാധ്യവും

അപകടകരവുമാകുന്നു …

 

യോജിപ്പിന്റെ വഴക്കങ്ങളെ

മൺപാത്രങ്ങളെപ്പോലെ

ഉടച്ചുകളയുന്ന പതനങ്ങൾ…

 

ആരാണ് ഭാഷകളെ കലക്കിക്കൊണ്ട്

മനുഷ്യരെ പരസ്പരം മനസ്സിലാകാത്ത

വിഷമസന്ധിയിൽ പെടുത്തുന്നത് ?

 

ഇവിടെ ഒഴുകി നടക്കുന്ന

മലയാളവും തുളുവും

കന്നടവും ബ്യാരിയും

ഉറുദുവും ഹിന്ദുസ്ഥാനിയും

മറാഠിയും കൊങ്ങിണിയും

അങ്ങനെയങ്ങനെ

ചെറുതും വലുതുമായ

സംസ്ക്കാര പ്രവാഹങ്ങൾ

 

ബഹുസ്വര ബോധത്തിന്റെ

ആ സ്വപ്നനഗരം എപ്പോഴെങ്കിലും

പൂർത്തിയായേക്കുമെന്ന ഭയം .

ഏതു ദൈവത്തെയാണ്

കോപാകുലനാക്കുന്നത് ?

 

അതിവിടെ അദൃശ്യമായി വളർന്ന

അമിതാധികാരത്തിന്റെ

ദുർദേവത യല്ലാതെ മറ്റാരാണ് !

 

20. അവസാന ചിത്രം

അശാന്തമായ കടൽ ..

കടലിൽ ചുഴലി തീർക്കുന്ന

ഏതോ പൊടിക്കാറ്റുകൾ

 

സുനാമി ത്തിരകളിൽ

കരയിൽ മണൽ അടിഞ്ഞു കൂടി

പൊഴി ഉയരുന്നു

അഴിമുഖം അടയുന്നു

 

ഒഴുക്കില്ലാതെ , പൊഴി

മുറിക്കാൻ കരുത്തില്ലാതെ

കടലിലേക്ക് കടക്കാനാവാതെ

തളം കെട്ടിനിൽക്കുന്ന

പുഴയിലെ ജലം .

 

വേലിയേറ്റത്തിൽ

നാടുകളെ മുക്കുന്ന

കെട്ടിയഴുകിയ ജലം .

 

അഴിമുഖത്തെ പൊഴി

മുറിച്ചു കടക്കാൻ

കരുത്തുറ്റ പ്രവാഹവുമായി

ഏതു പ്രളയം വരാനാണ് !

 

കടന്നുപോയ പ്രളയകാലങ്ങളുടെ

ഓർമയിൽ പാറക്കൂട്ടങ്ങൾക്കിടയിലൂടെ

ഉരുൾപൊട്ടിച്ചുകൊണ്ട്

പുഴ കുതിച്ചൊഴുകി വരുമോ ?

 

കൂടെയൊഴുകിവരാൻ ,

കരുത്ത് പകരാൻ

ഇനിയും ബാക്കിയുണ്ടോ ,

നാടിന്റെ ആത്മാവിനെ,

സ്വാതന്ത്ര്യ ബോധത്തെ,

സമത്വാകാംക്ഷയെ ,

സഹോദര്യത്തെ പ്രചോദിപ്പിച്ച

ആ മഹാപ്രവാഹങ്ങൾ

 

തുളുനാടിന്റെ വീരഗാഥകളിൽ നിന്ന്

സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ

പടനിലങ്ങളിൽ നിന്ന്

രക്തസാക്ഷികളുടെ മണ്ണിൽ നിന്ന്

തെയ്യങ്ങളുടെ

ആദിമ ചൈതന്യങ്ങളിൽ നിന്ന്

രണോൽസുക കവിതയുടെ

അസഹ്യ പർവ്വതങ്ങളിൽ നിന്ന്

നാട്ടു കഥകളുടെ

ഇതിഹാസോദ്യാനങ്ങളിൽനിന്ന്

 

ഇശലുകളുടെ ഗ്രാമങ്ങളിൽ നിന്ന്

നാടകങ്ങളുടെ കാടകങ്ങളിൽ നിന്ന്

യക്ഷ ഗാന ബയലാട്ടകളിൽ നിന്ന്…

 

ഉറവയെടുത്തൊഴുകി വരുമോ ,

ഇനിയും മഹാ പ്രവാഹങ്ങൾ ?

 

ബഹുസ്വര ബോധത്തിന്റെ

ഒത്തൊരുമയും വൈവിധ്യവും

സൗന്ദര്യ ത്തോടെ വാഴുന്ന

ഭാഷകളും സംസ്ക്കാരങ്ങളും

സസ്യ ജൈവ പ്രകൃതിയും

രാഷ്ട്രീയവും കവിതയും

അവയുടെ മനോഹര മായ

സമൃദ്ധിയിൽ സമഭാവനയോടെ

സ്വാതന്ത്ര്യത്തോടെ പുലരുന്ന

സ്നേഹോദാരമായ ആ സ്വപ്നനഗരം

പുഴയുടെ ഏതു കരയിൽ ?

 

ഇരുകരകളും മലിനമായി

നശിച്ച പുഴയുടെ

ഇനിയും വെളിവായിട്ടില്ലാത്ത

മൂന്നാം കരയിൽ ?