20 April 2024, Saturday

സ്ഫോടനബാക്കി

രേഖ ആര്‍ താങ്കള്‍
September 12, 2021 7:49 am

ഏതുനേരവും പൊട്ടി-
ച്ചിതറും തീഗോളമായ്
പ്രളയാഗ്നിയിൽ, കൂട്ട-
ക്കുരുതി ബലിക്കല്ലിൽ
ഗന്ധകംപോലെ നീറും
വെറുപ്പ്, സിരകളിൽ
ക്രൗര്യവും ലഹരിയും
സ്ഫോടനം കൊതിക്കുന്നു.
രക്തവും രേതസ്സും ചേർ -
ന്നൊഴുകിപ്പരക്കുന്ന
വീഥിയിൽ ദൈവത്തിനെ
ചെകുത്താൻ നയിക്കുന്നു.
തോക്കിന്റെ മുന്നിൽ വസ്ത്ര-
മുരിഞ്ഞു വെടിമരു -
ന്നെരിയും ലിംഗത്തിനാൽ
പെണ്ണുടൽ തുളയ്ക്കുന്നു.
പൊള്ളുന്ന കണ്ണും ചോര-
യൊഴുകും മനസ്സുമായ്
വെന്തടർന്നോടുന്നവർ
പാദങ്ങളൂന്നീടാതെ
ജീവനെ മാത്രം കയ്യി-
ലെടുത്തു സുരക്ഷിത-
മാമൊരു ഋശ്യമൂകം.
എവിടെ? തിരയുവോർ
അകലെയെങ്ങോ മിന്നി-
ക്കാണുന്ന വെളിച്ചത്തെ
അടുത്തേക്കടുക്കുമെ-
ന്നോർക്കുന്ന പ്രതീക്ഷയെ
കാത്തു ജീവിതത്തിന്റെ
കത്തിവായ്ത്തലയേറി
ഉയിരുടൽ കീറിയാകെ
പിടഞ്ഞു മരിപ്പവർ
എത്തിടാം ചാരത്തൊരു
കൈത്തലം അതുപക്ഷേ
പൗരത്വമാനദണ്ഡ
ക്കണക്കിൽ വഴുതവേ
ഒരു കച്ചിത്തുരുമ്പെന്നു
കരുതിത്തുഴഞ്ഞെത്തി
കൈപിടിച്ചീടും മുന്നേ
അകലേക്ക് പോകുന്നപോൽ
ചുറ്റിലും കബന്ധങ്ങ-
ളെങ്കിലും അലമുറ
കൂർത്തകൂരിരുട്ടിന്റെ
കോമ്പലിൽ കൊരുക്കുന്നു.
എത്രയോ ഭേദമാണു
മരണം! മരിച്ചിട്ടും
സ്ഫോടന ബാക്കിയായി
ജീവിതം തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.