October 3, 2022 Monday

പൂക്കാത്ത കാലത്തിന്റെ കവിതകൾ

ഷീജാഗൗരി
May 24, 2020 4:27 am

ല്ലാവരും എഴുതുന്ന കാലത്ത്, എഴുതുന്നതെന്തിനെയും ‘കവിത ’ എന്ന് വിളിച്ച് സ്വയം ഘോഷിക്കുന്ന കാലത്ത്, കാലത്തെ അതിജീവിക്കത്തക്ക ആർജവമുള്ള കവിതകളെഴുതി കവികളുടെ ‘സംഘ’കാലത്ത് വഴിമാറി നടക്കുന്ന കവിയാണ് രാജൻ കൈലാസ്. അദേഹത്തിന്റെ ‘മാവു പൂക്കാത്ത കാലം’ എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയും ‘വിത’യൊളിപ്പിക്കുന്നത് ഇപ്രകാരമാണ്. പുതുകവിത പ്രമേയത്തിലും ആവിഷ്കാരത്തിലും പുതിയ വഴികൾ വെട്ടി മുന്നേറുന്ന കാലത്ത്, തനത് രീതികളിൽ വൃത്തവും താളവും ഇണക്കിച്ചേർക്കുന്ന കവിതകളോടൊപ്പം സത്യാനന്തര കാലത്തെ പുതിയ വഴിത്താരകളും കവി സ്വായത്തമാക്കുന്നുണ്ട്. പ്രായമേറുന്നതും നര ബാധിക്കുന്നതും കവികൾക്കു മാത്രമാണെന്നും കവിതയ്ക്കെന്നും പതിനെട്ട് വയസ്സാണെന്നും അക്കിത്തം, വിഷ്ണുനാരായണൻ നമ്പൂതിരി, വിനയചന്ദ്രൻ , അയ്യപ്പൻ, മുതലായ പൂർവസൂരികളെ വായിച്ചു പറയുമ്പോലെ , ഈ സമാഹാരത്തിലെ കവിതകളോരോന്നും നിറയൗവനത്തിൽ തന്നെ തുടരുന്നു.

പെൻസിൽ കൊണ്ടെഴുതുമ്പോൾ ജീവിതം കൊണ്ടെഴുതുന്നു എന്നും, എഴുതിത്തീർന്ന പെൻസിലു പോലെത്തന്നെ കവിയും എന്ന ജീവിത ദർശനത്തോടെയാണ് അറുപത്തഞ്ച് കവിതകളുടെ ഈ സമാഹാരം തുടങ്ങുന്നത്. ഓണാട്ട് കരയിൽ വിപ്ലവം പടർന്ന വള്ളിക്കുന്നത്തുകാരന്റെ കവിതകളിൽ എങ്ങനെയാണ് ചുവപ്പ് പടരാതിരിക്കുന്നത് എന്നേ അത്ഭുതപ്പെടേണ്ടതുള്ളൂ..

“കമ്യൂണിസ്റ്റായി വളർന്നവൻ
കമ്യൂണിസ്റ്റായി മരിക്കണം
കാരണം കമ്യൂണിസമെന്നാൽ നമുക്ക്
മനുഷ്യ സ്നേഹം മാത്രമാണല്ലോ? ”

എന്ന് പാടുമ്പോൾ കവി തന്റെ പൂർവ്വകാല മനുഷ്യ സ്നേഹഗായകരായ കവികളോടൊപ്പം നിൽക്കുന്നു. ‘വള്ളികുന്നത്തെ കമ്യൂണിസ്റ്റുകൾ’ എന്ന കവിത വായിക്കുമ്പോൾ
“ലൂഥറൻ സെയ്ന്റ്‘മാർട്ടിൻ നീമുള്ളറെയും കുമാരനാശാനെയും വയലാറിനെയും ഒപ്പം ഓർമ്മ വരുന്നു. ‘കാൾ ലൂയിസിന്റെ ചിരി ‘യിൽ കറ കളത്ത ഒരു കമ്യൂണിസ്റ്റ്കാരനെ നമുക്ക് വായിച്ചെടുക്കാം.

ഐറണിയും സർക്കാസവും ചേർത്തിളക്കി സമകാലീന രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതികളെ നിശിതമായി വിമർശിക്കുന്നുണ്ട് കവി. അകം കാഴ്ചകൾ എന്ന കവിതയിൽ പുറം കാഴ്ചകളുടെ നിരർത്ഥകതയെ ച്യുയിംഗമായി ചവച്ച് തുപ്പുന്നു. ഉപ്പ് ‚കമ്യൂണിസ്റ്റ് പച്ച എന്നീ കവിതകളിലും യാഥാർത്ഥ്യങ്ങൾ കരുത്തുകാട്ടുന്നു. ചില പട്ടികൾ, പ്രവചനം എന്നിവ ഐറണിയുടെ സൗന്ദര്യം വെളിവാക്കുന്നു. തീവ്രമായ മനുഷ്യ സ്നേഹം ഉള്ളിലുള്ളവനാണ് കവിയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രസംഗത്തിൽ ഒരിടത്ത് കേട്ടിട്ടുണ്ട് .‘കവിയുടെ ജാതകം ‘കുറിച്ചൊരു കവിതയിൽ ”നിസ്വനാണയാൾ ഇപ്രപഞ്ചത്തിലെ നിഗ്രഹങ്ങളിൽ നെഞ്ചു പൊട്ടുന്നവൻ.. ”

എന്ന ഒറ്റവരിയിൽ കവിയുടെ ഉള്ളിലെ തീവ്ര മനുഷ്യസ്നേഹം കൊരുത്തു വയ്ക്കുന്നു. വിഷു കൈനീട്ടം എന്ന കവിതയിൽ ദയാലുവായ ഒരു മനുഷ്യ സ്നേഹിയെ കാണാൻ കഴിയുന്നു.

നാട്ടിൻ പുറത്തിന്റെ നന്മകളിൽ വളർന്ന കവിയുടെ കവിതകളിൽ നാടും നട്ടു നന്മകളും അമ്മയും അമ്മാവനും നാടുനട്ടു വെച്ച വിപ്ലവവും വന്നു പോകുന്നു. മധ്യവേനൽ എന്ന കവിതയിൽ മധുരമൂറുന്ന പഴയ അവധിക്കാല കാഴ്ചകൾ നിറയുന്നതിനൊപ്പം, നഷ്ടപ്പെടുന്ന നാട്ടു നന്മകളിൽ കവിയുടെ ആധിയും പെരുകുന്നു. ”മിഠായി” വാത്സല്യം ചുരത്തുന്ന കണ്ണീർ മിഠായി ആയി മാറുന്നു . ” അറകൾ നാലിൽ തളക്കുവതെങ്ങനെ തിരകളാർക്കുന്ന സ്നേഹസമുദ്രത്തെ” എന്ന് അമ്മയുടെ സ്നേഹത്തെ രണ്ടു വരികളിൽ ‘ശംഖിൽ ഒരു സമുദ്രം,’ പോലെ ഒതുക്കി വെക്കുന്നു .

പ്രണയം അതിന്റെ എല്ലാ മായിക ഭാവങ്ങളോടെയും പീലി നിവർത്തുന്നു കവിയുടെ പ്രണയ ഗീതികളിൽ. ശംഖ്, ഒരു പ്രണയത്തിന്റെ ആമുഖം, വീണ എന്നീ കവിതകളിൽ പ്രണയം തുടിച്ചു നിൽക്കുമ്പോൾ ഒരേ ഒരാൾ, നീ എന്നീ കവിതകളിൽ പക്വ പ്രണയത്തിന്റെ അലകൾ ഒളിക്കുന്നു. പാരിസ്ഥിതിക സമസ്യകളും ദാർശനികമാനങ്ങളും നിറഞ്ഞ അനേക കവിതകൾ ഈ സമാഹാരത്തിലുണ്ട് . ഹിമാലയം, അന്തകം, കാലടിയും നെടുമ്പാശ്ശേരിയും, മാവു പൂക്കാത്തക്കാലം, ബുൾഡോസറുകളുടെ വഴി എന്നിങ്ങനെ എടുത്തു പറയത്തക്കവ. ഒപ്പം, കവികളുടെ എണ്ണം പെരുകുന്ന കവിതക്കാലത്ത്, ചോർന്നു പോകുന്ന കവിതയെ, അക്ഷര നന്മകളെ ഓർത്ത് വാളെടുക്കുന്ന കവിയായി ‘പെണ്ണക്ഷരത്തിൽ’ കവി ജ്വലിച്ചു നിൽക്കുന്നു .

ജീവിത പ്രണയിയായ കവി തന്റെ കാവ്യസപര്യയിൽ തൊട്ടുവയ്ക്കാത്ത അനുഭവങ്ങൾ ഒന്നുമില്ലെന്ന് തന്നെ പറയാം.
ഈണവും താളവും ഒക്കുന്ന ചൊൽകവിതകളിൽ മൃദുകാൽപനികതയുടെ പ്രപഞ്ചം തീർക്കുമ്പോഴും, പുതിയ ആഖ്യാന ശൈലിയിൽ കൂടി രാജൻ കൈലാസ് തൂലിക ചലിപ്പിക്കുന്നു. തീർച്ചയായും കവിയുടെ വാക്കുകളിൽ പറയും പോലെ ഈ കവിതാ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും ഗൗരവതരമായ ഹരിത വായന ആവശ്യപ്പെടുന്നവ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.