October 3, 2022 Monday

കവി നീലംപേരൂർ മധുസൂദനൻ നായർ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം:
January 2, 2021 10:51 pm

കവി നീലംപേരൂർ മധുസൂദനൻ നായർ(84) അന്തരിച്ചു. സ്വകാര്യആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി എട്ടോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം കുറവൻകോണം പി ആർ ലെയിൻ നീലമ്പേരൂർ ഹൗസിലായിരുന്നു താമസം.

1936 മാർച്ച് 25 ന് കുട്ടനാട്ടിൽ നീലംപേരൂരിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായാണ് ജനനം. നീലംപേരൂർ ഗവൺമെന്റ് പ്രൈമറി സ്കൂൾ, ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻഎസ് എസ്സ് കോളജ്, പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം. കുറച്ചുനാൾ അധ്യാപകനായിരുന്നതിനു ശേഷം സംസ്ഥാന വ്യവസായ‑വാണിജ്യ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റ് ആയി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1991 ൽ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിന്നു വിരമിച്ചു.

മൗസലപർവം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനിൽ നിന്നൊരാൾ, ചമത, പാഴ്‌ക്കിണർ, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കൾ, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉൾപ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൗസലപർവം എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്കാരം (1991), പാഴ്‌ക്കിണർ എന്ന കാവ്യഗ്രന്ഥത്തിനു മൂലൂർ സ്മാരക പുരസ്കാരം (1998), കിളിയും മൊഴിയും എന്ന ബാലകവിതാഗ്രന്ഥത്തിനു സംസ്ഥാന ബാലസാഹിത്യ പുരസ്കാരം (1998). ചമത എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്കാരം (2000) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ എൽ രുഗ്മിണീദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.

മധുസൂദനൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
ENGLISH SUMMARY: poet nee­lam­per­oor mad­hu­sood­han nair died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.