Tuesday
19 Mar 2019

സുകൃതം

By: Web Desk | Saturday 6 January 2018 8:01 PM IST


ചവറ കെ എസ് പിള്ള

കവി, ഭാഷാശാസ്ത്രജ്ഞന്‍, പരിഭാഷകന്‍, ഗവേഷകന്‍, ചരിത്രകാരന്‍, വ്യാഖ്യാതാവ്, അധ്യാപകന്‍, സംഘാടകന്‍, പ്രഭാഷകന്‍, വിശ്രുത പണ്ഡിതന്‍ എന്നിങ്ങനെ വിവിധ വിശേഷണങ്ങള്‍ക്ക് അര്‍ഹനെങ്കിലും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ആത്യന്തികമായി കവിയും ഭാഷാഗവേഷകനും ഭാഷാ പണ്ഡിതനുമാണ്. മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ ലബ്ധിയില്‍ അഭിമാനംകൊള്ളുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ എക്കാലവും ഓര്‍ക്കപ്പെടും. ഭാഷാ ചരിത്രത്തിന്റെയും പ്രാചീന കവിതയുടെയും ഇരുളടഞ്ഞ ഇടങ്ങളിലേക്ക് പുതുശ്ശേരിയിലെ ഭാഷാശാസ്ത്രജ്ഞന്റെ ഗവേഷണത്വര വെളിച്ചം പരത്തിയപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ എത്രഎത്ര.
പുതുശ്ശേരിയിലെ സംഘാടക വൈദഗ്ധ്യത്തിന്റെ മികവ് തെളിയിച്ച ഒന്നായിരുന്നു 1977 ല്‍ അദ്ദേഹം സംഘടിപ്പിച്ച ഒന്നാം ലോകമലയാള സമ്മേളനം. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും ഇന്നലെകളെയും ഇന്നിനേയും സുവ്യക്തമാക്കുകമാത്രമല്ല, ഭാവിയിലേക്ക് വെളിച്ചം വീശാനും സഹായിച്ച ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയത്തില്‍ ഒരു പ്രവാസി വകുപ്പുണ്ടായി. കേരള സര്‍വകലാശാല അന്താരാഷ്ട്ര പഠന കേന്ദ്രം ആരംഭിച്ചു. പഠന കേന്ദ്രത്തിലെ ഡയറക്ടര്‍ പുതുശ്ശേരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുളള നിരവധി പ്രതിനിധികള്‍ പങ്കെടുത്ത ലോക മലയാള സമ്മേളനം അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി എന്നു മാത്രമല്ല, തത്ഫലമായി 1983 ല്‍ അമേരിക്കയിലെ മലയാളികളുടെ ‘ഫൊക്കാന’ എന്ന സംഘടന രൂപീകരിക്കപ്പെട്ടു.
1971 ല്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധമായ ‘കണ്ണശ്ശ രാമായണത്തിന്റെ വിവരണാത്മക പഠനം’, ഭാഷാപഠനത്തിന് ഏറെ സഹായകമായ ‘പ്രാചീനമലയാളം’ എന്ന കൃതി, 2007 ല്‍ പ്രസിദ്ധീകരിച്ച ‘കേരള ചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍’, ‘കേരള പാണിനീയം എന്ന മലയാള വ്യാകരണവും വിമര്‍ശനങ്ങളും’ തുടങ്ങി പലകൃതികളും ഗവേഷണ വഴിയിലെ വിലപ്പെട്ട നേട്ടങ്ങളാണ്.

സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ കത്തിക്കാളി നിന്ന കാലത്താണ് വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്തുതന്നെ പ്രസംഗകലയില്‍ തന്റെ പാടവം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കാന്‍ തക്ക ശക്തിമത്തായിരുന്നു ആ പ്രഭാഷണങ്ങള്‍. മറ്റു പലരെയും പോലെ സ്വരാജ്യ സ്‌നേഹത്തിലൂന്നി ഗാന്ധിയന്‍ മനോഭാവത്തോടെ, സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രകാശത്തിലേക്ക് കടന്നുവന്ന ഒരു പുരോഗമന മനസിന്റെ ഉടമയായിരുന്നു പുതുശ്ശേരി രാമചന്ദ്രന്‍. പതിനാലാം വയസില്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുക മത്രമല്ല, വിദ്യാര്‍ഥി സംഘടനയിലൂടെ പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞിരുന്നു. കൊല്ലം ശ്രീനാരായണ കോളജില്‍ നടന്ന വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് അറസ്റ്റും പൊലീസ് മര്‍ദ്ദനവുമേല്‍ക്കേണ്ടിവന്നു. ക്രമേണ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പടിപടിയായി വള്ളിക്കുന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിലെത്തി. തോപ്പില്‍ ഭാസിയുടെയും കാമ്പിശേരിയുടെയും മറ്റും സ്‌നേഹ സൗഹൃദങ്ങളും രാഷ്ട്രീയ വ്യക്തിത്വവും സ്വമനസില്‍ നിറഞ്ഞുനിന്നു. ജന്മി-മുതലാളിത്ത ഫ്യൂഡല്‍ കാലത്തെ തന്റെ ചുറ്റുമുള്ള കര്‍ഷക-കര്‍ഷക തൊഴിലാളി സാധാരണ മനുഷ്യരുടെ അധ്വാനിക്കുന്ന നിസ്വവര്‍ഗത്തിന്റെ ധര്‍മസങ്കടങ്ങളും കണ്ണുനീരും പുതുശ്ശേരിയിലെ കവി മനസില്‍ മനുഷ്യസ്‌നേഹത്തിന്റെ തിരയിളക്കി. വിപ്ലവാവേശത്തിന്റെ കനലുകത്തി. പുതുശേരിയിലെ കവി ആവുന്നത്ര ഉച്ചത്തില്‍ പാടിത്തുടങ്ങി. ഗ്രാമീണ ഗായകന്റെ സംഗ്രാമപ്പാട്ടുകള്‍ കൂടിയായ ആ കവിതകള്‍ സമൂഹമനസില്‍ ഒഴുകിയെത്തി. കൊല്ലം ശ്രീ നാരായണ കോളജിലെ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നപ്പോള്‍ ആ മര്‍ദ്ദനത്തിന്റെ മാനസികാഘാതത്തില്‍ പുതുശ്ശേരി ഇങ്ങനെ പാടി:

ആ മര്‍ദ്ദനത്തിന്റെയാദ്യത്തെ വാര്‍ഷിക-
മാണിന്നുയരുക രക്തനക്ഷത്രമേ!
നീയെന്റെ കൈത്തിരിയാ,ണെന്റെ ജീവിത-
യാനം നിയന്ത്രിച്ച കൈചൂണ്ടിയാണു നീ
തൂകി വെളിച്ചമെന്‍ ജീവിതപ്പാതയി-
ലാകെ വെളിച്ചം വിതയ്ക്കും വെളിച്ചമേ!
നിന്നെ മാനിക്കുവാനില്ലെങ്കി, ലില്ലെങ്കി-
ലില്ലെനിക്കൊട്ടും കവിതയും ഗാനവും
ആവുന്നിടത്തോളമുച്ചത്തിലുത്തച്ചത്തി-
ലാ വെളിച്ചത്തിന്‍ കവിത പാടട്ടെ ഞാന്‍
സ്വര്‍ഗലോകത്തിന്‍ പണിത്തിരക്കില്‍പ്പെട്ടു
വര്‍ഗബോധം കെട്ടു ഞങ്ങള്‍ സുരാസുര
യുദ്ധതന്ത്രം പയറ്റുന്നു
സ്‌നേഹനദിവറ്റിക്കരിഞ്ഞൊരീണങ്ങളില്‍
മോഹനദി കത്തിയെരിയുന്നു.
ഞങ്ങളൊരു മരുഭൂമിയായി വളരുന്നു
ഞങ്ങളൊരു ചുടുകാടുപോലെയെരിയുന്നു.”

വര്‍ത്തമാനകാല മനുഷ്യന്റെ ആത്മസ്പന്ദനമാണിത്. നവയുഗപ്പിറവിക്ക് ദാഹിക്കുന്ന ഒരു കവിയുടെ അന്തര്‍ദാഹമാണ് നമ്മില്‍ പകരുന്നത്.
ശക്തിയെ ഉപാസിക്കുന്ന കവിയെന്നാണ് പുതുശ്ശേരിയെ നിരൂപകര്‍ വിശേഷിക്കുന്നത്. സര്‍ഗശക്തിയുടെ പൂജാരിയാണദ്ദേഹം. ‘നിന്ദിതരുടേയും പീഡിതരുടേയും കൂടെ നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ആവിഷ്‌കാരം നല്‍കുമ്പോഴും സഞ്ചിത സംസ്‌കാരത്തെ ദേശകാലാതീതമായ മൗലിക ഭാവങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും ശക്തിയുടെ പ്രകാശം കാവ്യകല്‍പനയുടെ സിരകളിലൂടെ ഒഴുകുക എന്ന ഒന്നാം ധര്‍മത്തില്‍ മാറ്റമില്ല’- എന്നതാണ് പുതുശ്ശേരിയുടെ കവിതയുടെ മികവെന്ന് ഡോ. എം ലീലാവതി രേഖപ്പെടുത്തുന്നു. ‘കവിത അതിന്റെ വ്യക്തിപരതയുടെ അനുഭവതലങ്ങള്‍ വിട്ട് സാമൂഹികമായ സര്‍ഗശക്തിയുടെ പ്രകാശ വിളംബരമായിത്തീരുന്ന അഭിജാത ഗൗരവമാര്‍ന്ന കവിതകളെന്ന് ബി രാജീവന്‍ വിശേഷിപ്പിക്കുന്നതും ശ്രദ്ധേയമാണ്.’
ഗ്രാമീണഗായകന്‍, ശക്തിപൂജ, അകലുംതോറും പുതിയ കൊല്ലനും പുതിയൊരാലയും, ആവുന്നത്ര ഉച്ചത്തില്‍, അഗ്നയേ സ്വാഹാ, എന്റെ സ്വാതന്ത്ര്യസമരകവിതകള്‍, ഉത്സവബലി, ഈ വീട്ടിലാരുമില്ലേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പുതുശ്ശേരിയുടെ മുഴുവന്‍ കവിതകളുടേയും സമാഹാരമാണ് ‘പുതുശ്ശേരിക്കവിതകള്‍’.

പുതുശ്ശേരിക്കവിതകളെപ്പറ്റി പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു; ”സമൂഹചേതന തൊട്ടുണര്‍ത്തിയ 1940 കളിലെ വിപ്ലവപ്പാതയിലൂടെയായിരുന്നു പുതുശ്ശേരിയുടെ യാത്ര. ദേശീയതയും സ്വാതന്ത്ര്യബോധവും ഉള്‍ച്ചേര്‍ന്ന ചോരപ്പാട്ടുകളുടെ കവിതകളാണ് ‘എന്റെ സ്വാതന്ത്ര്യസമര കവിതകള്‍.’ വിപ്ലവോജ്ജ്വലമായ ഒരു ധീര ദേശാഭിമാനിയുടെ ബഹുതലസ്പര്‍ശിയായ അന്തഃചോദനകള്‍ ഈ കവിതകളില്‍ അനാവരണം ചെയ്യുന്നു.” എരുമേലി തുടരുന്നു: ‘സ്വന്തം തട്ടകത്തില്‍ ഇരിപ്പുറയ്ക്കും മുമ്പ് പുതുശ്ശേരി അക്കാദമികതലത്തില്‍ ഇരിപ്പിടം കണ്ടെത്തി.’ ശരിയാണ്. യൂണിവേഴ്‌സിറ്റി പ്രൊഫസറായി. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് സിന്‍ഡിക്കേറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ (കേരളാ യൂണിവേഴ്‌സിറ്റി, മധുര കാമരാജ് യൂണിവേഴ്‌സിറ്റി) കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തുടങ്ങി പട്ടിക നീണ്ടുപോകുന്ന എത്രയോ രംഗങ്ങളിലാണ് തന്റെ കര്‍മ മണ്ഡലം വ്യാപിച്ചുകിടക്കുന്നത്. ഇവയൊക്കെത്തന്നെ അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വത്തിന് മകുടം ചാര്‍ത്തുന്നുണ്ടെങ്കിലും മലയാള കവിതക്കും കവിതാ സ്‌നേഹികള്‍ക്കും തെല്ല് നിരാശയുണ്ടെന്നുള്ളത് പറയാതെവയ്യ. ചലച്ചിത്രഗാന രചനാ രംഗത്തേക്ക് വയലാര്‍ രാമവര്‍മ തന്റെ തട്ടകം മാറ്റിയതുമൂലം മലയാള കവിതയ്ക്ക് വന്ന നഷ്ടം പോലെ അക്കാദമിക് തലങ്ങളിലേക്ക് തീര്‍ഘകാലം നീങ്ങിയപ്പോല്‍ പുതുശ്ശേരിക്കവിതകളും നമുക്ക് വേണ്ടത്ര ലഭിക്കാതെപോയി. കൂട്ടത്തില്‍, ആഫ്രിക്കന്‍-റഷ്യന്‍ കവിതകള്‍, അന്നാ അഹ്മത്തോവയുടെ കവിതകള്‍, കുലശേഖര ആഴ്‌വാരുടെ പെരുമാള്‍ തിരുമൊഴി തുടങ്ങിയ വിവര്‍ത്തനകൃതികള്‍ ശ്രദ്ധേയങ്ങളാണ്.
യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കാതെ വസ്തുതകളെ വസ്തുതകളായി കാണുകയും പ്രതികരിക്കുകയും ചെയ്യുക പുതുശ്ശേരിയുടെ പ്രത്യേകതയായിരുന്നു. അതുകൊണ്ടാണ് ഒരു പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തില്‍,
‘ഇടിവെട്ടുവാന്‍ വീണ്ടും വെള്ളിടി വെട്ടാനെങ്കില്‍
ഇടവപ്പാതിക്കാറേ നീയുമെന്തിനായ് വന്നു’ എന്ന് ചോദിച്ചത്.
കമ്യൂണിസ്റ്റ് ദര്‍ശനചക്രവാളത്തില്‍ കുങ്കുമപ്രഭാത പിറവിക്ക് സ്വപ്നം കണ്ടവരുടെ ചങ്കു തകര്‍ത്ത 1964 ലെ രാഷ്ട്രീയ ദുരന്തം പുതുശ്ശേരിയിലെ കമ്യൂണിസ്റ്റ്കാരനേയും നൊമ്പരപ്പെടുത്തി. പതിനാലാം വയസു മുതല്‍ ആവുന്നത്ര ഉച്ചത്തില്‍ പാടിത്തുടങ്ങിയ ഗ്രാമീണ ഗായകന്റെ മനസും ചിന്തയും ഇന്നും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല.
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2015 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നാല്‍പതില്‍പരം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ഒരപൂര്‍ണത മലയാളം തിരിച്ചറിയുന്നു. ഒരേ വഴിയില്‍ സഞ്ചരിച്ചവരും ഒരേ സ്വപ്നം കണ്ടിരുന്നവരുമായ വയലാറിന്റെയും പുതുശ്ശേരിയുടെയും ആത്മബന്ധം സുദൃഢമായിരുന്നു. ആത്മമിത്രത്തിന്റെ പേരിലുള്ള പുരസ്‌കാരം പുതുശ്ശേരിക്ക് ലഭിച്ചില്ല. വയലാര്‍ ദുഃഖിക്കുന്നുണ്ടാവും.
സെപ്തംബര്‍ 23ന് നവതിയിലേക്ക് പ്രവേശിച്ച മഹാഗുരുനാഥനായ ശ്രേഷ്ഠകവി ഇപ്പോള്‍ മാധവഗീതയുടെ സാദൃശ്യമുള്ള തമിഴിലെ ‘പട്ടന്നൂര്‍ ഗീത’യെ പ്പറ്റിയുള്ള പഠനത്തില്‍ മുഴുകിയിരിക്കുന്നു. കാവ്യ സംസ്‌കൃതിയുടെ ഈ നിലയ്ക്കാ പ്രവാഹത്തില്‍ നമുക്ക് തീര്‍ഥസ്‌നാനം ചെയ്യാം.