വിപണിയില്‍ വീണ്ടും മായം കലര്‍ന്ന മത്സ്യം

Web Desk
Posted on April 26, 2019, 10:38 pm

ഡാലിയ ജേക്കബ്ബ്

ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിപണിയില്‍ വീണ്ടും മായം കലര്‍ത്തിയ മത്സ്യം ഇടംപിടിക്കുന്നു. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മായം കലര്‍ന്ന മത്സ്യം വിപണിയില്‍ സജീവമാകുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേയ്ക്ക് മായം കലര്‍ന്ന മത്സ്യം വീണ്ടും എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമോണിയം കലര്‍ന്ന മത്സ്യങ്ങള്‍ കണ്ടെത്തിയതായി വിവരം ഉണ്ട്. കോഴിക്കോടും പത്തനം തിട്ടയിലും ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ മത്സ്യത്തില്‍ മായം കലര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷനും ചേര്‍ന്ന് പരിശോധന നടത്തി. കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവിടങ്ങളിലെ മീന്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു. വിദഗ്ദ്ധ പരിശോധനക്കായി ശേഖരിച്ച സാമ്പിളുകള്‍ റീജണല്‍ ലബോറട്ടറിയിലേക്ക് അയച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28,000 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്. അമോണിയ ഫോര്‍മാലിന്‍ മരുന്നു തളിച്ചു കഴിഞ്ഞാല്‍ മത്സ്യം ഒരാഴ്ചവരെ കേടു കൂടാതെ സൂക്ഷിക്കാനാകും. ദിവസേന മിച്ചം വരുന്ന മത്സ്യങ്ങളെ പരമാവധി ദിവസം വില്‍ക്കാനുള്ള ശ്രമത്തിലാണ് പല കച്ചവടക്കാരും. വലിയതരം മത്സ്യങ്ങളിലാണ് കൂടുതലായും മരുന്ന് ഉപയോഗിക്കുന്നത്. മുറിച്ചു വില്‍ക്കുന്ന വലിയ മത്സ്യങ്ങളില്‍ ശേഷിക്കുന്ന കഷണങ്ങളില്‍ മരുന്ന് തളിച്ച ശേഷം ഫ്രീസറില്‍ സൂക്ഷിക്കുകയാണ്.
വിഷു, ഈസ്റ്റര്‍ സമയങ്ങളില്‍ മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചില ഉപഭോക്താക്കള്‍ സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ട കോന്നിയിലെ വീട്ടമ്മ വാങ്ങിയ കേര മത്സ്യം പുഴുവരിച്ച നിലയിലായിരുന്നു. മത്തി, കിളിമീന്‍, ചൂര, നെയ്മീന്‍ എന്നീ മത്സ്യങ്ങളിലാണ് കൂടുതലായും മരുന്നു തളിക്കുന്നത്. ഈ മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. ഫ്രഷ് മത്സ്യങ്ങള്‍ എന്ന പേരോടെ വില്‍ക്കുന്ന മത്സ്യങ്ങളിലെ വിഷാംശം വാങ്ങുന്നവരും തിരിച്ചറിയാതെ പോകുകയാണ്. ഇത്തരം മത്സ്യങ്ങള്‍ കറിവെച്ചാല്‍ രുചിക്കുറവുണ്ടാകുമെന്നും വീട്ടമ്മമാര്‍ പറയുന്നു. മരുന്നടിച്ച മത്സ്യങ്ങള്‍ കണ്ടാല്‍ ഫ്രഷ് എന്നു തോന്നുമെങ്കിലും വലിയ ദുര്‍ഗന്ധവും കണ്ണുകള്‍ക്ക് നീല നിറവുമായിരിക്കും. ഇത്തരം മത്സ്യങ്ങള്‍ കഴുകുമ്പോള്‍ മാംസം തന്നെ അടര്‍ന്ന് വീഴുമെന്നും മുറിക്കുമ്പോള്‍ ഉള്ളില്‍ നീല നിറം കാണാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.