കൊച്ചി: മൂർഖൻ പാമ്പിന്റെ വിഷ ചികിത്സയിൽ പുതിയ ആന്റിവെനങ്ങൾക്ക് വഴിതുറന്നു കൊണ്ട് സർപ്പ വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂർത്തിയായി. അഗ്രിജീനോം ലാബ്സ് ഇന്ത്യ, സൈജിനോം റിസർച്ച് ഫൗണ്ടേഷൻ (എസ്. ജി. ആർ. എഫ്) എന്നിവയുടെ ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.പാമ്പു കടിക്ക് മരുന്നായി ജനിതകസാങ്കേതികവിദ്യകളുടെ സഹായത്തോടെ വികസിപ്പിക്കുന്നസിന്തറ്റിക് ആന്റിബോഡികൾ വികസിപ്പിക്കാനുള്ളവഴിയാണ് ഇത് മൂലം തുറന്നു കിട്ടിയിരിക്കുന്നത് നേച്ചർ ജനിറ്റിക്സിന്റെ 2020 ജനുവരി ലക്കത്തിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാമ്പുകളുടെവിഷത്തിന് സാധാരണ വിഷവുമായി താരതമ്യം സാധ്യമല്ല. ജീനുകൾ എൻകോഡുചെയ്ത പ്രോട്ടീനുകളുടെ സങ്കീർണ്ണമായ മിശ്രിതമാണിത്, ജനിതക പoനത്തിന് നേതൃത്വം നൽകിയഎസ്. ജി. ആർ. എഫ് പ്രസിഡന്റ ഡോ. ശേഖർ ശേഷഗിരി പറഞ്ഞു. വിഷ ഗ്രന്ഥികളിൽ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു വേർതിരിച്ചെടുത്തു കഴിഞ്ഞു. ഇതു വഴി പാമ്പിന്റെ വിഷവസ്തുക്കളും അവയെ എൻകോഡുചെയ്യുന്ന ജീനുകളും തമ്മിലുള്ള ബന്ധം ഇതാദ്യമായി സ്ഥാപിക്കപ്പെട്ടു.
‘സിന്തറ്റിക് ഹ്യൂമൻ ആന്റിബോഡികൾ ഉപയോഗിച്ച് ഈ 19 നിർദ്ദിഷ്ട വിഷവസ്തുക്കളെ ടാർഗെറ്റുചെയ്യുന്നത് വഴി സുരക്ഷിതവും ഫലപ്രദവുമായ ആന്റിവെനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഏറ്റവും ഫലപ്രദമായ ആന്റിവെനമായി പ്രവർത്തിക്കുന്ന ആന്റിബോഡികൾ മനുഷ്യ ആന്റിബോഡികളുടെ വിശാലമായ ലൈബ്രറികളിൽ നിന്ന് 2018 — ൽ നൊബേൽ സമ്മാനം ലഭിച്ച ഫേജ് ഡിസ്പ്ലേ സാങ്കേതിക വിദ്യ വഴി സ്ക്രീൻ ചെയ്യാൻ സാധിക്കും. ഡോ. ശേഖർ ശേഷഗിരി പറഞ്ഞു. പാമ്പിൽ നിന്ന് ശേഖരിച്ച വിഷം ഉപയോഗിച്ച് കുതിരകളിൽ ആന്റിബോഡി വികസിപ്പിച്ച്, അത് ശുദ്ധീകരിച്ചാണ് നിലവിൽ ആന്റിവെനം നിർമ്മിക്കുന്നത്. ഇത് 1895 ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആൽബർട്ട് കാൽമെറ്റ് വികസിപ്പിച്ചെടുത്ത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാസ്ത്രലോകം ഈ രീതിയിൽ നിന്ന് ഇതുവരെ അധികം മുന്നോട്ട് പോയിരുന്നില്ല. ഈ മരുന്നുകൾക്ക് ഫലപ്രാപ്തി കുറവും പാർശ്വഫലങ്ങൾ കൂടുതലുമാണ്.
ആഗോളതലത്തിൽ ഓരോ വർഷവും പാമ്പുകടിയേറ്റുള്ള മരണം ഒരു ലക്ഷത്തിലധികമാണ്. 400, 000 ത്തിലധികം വിഷബാധയേറ്റ ആളുകൾ സ്ഥിരമായ വൈകല്യങ്ങൾ അനുഭവിക്കുന്നു. പ്രതിവർഷം ഇന്ത്യയിൽ മാത്രം 2.8 ദശലക്ഷം പാമ്പുകടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. 50, 000 ത്തോളം മരണങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന രീതിയെ പൂർണ്ണമായും മാറ്റുന്നതാണ് പുതിയ ശാസ്ത്ര നേട്ടമെന്ന് അഗ്രിജീനോം ലാബ്സ്ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ജോർജ്ജ് തോമസ് പറഞ്ഞു.
ജനിതക പഠനം വഴി വളരെ ഉയർന്ന നിലവാരമുള്ള റഫറൻസ് ജീനോം ലഭ്യമായിട്ടുണ്ട്, ഇത് ഇന്ത്യൻ കോബ്രയിലെ ജനിതക വൈവിധ്യത്തെ വിലയിരുത്തുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്ന്ഡോ. ജോർജ്ജ് തോമസ് പറഞ്ഞു. ഇന്ത്യൻ കോബ്ര പഠനത്തിൽ ഉപയോഗിച്ച ജീൻ വ്യാഖ്യാനം കൊച്ചിയിലെ അഗ്രിജീനോം ടീമാണ് ചെയ്തത്. ലോകോത്തര ബയോ ഇൻഫോർമാറ്റിക്സ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നെക്സ്റ്റ് ജനറേഷൻ സീക്വൻസിംഗ് ഡാറ്റ നിർമ്മിക്കുകയും ജീനോമുകൾ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ലാബാണ് കൊച്ചിയിലുള്ളത്.
ജീനോമിക്സ്, റീകോമ്പിനന്റ് പ്രോട്ടീൻ എക്സ്പ്രഷൻ, സിന്തറ്റിക് ആന്റിബോഡി വികസന ടെക്നോളജികൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ആന്റിവെനം വികസനം അടിമുടി നവീകരിക്കേണ്ട് സമയമാണിത്. ഇതാദ്യമായി, ഇന്ത്യൻ കോബ്രയിലെ പ്രസക്തമായ വിഷവസ്തുക്കളുടെ ഒരു മുഴുവൻ ലിസ്റ്റ് നമുക്ക് ഏവർക്കും ലഭിച്ചിരിക്കുകയാണ് ’ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (എൻയുഎസ്) പ്രൊഫസറും പാമ്പു വിഷ വിദഗ്ദ്ധനും, പഠനത്തിൽ പങ്കാളിയുമായ ഡോ. ആർ. മഞ്ജുനാഥകിനി പറഞ്ഞു.
ഇന്ത്യയിലെ നാല് വമ്പൻ (‘ബിഗ് ഫോർ’) വിഷ പാമ്പുകളുടെയും മാരകമായ ആഫ്രിക്കൻ പാമ്പുകളായ ബ്ലാക്ക് മാമ്പ, കാർപെറ്റ് വൈപ്പർ, സ്പിറ്റിംഗ് കോബ്ര എന്നിവയുടെജീനോമുകളും വിഷം ഗ്രന്ഥി ജീനുകളും ലഭ്യമാക്കുന്ന പരീക്ഷണങ്ങളാണ്അടുത്ത ഘട്ടം. ഇന്ത്യ, അയൽരാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലെ പാമ്പുകടിയേറ്റവർക്ക് സുരക്ഷിതവും സാർവത്രികവുമായ ആന്റി വെനം വികസിപ്പിക്കുന്നതിന് ഇത് സാഹചര്യമൊരുക്കും ‘ഡോ. കിനി പറഞ്ഞു. ഇന്ത്യൻ കോബ്ര ജീനോം സീക്വൻസിങ്ങിന്റെ ഭാഗമായി അത്യാധുനിക സീക്വൻസിംഗ് സാങ്കേതികവിദ്യകളും, ഒപ്റ്റിക്കൽ മാപ്പിംഗ് സാങ്കേതികവിദ്യയും, നിരവധി ബയോ ഇൻഫോർമാറ്റിക്സ് ാേഫ്റ്റ്വെയറുകളും സംയോജിപ്പിച്ച് ജനിതക വിവരങ്ങൾ ശേഖരിക്കാനും തരം തിരിക്കാനും കഴിഞ്ഞതായി അഗ്രിജെനോം ലാബിലെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. വി. ബി. റെഡ്ഡി പറഞ്ഞു. മറ്റ് വിഷപാമ്പുകളുടെ ജനിതക പoനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ ഇന്ത്യയിലെ നിരവധി കാർഷിക വിളകൾ, ഔഷദ സസ്യങ്ങൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ എന്നിവയുടെ ജീനോം പoനങ്ങളും പൂർത്തിയായി വരുന്നു, ഡോ. റെഡ്ഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.