മരിക്കും മുമ്പ് എനിക്ക് പാകിസ്ഥാൻ കാണണം: ഋഷി കപൂർ

Web Desk
Posted on November 12, 2017, 4:49 pm

മുംബൈ:ഇന്ത്യയും പാകിസ്ഥാനും എത്ര യുദ്ധം പയറ്റിയാലും ‘പാക് അധീന കാശ്മീർ’ പാകിസ്താന്റേതായി തുടരുമെന്ന നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയുടെ അഭിപ്രായത്തോട് യോജിച്ചു പ്രമുഖ നടൻ ഋഷി കപൂർ.ചൈന, പാകിസ്ഥാൻ, ഇന്ത്യ എന്നീ മൂന്നു അണ്വായുധ ശക്തികളുടെ നടുക്കായതിനാൽ സ്വതന്ത്ര കാശ്മീർ എന്ന ആശയം അസംഭവ്യമാണെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു.

സ്വതന്ത്ര കാശ്മീർ യാഥാർഥ്യ ബോധത്തോടെയുള്ള അഭിപ്രായമല്ലെന്ന പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്രകടനം നടത്തിയത്.
ഇതിനോട് ഋഷി കപൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു:

“ഫാറൂഖ് അബ്ദുല്ല ജി, സലാം. അങ്ങയോട് പൂർണമായും യോജിക്കുന്നു. കാശ്മീർ നമ്മുടേതാണ്. പാക് അധീന കാശ്മീർ അവരുടെതാണ്. ഇതല്ലാതെ അത് പരിഹരിക്കാൻ വേറെ വഴിയില്ല.
ഇത് അംഗീകരിക്കുക. എനിക്ക് 65 വയസ്സായി. മരിക്കും മുമ്പ് എനിക്ക് പാകിസ്ഥാൻ കാണണം. എന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ വേരുകൾ കാണണം. ബസ് കർവ ദിജിയെ (അങ്ങനെ സംഭവിക്കാൻ അനുവദിക്കൂ) ജയ് മാതാ ദി!

പെഷവാറിൽ കപൂർ കുടുംബത്തിന് വീടുണ്ട്. ദിവാൻ ബശേശ്വർനാഥ് കപൂർ 1918 നും 1922 നുമിടയിൽ പണിതതാണത്. ഫിലിം വ്യവസായത്തിലേക്ക് ഈ കുടുംബത്തിൽ നിന്നും ആദ്യമെത്തിയ പൃഥ്വിരാജ് കപൂറിന്റെ അച്ഛനാണദ്ദേഹം.