നിലയ്ക്കലില്‍ സമരം ഒഴിപ്പിച്ചു;സമരപ്പന്തല്‍ പൊലീസ് പൊളിച്ചു

Web Desk
Posted on October 17, 2018, 8:12 am

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചു. സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശ്കതമായതോടെയാണ് എഡിജിപി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം പന്തല്‍ പൊളിച്ചു നീക്കിയത്.

ശബരിമലയിലേക്ക് ആര്‍ക്കുംപോകാമെന്നും തീര്‍ത്ഥാടകരുടെ നേരേ ഒരു സംഘര്‍ഷവും ഉണ്ടാകില്ലെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് വന്ന വാഹനങ്ങള്‍ പന്തലില്‍ ഉണ്ടായിരുന്ന സമരക്കാര്‍ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു. തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിനു പിന്നാലെ പന്തല്‍ പൊളിച്ചുനീക്കുകയായിരുന്നു. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വന്‍തോതില്‍ പോലീസിനെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ  ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.  തമിഴ്‌നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന ശ്രമം മുന്നില്‍കണ്ട് രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. അതേസമയം കെഎസ്‌ആര്‍ടിസി ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം സന്നിധാനത്ത് രാവിലെ അവലോകന യോഗം ചേരുന്നുണ്ട്. ദേവസ്വം മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വനിതാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. ഈ സാഹചര്യത്തില്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായി പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതുകൂടി മുന്നില്‍ക്കണ്ടാണ് രാവിലെ തന്നെ പോലീസ് ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.