ജനാധിപത്യത്തിനു നിരക്കാത്ത പട്ടാളവും പൊലീസും

police
ആധുനിക ജനാധിപത്യത്തിന് ഒരു തരത്തിലും യോജിക്കാത്ത രീതിയാണിപ്പോഴും പട്ടാളവും പൊലീസും പിന്തുടരുന്നത്. ഐപിഎസ് കാഡറിലുള്ള ഉദ്യോഗസ്ഥര്‍ തൊട്ട് എസ്ഐ വരെയുള്ള പൊലീസ് ഓഫീസര്‍മാര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്കായി ഉപയോഗിച്ചുവരുന്നു എന്നുള്ളത് രഹസ്യമൊന്നുമല്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്ലാത്ത, അറിഞ്ഞുകൊണ്ടുതന്നെ മൗനാനുവാദം നല്കുന്ന കീഴ്വഴക്കമാണിപ്പോഴും. വിദ്യാഭ്യാസവും വിവരവും ജനാധിപത്യ ബോധവുമുള്ള പുതിയ തലമുറ പൊലീസുകാര്‍ക്കുപോലും പ്രതിഷേധിക്കാനാവാത്ത ഭീകരാന്തരീക്ഷമാണ് പൊലീസ്- സേനസംവിധാനത്തില്. പൊലീസ് സേനയിലെ ദാസ്യപ്പണിയെ സംബന്ധിച്ച് ഈയിടെ വന്ന ഞെട്ടിപ്പിക്കുന്ന ആക്ഷേപങ്ങള്‍ ഒരു പൊട്ടിത്തെറിക്കുമുമ്പുള്ള സാമ്പിളാണ്. അതെത്രത്തോളം പടര്‍ന്നു പിടിക്കുമെന്നു പറയാനാവില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തിലെടുക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്.
പൊലീസും പട്ടാളവും പരമ്പരാഗതമായി തന്നെ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. സര്‍ക്കാരുകള്‍ മാറുമ്പോഴും അതു തുടര്‍ന്നു കൊണ്ടിരിക്കും. സര്‍ക്കാരിനെ സേവിക്കുകയാണ് പൊലീസ്-സേനവിഭാഗങ്ങള്‍ ചെയ്യുന്നത്. ജനസേവനമല്ല മുഖ്യം. ഭരിക്കുന്ന കക്ഷിയെസേവിക്കലാണ്. ഒരുവശത്ത് സിവില്‍ സര്‍വീസിന്റെ സുതാര്യതയെപ്പറ്റി വാതോരാതെ സംസാരിക്കുക, മറുവശത്ത് പൊലീസും പട്ടാളവും ഇപ്പോഴും ഭീതിയുടെ പര്യായമായി തുടരുക! പൊലീസ് സേനാംഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് അച്ചടക്കലംഘമായും രാജ്യത്തിന്റെ ദേശത്തിന്റെ, ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായും വ്യാഖ്യാനിക്കുക. അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും അല്പമെങ്കിലും അനുവദിച്ച കേരളത്തിലെ കാഴ്ചയാണ് നാമീയിടെ കണ്ടത്. മറ്റ് സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ സ്ഥിതി എത്രയോ ഭീകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും അധോലോക സംഘങ്ങളുടെയും കൂട്ടിക്കൊടുപ്പുകാരായി പൊലീസ്-സേന തരംതാഴുന്ന കാഴ്ച! പട്ടാളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍ അതീവഗുരുതരമാണ്. പട്ടാളക്കാര്‍ സ്റ്റേറ്റിന്റെ അടിമകളാണ്. വിരമിച്ച ഒരു സാധാരണ പട്ടാളക്കാരനുപോലും അവിടെ നടക്കുന്ന നെറികേടുകള്‍ തുറന്നു പറയാന്‍ ഭയമാണ്. ഭയപ്പെടുത്തി രാജ്യം ഭരിക്കുന്ന ഒരു സൈനിക-പൊലീസ് സംവിധാനം ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു ചേര്‍ന്നതല്ല. കവിപാടിയ പോലെ, ”സഹനത്തിന്റെ വന്‍കരകളില്‍ ക്രോധം മുക്രയിടുന്നു/കുരിശും കോടാലിയുമായി കൊല ചെയ്യപ്പെട്ടവര്‍ എഴുന്നേല്ക്കുന്നു….” കരുതിയിരിക്കുക. ജനാധിപത്യബോധമുള്ള പൊലീസ്-സേനാംഗങ്ങളെ മുറിവേല്‍പ്പിക്കാനല്ല ഇത്രയുമെഴുതിയത്.
കെ നാരായണന്‍കുട്ടി
വാടാനകുറുശ്ശി